Movie

ഇംഗ്ലീഷിൽ ‘സൈക്ക് ഔട്ട്,’ ഹിന്ദിയിൽ ‘ഹരേ രാമ, ഹരേ കൃഷ്‌ണ,’ മലയാളത്തിൽ ‘സിന്ദൂരസന്ധ്യക്ക് മൗനം’

സിനിമ ഓർമ്മ

1982 ഡിസംബർ മൂന്നിന് റിലീസ് ചെയ്‌ത ചിത്രമാണ് ‘സിന്ദൂരസന്ധ്യക്ക് മൗനം.’ നായിക ലക്ഷ്‌മിയുടെ അച്ഛനായി വേഷമിട്ടത് മമ്മൂട്ടി. നേപ്പാളിലെ കാട്മണ്ഡുവിലായിരുന്നു ചിത്രീകരണം. ഹിപ്പീയിസം, മയക്കുമരുന്ന് തുടങ്ങിയ ആധുനിക ശീലങ്ങളിൽ ശിഥിലമാകുന്ന ജീവിതബന്ധങ്ങളുടെ കഥ പറയുന്ന ചിത്രമാണ് ‘സിന്ദൂരസന്ധ്യക്ക് മൗനം.’
1968-ൽ പുറത്തിറങ്ങിയ ‘സൈക്ക് ഔട്ട്’ എന്ന ഇംഗ്ലീഷ് ചിത്രം ഹിന്ദിയിൽ ‘ഹരേ രാമ, ഹരേ കൃഷ്‌ണ’ എന്ന നാമത്തിൽ പുനരവതരിച്ചിരുന്നു. ദേവാനന്ദിന്റെ ഈ ചിത്രം സൂപ്പർഹിറ്റ് ആയതാണ് മലയാളത്തിലും ഒരു പതിപ്പുണ്ടാവാൻ കാരണം. വി.ബി.കെ മേനോൻ നിർമ്മിച്ച് ഐവി ശശി സംവിധാനം ചെയ്‌ത ചിത്രത്തിന്റെ രചന ഡോ ബാലകൃഷ്ണൻ. എഴുത്തിൽ പ്രിയദർശന്റെ സംഭാവനകൾ ഉണ്ടായിരുന്നെന്നും ക്രെഡിറ്റിൽ പ്രിയന്റെ പേര് ചേർത്തില്ലെന്നും വാർത്തകൾ വന്നു. മോഹൻലാൽ, സീമ, മാധവി, രതീഷ്, പ്രതാപ് പോത്തൻ തുടങ്ങിയവരായിരുന്നു മറ്റ് താരങ്ങൾ.

ബിച്ചു തിരുമലയുടെ അഞ്ച് ഗാനങ്ങൾ ചിത്രത്തിന്റെ ഹൈലൈറ്റാണ്. ശ്യാം സംഗീതം പകർന്ന ഗാനങ്ങളിൽ ഒന്ന് ഇംഗ്ലീഷ് പാട്ടായിരുന്നു. പാടിയത് യേശുദാസ്. പാട്ടുകളിൽ ഏറ്റവും പ്രശസ്തമായത് ‘ആകാശഗംഗയിൽ വർണ്ണങ്ങളാൽ വെൺതൂവൽ തുന്നും ഹംസലതികേ’ എന്ന കൃഷ്‌ണചന്ദ്രൻ- ജാനകി യുഗ്മഗാനം.

സമ്പാദകൻ: സുനിൽ കെ. ചെറിയാൻ

Back to top button
error: