CrimeNEWS

നാരകക്കാനത്തെ വീട്ടമ്മയുടെ മരണം കൊലപാതകമെന്ന് നിഗമനം; വീടിനുള്ളില്‍ രക്തക്കറ

ഇടുക്കി: ചെറുതോണിക്ക് സമീപം നാരകക്കാനത്ത് വീട്ടമ്മയെ കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന പ്രാഥമിക നിഗമനത്തില്‍ പോലീസ്. വീടിനുള്ളിലും ശൗചാലയത്തിലും രക്തക്കറ കണ്ടെത്തി. ഭിത്തിയില്‍ രക്തം പുരണ്ട കൈപ്പത്തിയുടെ അടയാളവും ഉണ്ട്. അന്വേഷണം പോലീസ് ഊര്‍ജിതമാക്കി.

ബുധനാഴ്ച വൈകിട്ട് അഞ്ചോടെയാണ് കുമ്പിടിയാമ്മാക്കല്‍ ചിന്നമ്മ ആന്റണി (62) യെ മരിച്ചനിലയില്‍ കണ്ടത്. മകന്റെ മകള്‍ വീട്ടിലെത്തിയപ്പോഴാണ് മൃതദേഹം കത്തിക്കരിഞ്ഞ നിലയില്‍ കണ്ടത്. ചായക്കട നടത്തുന്ന പിതാവ് ബിനോയിയെയും നാട്ടുകാരേയും ഉടന്‍തന്നെ മകള്‍ വിവരമറിയിച്ചു. ഇവരെത്തിയപ്പോഴേക്കും മൃതദേഹം മുക്കാല്‍ഭാഗത്തോളം കത്തിയമര്‍ന്നിരുന്നു. കത്തിക്കൊണ്ടിരുന്ന തീ ഇവരാണ് അണച്ചത്. മോഷണശ്രമത്തിനിടെ കൊലപ്പെടുത്തിയതാകാമെന്നാണ് പ്രാഥമിക നിഗമനം.

ആദ്യനോട്ടത്തില്‍ത്തന്നെ അപകടമരണമല്ലെന്ന് സംശയം തോന്നിയിരുന്നു. മുറികളിലെ ഭിത്തികളില്‍ പലഭാഗത്തും രക്തക്കറകള്‍ കണ്ടെത്തി. മൃതദേഹം കിടന്നഭാഗത്ത് മാത്രമേ തീ കത്തിയിട്ടുള്ളു. വീട്ടിലെ ഉപകരണങ്ങള്‍ക്കും അടുപ്പിനും യാതൊരുകേടുപാടുകളും സംഭവിച്ചിട്ടില്ല. ഗ്യാസ് അടുപ്പില്‍നിന്ന് ട്യൂബ് വേര്‍പെട്ട നിലയിലായിരുന്നു. മൃതശരീരം കിടന്നതിനടിയില്‍ പുതപ്പ് വിരിച്ചിരുന്നതും വീട്ടിലെ മറ്റ് തുണികള്‍ മൃതശരീരത്തോടൊപ്പം കണ്ടതും സംശയത്തിനിടയാക്കി. കാല്‍പ്പാദങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങള്‍ കത്തിനശിച്ചു.

ശരീരത്തില്‍ ഏഴുപവനോളം തൂക്കം വരുന്ന സ്വര്‍ണാഭരണങ്ങള്‍ ഉണ്ടായിരുന്നതായി ബന്ധുകള്‍ പറയുന്നു. ഇത് കത്തിനശിച്ചതാണോ മോഷണംപോയതാണോ എന്ന് വ്യക്തമല്ല. വീട്ടില്‍നിന്ന് മറ്റെന്തെങ്കിലും നഷ്ടപ്പെട്ടിട്ടുണ്ടോയെന്നും പരിശോധിക്കേണ്ടതുണ്ട്. അലമാര തുറന്നുകിടന്നിരുന്നു.

വീട്ടില്‍നിന്നെടുത്ത പുതപ്പില്‍ കിടത്തിയശേഷം മറ്റുതുണികള്‍ മുകളിലിട്ട് ഗ്യാസ് സിലിന്‍ഡറിലെ ഗ്യാസ് ഉപയോഗിച്ച് കത്തിച്ചതാകാമെന്ന് സംശയിക്കുന്നു. മൃതശരീരം കിടന്നഭാഗം മാത്രമേ കത്തിയിട്ടുള്ളൂ. ബുധനാഴ്ച രാവിലെ മകന്‍ ബിനോയിയുടെ മകളും ചിന്നമ്മയുമാണ് വീട്ടല്‍ ഉണ്ടായിരുന്നത്. ഒന്‍പതിനുശേഷം മകന്റെ മകള്‍ സ്‌കൂളിലേയ്ക്കു പോയി. അഞ്ചുമണിയോടെയാണ് തിരികെവന്നത്. അന്നേദിവസം ഉച്ചയ്ക്ക് മൂന്നോടെ ചിന്നമ്മയുടെ വീട്ടില്‍നിന്ന് പുക ഉയര്‍ന്നിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അടുക്കള ഭാഗത്തായിരുന്നതിനാല്‍ ആരും സംശയിച്ചില്ല.

പോലീസ് സര്‍ജന്റെ നേതൃത്വത്തില്‍ മൃതദേഹാവശിഷ്ടങ്ങള്‍ പോസ്റ്റുമാര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.

 

 

Back to top button
error: