കാസര്‍ഗോഡ്: നിര്‍മാണം പൂര്‍ത്തിയാക്കി നാട്ടുകാര്‍ക്കായി തുറന്നു കൊടുത്ത ബസ് കാത്തിരിപ്പു കേന്ദ്രം തകര്‍ത്ത നിലയില്‍. കാസര്‍കോട് ഇടയിലെക്കാട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നിര്‍മിച്ച ബസ് കാത്തിരിപ്പ് കേന്ദ്രമാണ് ഞായറാഴ്ച പുലര്‍ച്ചെ അജ്ഞാതര്‍ തകര്‍ത്തത്. ഇരുമ്പ് പൈപ്പുകളും ഷീറ്റുകളും കൊണ്ട് നിര്‍മിച്ച കാത്തിരിപ്പു കേന്ദ്രത്തിന്റെ ഷീറ്റുകള്‍ മുഴുവന്‍ തകര്‍ത്തെറിഞ്ഞിട്ടുണ്ട്.
ഒരാഴ്ച മുമ്പാണ് ഇടയിലക്കാട് നാഗം ജംഗ്ഷനില്‍ പാവൂര്‍ വീട്ടില്‍ കുഞ്ഞിരാമന്റെ സ്മരണയ്ക്കായി കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള പ്രിയദര്‍ശിനി സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകര്‍ അരലക്ഷത്തോളം ചെലവില്‍ ബസ് കാത്തിരിപ്പു കേന്ദ്രം പൂര്‍ത്തിയാക്കിയത്.
ഒരാഴ്ച മുമ്പ് രണ്ടു ബസ് കാത്തിരിപ്പു കേന്ദ്രങ്ങളാണ് വലിയപറമ്പ് പഞ്ചായത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തത്. ഇവിടെ ബസ് കാത്തിരിപ്പു കേന്ദ്രം സ്ഥാപിക്കുന്നതിനായി പ്രിയദര്‍ശിനി സാംസ്‌കാരിക കേന്ദ്രം വലിയപറമ്പ് ഗ്രാമപഞ്ചായത്തിന് അപേക്ഷ നല്‍കിയിരുന്നു. എന്നാല്‍, സി.പി.എം ഭരിക്കുന്ന പഞ്ചായത്ത് അധികൃതര്‍ അപേക്ഷ നിരസിച്ചു. പിന്നീട് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വിവരാവകാശ അപേക്ഷ നല്‍കിയതോടെ പഞ്ചായത്തിലെ എല്ലാ കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്കും അനുമതി നല്‍കിയിട്ടില്ലെന്ന് വ്യക്തമായി. ഇതോടെയാണ് ഗോപാല ക്ഷേത്രത്തിന് സമീപവും നാഗം ജംഗ്ഷനിലും കാത്തിരിപ്പ് കേന്ദ്രം പണിതത്.
തുടര്‍ന്ന് കാത്തിരിപ്പു കേന്ദ്രങ്ങള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ സ്റ്റോപ്പ് മെമ്മോ നല്‍കി. കോണ്‍ഗ്രസും പ്രിയദര്‍ശിനി സാംസ്‌കാരിക കേന്ദ്രം പ്രവര്‍ത്തകരും വ്യക്തമായ മറുപടി നല്‍കിയ ശേഷമാണ് കഴിഞ്ഞ ഞായറാഴ്ച രണ്ട് കാത്തിരിപ്പു കേന്ദ്രവും നാട്ടുകാര്‍ക്കായി തുറന്നുകൊടുത്തത്. കാത്തിരിപ്പു കേന്ദ്രം തകര്‍ത്ത അക്രമികളെ കണ്ടെത്തണമെന്ന് ആവശ്യപ്പെട്ട് പ്രിയദര്‍ശിനി സാംസ്‌കാരിക കേന്ദ്രവും കോണ്‍ഗ്രസും ചന്തേര പോലീസില്‍ പരാതി നല്‍കി.