Movie

പൃഥ്വിരാജ് നായകനായ ‘വിലായത്ത് ബുദ്ധ’യുടെ ലൊക്കേഷനില്‍നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാന പാഞ്ഞടുത്തു, കൊക്കയിലേക്കെറിഞ്ഞ വാഹനം പൂര്‍ണമായും തകര്‍ന്നു; ഡ്രൈവര്‍ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്

  മറയൂര്‍: പൃഥ്വിരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ ഒരുക്കുന്ന ‘വിലായത്ത് ബുദ്ധ’യുടെ ലൊക്കേഷനില്‍ നിന്ന് മടങ്ങിയ ജീപ്പിന് നേരെ കാട്ടാനയുടെ ആക്രമണം. ആനമല കടുവ സങ്കേതത്തിനുള്ളിലെ പൊങ്ങനോട ഭാഗത്ത് വെച്ചാണ് കാട്ടാന ജീപ്പ് കുത്തിമറിച്ച് കൊക്കയിലേക്ക് ഇട്ടത്. ജീപ്പ് പൂര്‍ണമായും തകര്‍ന്നു. ഡ്രൈവര്‍ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

സിനിമയുടെ ചിത്രീകരണം നടക്കുന്ന മറയൂരില്‍ നിന്ന് തമിഴ് നാട്ടിലേക്ക് പോവുകയായിരുന്ന ജീപ്പിന് നേരെയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. റോഡിന്റെ നടുവില്‍ ആന നില്‍ക്കുന്നത് കണ്ട് ഡ്രൈവര്‍ വണ്ടി നിര്‍ത്തിയെങ്കിലും ആന പാഞ്ഞടുത്ത് ആക്രമിച്ചു. ആന വരുന്നത് കണ്ട് ജീപ്പില്‍ നിന്ന് ഇറങ്ങിയോടിയ ഡ്രൈവര്‍ക്ക് കാലില്‍ പരുക്കേറ്റിട്ടുണ്ട്.

സൂപ്പർ ഹിറ്റായ ‘അയ്യപ്പനും കോശി’ക്കും ശേഷം സച്ചി സംവിധാനം ചെയ്യാനിരുന്ന ചിത്രം അദ്ദേഹത്തിന്റെ വിയോഗത്തെ തുടര്‍ന്ന് സച്ചിയുടെ ശിഷ്യൻ ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്യുകയായിരുന്നു.

ഉര്‍വശി തിയേറ്റേഴ്സിന്റെ ബാനറില്‍ തൊണ്ടിമുതലും ദൃക്‌സാക്ഷിയും, സത്യം പറഞ്ഞാല്‍ വിശ്വസിക്കുവോ, സൗദി വെള്ളക്ക തുടങ്ങിയ ചിത്രങ്ങളുടെ നിര്‍മാതാവായ സന്ദീപ് സേനന്‍ നിര്‍മിക്കുന്ന ചിത്രമാണ് ‘വിലായത്ത് ബുദ്ധ”.

ചിത്രത്തിന് തിരക്കഥ രചിരിക്കുന്നത് ജി.ആര്‍ ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേര്‍ന്നാണ്. പകയും പ്രതികാരവും പ്രണയവും പശ്ചാത്തലമാകുന്ന ഈ ചിത്രം മലയാള സിനിമയിലെ ബ്രഹ്‌മാണ്ഡ ചിത്രങ്ങളില്‍ ഒന്നായിരിക്കും. ഒരു ത്രില്ലര്‍ മൂവിയാണ് ‘വിലായത്ത് ബുദ്ധ’. പൊന്നുകായ്ക്കുന്ന മരമെന്നു വിശേഷിപ്പിക്കാവുന്ന ചന്ദന മരങ്ങളുടെ കേന്ദ്രമായ മറയൂരിലെ ചന്ദനക്കാടുകളുടെ പശ്ചാത്തലത്തിലൂടെയാണ് ചിത്രം കഥ പറയുന്നത്

Back to top button
error: