KeralaNEWS

കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ഉദ്ഘാടനമില്ലാതെ തുറന്നുകൊടുത്തു

തിരുവനന്തപുരം: കഴക്കൂട്ടം എലിവേറ്റഡ് ഹൈവേ ജനങ്ങള്‍ക്കായി തുറന്നുകൊടുത്തു. ഔദ്യോഗിക ഉദ്ഘാടനമില്ലാതെയാണ് സംസ്ഥാനത്തെ ഏറ്റവും വലിയ നാലുവരി എലിവേറ്റഡ് ഹൈവേ തുറന്നുകൊടുത്തത്. 2.71 കിലോമീറ്ററാണ് ഹൈവേയുടെ നീളം. ഗതാഗതക്കുരുക്ക് ഒഴിവാക്കാനാണ് ദേശീയപാത അതോറിറ്റി മേല്‍പ്പാലം തുറന്നത്. ഉദ്ഘാടനത്തിനായി കേന്ദ്ര ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരിയുടെ തീയതി ലഭിക്കാത്തതിനാല്‍ ഹൈവേ തുറക്കുന്നത് നീണ്ടുപോവുകയായിരുന്നു.

ദേശീയപാത 66 നിര്‍മ്മാണം നടന്നുകൊണ്ടിരിക്കുന്ന കഴക്കൂട്ടം-മുക്കോല റീച്ചിന്റെ ഭാഗമാണ് നാലുവരി എലിവേറ്റഡ് ഹൈവേ. 200 കോടിയാണ് നിര്‍മ്മാണത്തിന് വേണ്ടി ദേശീയപാത അതോറിറ്റി ചെലവാക്കിയത്.

7.5 മീറ്ററില്‍ സര്‍വീസ് റോഡുണ്ട്. 61 തൂണുകളാണ് പാലത്തിനുള്ളത്. ഏകദേശം 220 ലൈറ്റുകള്‍ പാതയുടെ മുകള്‍ ഭാഗത്തും താഴെയുമായി സ്ഥാപിച്ചിട്ടുണ്ട്.ദേശീയപാത ബൈപാസും നഗരത്തിലൂടെയുള്ള പഴയ ദേശീയപാതയും സംഗമിക്കുന്ന ഏറ്റവും തിരക്കേറിയ കഴക്കൂട്ടം ജങ്ഷനില്‍ പ്രവേശിക്കാതെയാണ് നാലുവരി എലിവേറ്റഡ് ഹൈവേ കടന്നുപോകുന്നത്.

കൊല്ലം ഭാഗത്തു നിന്നെത്തുന്നവര്‍ക്ക് കഴക്കൂട്ടം സി.എസ്.ഐ മിഷന്‍ ആശുപത്രിക്കു സമീപത്തു നിന്ന് ഹൈവേയിലേക്ക് കയറാം. നേരേ ടെക്നോപാര്‍ക്ക് ഫെയ്സ് 3 നു സമീപമാണ് പാത ചെന്നു നില്‍ക്കുക. കാര്യവട്ടം, ശ്രീകാര്യം തുടങ്ങിയ ഭാഗങ്ങളിലേക്കു പോകേണ്ടവര്‍ക്കു മാത്രമേ ഇനി കഴക്കൂട്ടം ജംക്ഷനിലേക്കു കടക്കേണ്ടതുള്ളൂ.

 

 

 

Back to top button
error: