തിരുവനന്തപുരം: മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിനല്‍കുന്നതിലൂടെ സര്‍ക്കാരിനുണ്ടാകുന്ന വരുമാന നഷ്ടം നികത്തുന്നതിന് മദ്യനികുതി വീണ്ടും വര്‍ധിപ്പിക്കാന്‍ സര്‍ക്കാര്‍. വില്‍പനനികുതിയില്‍ നാല് ശതമാനം വര്‍ധന വരുത്തുന്നതോടെ 247 ശതമാനമായിരുന്ന പൊതുവില്‍പന നികുതി 251 ശതമാനമായി വര്‍ധിക്കും. ഇതിനായുള്ള പൊതുവില്‍പ്പനനികുതി ഭേദഗതിബില്ലിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു.
തിങ്കളാഴ്ച ആരംഭിക്കുന്ന നിയമസഭാസമ്മേളനത്തില്‍ അവതരിപ്പിക്കാനുള്ള ബില്ലുകളില്‍ പൊതുവില്‍പ്പനനികുതി ഭേദഗതിബില്ലും ഉള്‍പ്പെടുത്തിയിട്ടുണ്ട്. നിയമസഭയില്‍ ബില്‍ പാസാക്കി ഗവര്‍ണര്‍ ഒപ്പിടുന്നതോടെ സംസ്ഥാനത്ത് മദ്യത്തിന്റെ വിലവര്‍ധന പ്രാബല്യത്തിലാകും. വില്‍പ്പനനികുതി നാലുശതമാനം ഉയര്‍ത്തുന്നതിനൊപ്പം ബിവറേജസ് കോര്‍പ്പറേഷന്റെ കൈകാര്യച്ചെലവിനത്തിനുള്ള തുക ഒരുശതമാനം കൂട്ടാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനായി പ്രത്യേക ഉത്തരവിറക്കും. അങ്ങനെ ആകെ അഞ്ച് ശതമാനം വര്‍ധനവാണ് പ്രാബല്യത്തിലാകാന്‍ പോകുന്നത്.
ഏറെക്കാലമായി മദ്യനിര്‍മാണത്തിന് ചെലവ് കൂടുന്നത് ചൂണ്ടിക്കാട്ടി വില വര്‍ധിപ്പിക്കാന്‍ മദ്യക്കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിരുന്നു. എന്നാല്‍, ഇതിന് സര്‍ക്കാര്‍ വഴങ്ങാതെ വന്നതോടെ ബിവറേജസ് കോര്‍പ്പറേഷന് മദ്യം വിതരണം ചെയ്യുന്നത് കമ്പനികള്‍ നിര്‍ത്തിയിരുന്നു. ഇത് മദ്യക്ഷാമത്തിലേക്കും വ്യാജമദ്യത്തിലേക്കും എത്തിക്കുമെന്ന ആശങ്ക കൊണ്ടാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാന്‍ നിര്‍ബന്ധിതമായത്.
ഒന്നുകില്‍ ബിവറേജസ് കോര്‍പ്പറേഷന്‍ നല്‍കുന്ന മദ്യത്തിന്റെ വില വര്‍ധിപ്പിക്കാന്‍ അനുവദിക്കണം അല്ലെങ്കില്‍ വിറ്റുവരവ് നികുതി ഒഴിവാക്കി നല്‍കണം എന്നതായിരുന്നു മദ്യകമ്പനികള്‍ മുന്നോട്ടുവെച്ചിരുന്ന ആവശ്യം. അഞ്ച് ശതമാനമായിരുന്നു മദ്യകമ്പനികളില്‍ നിന്ന് എക്‌സൈസ് വിറ്റുവരവ് നികുതി ഏര്‍പ്പാടാക്കിയിരുന്നത്. മദ്യത്തിന് കമ്പനികള്‍ വില കൂട്ടുന്നത് ഭാവിയില്‍ പ്രതികൂലമാകുമെന്ന് കണ്ടാണ് ഈ വിറ്റുവരവ് നികുതി ഒഴിവാക്കി കൊടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതുസംബന്ധിച്ച തീരുമാനം മന്ത്രിസഭാ യോഗത്തിലെടുക്കുകയും അതിന്മേല്‍ നടപടി സ്വീകരിച്ചു തുടങ്ങുകയും ചെയ്തിരുന്നു.
വിറ്റുവരവ് ഒഴിവാക്കുന്നതോടെ സര്‍ക്കാരിനുണ്ടാകുന്ന നികുതി നഷ്ടം ഒഴിവാക്കാനാണ് മദ്യത്തിന് നാല് ശതമാനം വില്‍പന നികുതി കൂടി അധികമായി ഈടാക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നിലവില്‍ 247 ശതമാനമാണ് മദ്യത്തിന്റെ നികുതി. വര്‍ധന പ്രാബല്യത്തില്‍ വരുന്നതോടെ നികുതി 251 ശതമാനമായാണ് ഉയരുക. എന്നാല്‍ ഇതിന് വില്‍പന നികുതി നിയമത്തില്‍ ഭേദഗതി വരുത്തേണ്ടതുണ്ട്. ഈ ഭേദഗതിക്കാണ് മന്ത്രിസഭ ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.
മദ്യക്കമ്പനികളുടെ വിറ്റുവരവ് നികുതി ഒഴിവാക്കിയതിനുപിന്നില്‍ അഴിമതിയുണ്ടെന്നും ഇതില്‍ വിശദ അന്വേഷണം നടത്തണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. വിഷയത്തില്‍ തിങ്കളാഴ്ച ചേരുന്ന നിയമസഭാ സമ്മേളനത്തില്‍ പ്രതിപക്ഷം ഇത് കാര്യമായി ഉന്നയിച്ചേക്കും.