മലയാളത്തിന്റെ പ്രിയ താരം ജഗതി ശ്രീകുമാർ ഇപ്പോൾ വീട്ടിൽ വിശ്രമത്തിലാണ്. മകൾക്കൊപ്പം പാട്ടുപാടുന്ന ജഗതിയുടെ വീഡിയോയാണ് ശ്രദ്ധയാകർഷിക്കുന്നത്. ജഗതിയുടെ ഫേസ്‍ബുക്ക് അക്കൗണ്ടിൽ തന്നെയാണ് വീഡിയോ ഷെയർ ചെയ്‍തിരിക്കുന്നത്. വീഡിയോ പങ്കുവെച്ച് നിമിഷങ്ങൾക്കകം മകൾ പാർവതിയുടെയും ജഗതിയുടെയും പാട്ട് ഹിറ്റായിരിക്കുകയാണ്. ‘ക്യാഹൂവാ തേരാവാദ്’ എന്ന പ്രശസ്‍തമായ റാഫി ഗാനമാണ് പാർവതിയും ജഗതി ശ്രീകുമാർ പാടുന്നത്. പാട്ട് പാടാം എന്ന് പറഞ്ഞുകൊണ്ട് പാടിത്തുടങ്ങുന്ന പാർവതിയും മകൾക്ക് ഒപ്പം ചേരുന്ന ജഗതിയെയുമാണ് വീഡിയോയിൽ കാണുന്നത്. ജഗതിയുടെ ശബ്‍ദം കേൾക്കാൻ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകർ. അടുത്തിടെ ‘സിബിഐ’ സിനിമയുടെ അഞ്ചാം ഭാഗത്തിലൂടെ ജഗതി വെള്ളിത്തിരയിലേക്ക് തിരിച്ചുവരവ് നടത്തിയിരുന്നു.
വാഹനാപകടത്തിൽ പരുക്കേറ്റതിന് ശേഷം ആരോഗ്യപ്രശ്‍നങ്ങൾ കാരണം ജഗതിക്ക് വർഷങ്ങളായി അഭിനയരംഗത്ത് ഇല്ലായിരുന്നു. എന്നാൽ കഴിഞ്ഞ വർഷം ചില സിനിമകളിൽ ജഗതി അഭിനയിച്ചുതുടങ്ങി. സിബിഐ’ സീരിസിലെ ചിത്രത്തിൽ ജഗതി വേണമെന്ന് മമ്മൂട്ടി തന്നെ ആവശ്യപ്പെടുകയായിരുന്നു. ‘സിബിഐ’ പുതിയ ചിത്രത്തിൽ ഏതെങ്കിലും സീനിലെങ്കിലും ജഗതിയുടെ സാന്നിധ്യം വേണമെന്നായിരുന്നു മമ്മൂട്ടി ആവശ്യപ്പെട്ടത്. എന്തായാലും മികച്ച രംഗത്തിൽ തന്നെ ചിത്രത്തിൽ ജഗതി അഭിനയിക്കുകയും ‘സിബിഐ ദ ബ്രെയിനി’ൽ തന്റെ ഭാഗം അവിസ്‍മരണീയമാക്കുകയും ചെയ്‍തിരുന്നു.
‘വിക്രം’ എന്ന കഥാപാത്രമായിട്ടായിരുന്നു ജഗതി മമ്മൂട്ടി നായകനായ ‘സിബിഐ’ സിനിമയിൽ ഉണ്ടായിരുന്നത്. കഥാഗതിയിൽ ‘സേതുരാമയ്യർ’ക്ക് കേസ് അന്വേഷണത്തിൽ ഒരു തുമ്പു നൽകുന്ന ഭാഗമായിരുന്നു ‘സിബിഐ ദ ബ്രെയിൻ’ ജഗതിക്ക് അഭിനയിക്കേണ്ടിയിരുന്നത്. ശരീരത്തിന്റെ ചലനത്തിന് ബുദ്ധിമുട്ടുകൾ ഉണ്ടെങ്കിലും കഥാ സന്ദർഭത്തിന് ആവശ്യമായ തരത്തിൽ ഭാവങ്ങൾ ജഗതി അവതരിപ്പിച്ചു. ജഗതി പരസ്യ ചിത്രങ്ങളുടെയും ഭാഗമായി അഭിനയത്തിൽ സജീവമാകുകയാണ്.