തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ വിരുദ്ധ സമരവും തുടര്‍ന്നുണ്ടായ അക്രമവും പരിശോധിക്കാന്‍ ദേശീയ അന്വേഷണ ഏജന്‍സി (എന്‍.ഐ.എ) രംഗത്ത്. സമരത്തിനു വിദേശ സഹായമുള്‍പ്പെടെയുണ്ടെന്ന നിഗമനത്തില്‍ രഹസ്യ നിരീക്ഷണം നടത്തിവരുകയായിരുന്നു സംഘടന. അതിനിടെ, പോപ്പുലര്‍ ഫ്രണ്ടിന് പോലീസ് സ്റ്റേഷന്‍ ആക്രമത്തില്‍ പങ്കുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് എന്‍.ഐ.എ. നേരിട്ട് കളത്തിലിറങ്ങിയത്.
എന്‍.ഐ.എ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘം വിഴിഞ്ഞം പോലീസ് സ്റ്റേഷനിലെത്തി. പോപ്പുലര്‍ ഫ്രണ്ട് അംഗങ്ങളായിരുന്ന കോവളം സ്വദേശി ഉമ്മര്‍ ഉള്‍പ്പെടെ നാലു പേരെ സ്റ്റേഷനില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്തു. പ്രദേശത്തെ മുന്‍ പി.എഫ്.ഐ പ്രവര്‍ത്തകരുടെ ലിസ്റ്റും ശേഖരിച്ചു. ഇവരെ നിരീക്ഷണത്തിലാക്കി. വിഴിഞ്ഞത്തും പരിസര മേഖലയിലും മൂന്നു മണിക്കൂറിലേറെ റോന്തുചുറ്റി.
സ്റ്റേഷന്‍ ആക്രമിച്ച ദിവസത്തെ വിവരങ്ങളും നിലവിലെ സ്ഥിതിയും പോലീസ് ഉദ്യോഗസ്ഥരോട് ചോദിച്ചറിഞ്ഞു. പി.എഫ്.ഐ പ്രവര്‍ത്തകര്‍ സമരസമിതിയില്‍ നുഴഞ്ഞു കയറി വന്‍കലാപത്തിന് പദ്ധതിയിട്ടെന്ന സംസ്ഥാന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് അതീവ ഗൗരവത്തോടെയാണ് എന്‍.ഐ.എ കാണുന്നത്. നേരത്തേ സ്റ്റേഷനിലെത്തിയ സ്പെഷ്യല്‍ ഓഫീസര്‍ ഡി.ഐ.ജി: ആര്‍.നിശാന്തിനി തുറമുഖ പ്രദേശത്തേക്ക് പോയതിന് പിന്നാലെയാണ് എന്‍.ഐ.എ സംഘം വന്നത്.