ലക്‌നൗ : സ്വന്തം രൂപസാദൃശ്യമുള്ള യുവതിയെ കാമുകൻ്റ സഹായത്തോടെ ക്രൂരമായി കൊലപ്പെടുത്തിയ 22കാരി അറസ്റ്റില്‍. പായല്‍ ഭാടി എന്ന പെണ്‍കുട്ടിയാണ് ക്രൂരകൃത്യങ്ങള്‍ക്കൊടുവില്‍ പൊലീസിന്റെ പിടിയിലായത്. ഉത്തര്‍പ്രദേശിലെ ഗ്രേയ്റ്റര്‍ നോയിഡയിലാണ് നടുക്കുന്ന ഈ സംഭവം നടന്നത്.
മാള്‍ ജീവനക്കാരിയായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തില്‍ സ്വന്തം വസ്ത്രം അണിയിച്ച് താനാണ് മരിച്ചതെന്ന് വരുത്തി തീർക്കുകയായിരുന്നു പായല്‍ ഭാടിയ. ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കുകയായിരുന്നു ലക്ഷ്യം.
പങ്കാളിയായ അജയ് താകൂറിന്റെ സഹായത്തോടെയാണ് കൊലപാതകം നടത്തിയത്. പായല്‍ ഭാടിയുമായി ഏറെ സാദൃശ്യമുള്ള പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ ശേഷം തിരിച്ചറിയാതിരിക്കാനായി മുഖം വികൃതമാക്കി, അതിനുശേഷം യുവതിയുടെ വസ്ത്രങ്ങള്‍ അണിയിച്ചു, പിന്നീട് ഒരു ആത്മഹത്യാക്കുറിപ്പ് എഴുതി വച്ച് മരണം ആത്മഹത്യയെന്ന് വരുത്തിതീര്‍ക്കാന്‍ ശ്രമിച്ചു.
ആത്മഹത്യാക്കുറിപ്പിന്റെ അടിസ്ഥാനത്തില്‍ മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി. അവര്‍ അത് സംസ്‌കരിക്കുകയും ചെയ്തു. തന്റെ മുഖം പൊള്ളിച്ച് വികൃതമാക്കിയതിനാല്‍ ജീവിക്കാന്‍ ആഗ്രഹമില്ലെന്ന് പായല്‍ ആത്മഹത്യാക്കുറിപ്പില്‍ എഴുതുകയും ചെയ്തു. അജയ് താകൂറും പായലും ചേര്‍ന്ന് പെണ്‍കുട്ടിയെ വീട്ടില്‍ എത്തിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് അന്വേഷണത്തില്‍ വ്യക്തമായി. തുടര്‍ന്ന് പായല്‍ പങ്കാളിയുമൊത്ത് രക്ഷപ്പെടുകയും ചെയ്തു.
ആറുമാസം മുന്‍പ് പായലിന്റെ മാതാപിതാക്കള്‍ ആത്മഹത്യ ചെയ്തിരുന്നു. യുവതിയുടെ പിതാവില്‍ നിന്ന് ബന്ധുക്കള്‍ പണം കടം വാങ്ങുകയും ഇത് തിരികെ ആവശ്യപ്പെട്ടപ്പോള്‍ അധിക്ഷേപിക്കുകയും ചെയ്തു. പിതാവ് ജീവനൊടുക്കിയത് ഇതില്‍ മനംനൊന്താണ്.
തന്റെ പിതാവിന്റെ മരണത്തിന് ഇടയാക്കിയ ബന്ധുക്കളെ കള്ളക്കേസില്‍ കുടുക്കുന്നതിനായിരുന്നു യുവതിയുടെ ഈ നാടകം. അതേസമയം, അജയ് താകൂറുമായുള്ള ബന്ധം കുടുംബം അംഗീകരിക്കില്ലെന്ന് ഭയന്നാണ് യുവതി ഇത്തരമൊരു നാടകം കളിച്ചതെന്നാണ് മുത്തശ്ശന്‍ പറയുന്നത്.
ഇതിനിടെ നവംബര്‍ 12 മുതല്‍ മാള്‍ ജീവനക്കാരിയായ മകളെ കാണാനില്ലെന്ന് കാട്ടി മരിച്ച പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ പരാതി നല്‍കി. ഇതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്.