മുംബൈ: ഭര്‍ത്താവിനെ വിഷം കൊടുത്ത് കൊലപ്പെടുത്തിയ കേസില്‍ ഭാര്യയേയും കാമുകനേയും പോലീസ് അറസ്റ്റ് ചെയ്തു. മുംബൈ സാന്താക്രൂസ് വെസ്റ്റില്‍ താമസിച്ചിരുന്ന കമല്‍കാന്ത് ഷാ (45) ആണ് രണ്ടര മാസം മുമ്പ് കൊല്ലപ്പെട്ടത്. ഭാര്യ കാജല്‍ ഷാ(45), കാമുകന്‍ ഹിതേഷ് ജയിന്‍ (45) എന്നിവരാണ് പിടിയിലായത്.
കമല്‍കാന്തിനെ ചികിത്സിച്ച ബോംബെ ആശുപത്രിയിലെ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ശരീരത്തില്‍ വിഷാംശം കണ്ടെത്തിയതായി പരാമര്‍ശമുണ്ടായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് ഭാര്യയിലേക്കും കാമുകനിലേക്കും എത്തിയത്. ശാസ്ത്രീയ-സാങ്കേതിക തെളിവുകളുടെ അടിസ്ഥാനത്തില്‍ വെള്ളിയാഴ്ചയാണ് കാജലിനേയും ഹിതേഷിനേയും കൊലപാതക കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്.
വസ്ത്ര വ്യാപാരിയായിരുന്ന കമല്‍കാന്ത് ഷാ 2002-ലാണ് കാജലിനെ വിവാഹം കഴിക്കുന്നത്. ഇവര്‍ക്ക് 20, 17 വയസുള്ള രണ്ടു മക്കളുണ്ട്. സഹപാഠികളായിരുന്ന കാജലും ഹിതേഷും തമ്മില്‍ ദീര്‍ഘനാളുകളായി ബന്ധമുണ്ടായിരുന്നെന്ന് ക്രൈംബ്രാഞ്ച് പറഞ്ഞു. ഇതേച്ചൊല്ലി കാജലും ഭര്‍ത്താവും തമ്മില്‍ നിരന്തരം വഴക്കുണ്ടാകാറുണ്ടായിരുന്നു. കമല്‍കാന്തിനെ ഒഴിവാക്കി ഹിതേഷിനെ വിവാഹം കഴിക്കാനും ഭര്‍ത്താവിന്‍െ്‌റ സ്വത്തുക്കള്‍ സ്വന്തമാക്കാനുമായിരുന്നു ഇരുവരുടെയും പദ്ധതി.
ജൂണില്‍ കമല്‍കാന്തിന്‍െ്‌റ അമ്മ മരിച്ചു. ഇതിന് ശേഷമാണ് ഭര്‍ത്താവിനെ കൊല്ലാന്‍ കാജല്‍ പദ്ധതിയിട്ടത്. അന്നു മുതല്‍ ഷായുടെ ഭക്ഷണത്തില്‍ കാജല്‍ വിഷം കലര്‍ത്തി തുടങ്ങി. ഇത്തരത്തില്‍ പല തവണം വിഷം നല്‍കിയതോടെ കമല്‍കാന്തിന്‍െ്‌റ ആരോഗ്യനില വഷളായി. ഓഗസ്റ്റ് 27-ന് അന്ധേരിയിലെ ക്രിറ്റ്കെയര്‍ ആശുപത്രിയിലാണ് ആദ്യം അഡ്മിറ്റ് ചെയ്തത്. തുടര്‍ന്ന് സെപ്റ്റംബര്‍ മൂന്നിന് ബോംബെ ആശുപത്രിയിലേക്ക് മാറ്റി്. സെപ്റ്റംബര്‍ 19-ന് കമല്‍കാന്ത് മരിച്ചു.
കമല്‍കാന്തിന്‍െ്‌റ മരണത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം സാന്താക്രൂസ് പോലീസില്‍ അറിയിച്ചിരുന്നു. ലോക്കല്‍ പോലീസ് നടത്തിയ പ്രാഥമിക വിവരശേഖരണത്തിനു പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. ഒക്ടോബറില്‍ അന്വേഷണം ഏറ്റെടുത്ത ക്രൈംബ്രാഞ്ച് കാജലടക്കമുള്ളവരെ ചോദ്യം ചെയ്തു. തുടര്‍ന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് കാജലിനേയും ഹിതേഷിനെയും അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ ഇരുവരേയും ഡിസംബര്‍ എട്ടുവരെ റിമാന്‍ഡ് ചെയ്തു.
അതിനിടെ, കമല്‍കാന്തിന് അനുഭവപ്പെട്ട ശാരിരീക അസ്വാസ്ഥ്യങ്ങളോടെയാണ് അമ്മയെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചതും മരിച്ചതും.
ഇതോടെ അവരുടെ മരണത്തിലും ബന്ധുക്കള്‍ ദുരൂഹത ആരോപിച്ചിട്ടുണ്ട്. അതുമായി ബന്ധപ്പെട്ട അന്വേഷവും നടന്നുവരികയാണ്.