കൊച്ചി: ഒഡീഷയിലെ വനത്തില്‍നിന്ന് കഞ്ചാവ് മാഫിയ തലവന്മാരെ സാഹസികമായി പിടികൂടി കേരള പോലീസ്. കേരളം, കര്‍ണാടക, തമിഴ്നാട് സംസ്ഥാനങ്ങളിലേക്ക് വന്‍തോതില്‍ കഞ്ചാവ് വിതരണം ചെയ്യുന്ന സാംസണ് ഗന്ധയെയും (34) കൂട്ടാളി ഇസ്മയില്‍ ഗന്ധയെയുമാണ് (27) എറണാകുളം തടിയിട്ടപറമ്പ് സ്റ്റേഷനിലെ പോലീസുകാര്‍ പിടികൂടിയത്.
ഒഡീഷയിലെ ശ്രീപള്ളി ആദിവാസി മേഖലയില്‍ നിന്നുമാണ് ഇവര്‍ പിടിയിലായത്. ആദിവാസികളെ ഉപയോഗിച്ച് വനത്തിനുള്ളില്‍ കഞ്ചാവ് കൃഷി ചെയ്യുകയും മറ്റ് സംസ്ഥാനങ്ങളിലെ ആവശ്യക്കാര്‍ക്ക് എത്തിച്ചു കൊടുക്കുകയും ചെയ്യുന്ന സംഘത്തിലെ തലവനാണ് സാംസണ്. ദിനംപ്രതി നൂറുകണക്കിന് കിലോ കഞ്ചാവാണ് ഇയാള്‍ കയറ്റി അയച്ചിരുന്നത്. കേരളത്തിലേക്കും നിരവധി പ്രാവശ്യം ഇവര്‍ കഞ്ചാവ് കടത്തിയതായി തെളിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ മാര്‍ച്ചില്‍ രണ്ടു കിലോയോളം കഞ്ചാവുമായി ചെറിയാന് ജോസഫ് എന്നയാളെ തടിയിട്ടപറമ്പ് പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതുസംബന്ധിച്ച അന്വേഷണം നടക്കുന്നതിനിടയില്‍ വാഴക്കുളത്തുനിന്ന് 70 കിലോ കഞ്ചാവും കുറുപ്പംപടിയില്‍ നിന്ന് വാഹനത്തില്‍ കടത്തുകയായിരുന്ന 250 കിലോ കഞ്ചാവും പിടികൂടി. തുടര്‍ന്ന് കഞ്ചാവിന്റെ സ്രോതസ്സ് തേടിയുള്ള അന്വേഷണമാണ് ഒഡീഷയിലെ പ്രതികളിലേക്കെത്തിയത്.
ഗ്രാമത്തില്‍ നിന്ന് 38 കിലോമീറ്റര്‍ അകലെയുള്ള ഉള്‍വനത്തിലാണ് പ്രതികള്‍ താമസിച്ചിരുന്നത്. റോഡുകളോ മൊബൈല്‍ ടവറുകളോ ഇല്ലാത്ത പ്രദേശത്തേക്ക് തടയിട്ടപറമ്പ് എസ്.എച്ച്.ഒ. വി.എം. കേഴ്സണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്.