ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പെന്‍ഷനുകള്‍ വര്‍ധിപ്പിക്കുന്നതു പരിഗണിക്കണമെന്നു വിദഗ്ധസമിതി ശിപാര്‍ശ ചെയ്തു. കേരളം ഉള്‍പ്പെടെ വിവിധ സംസ്ഥാനങ്ങള്‍ ഉന്നയിക്കുന്ന ആവശ്യമാണിത്. കേന്ദ്ര ഗ്രാമവികസന മന്ത്രാലയം രൂപീകരിച്ച കോമണ്‍ റിവ്യൂ മിഷനാണ് (സി.ആര്‍.എം) നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമുകള്‍ക്കു (എന്‍.എസ്.എ.പി) കീഴിലുള്ള പെന്‍ഷന്‍ തുക ഘട്ടംഘട്ടമായി കൂട്ടണമെന്നു ശിപാര്‍ശ ചെയ്തത്.
നിലവില്‍ 200, 500 രൂപയാണു വിവിധ പെന്‍ഷനുകള്‍ക്കായി കേന്ദ്രം അനുവദിക്കുന്നത്. 2007 മുതല്‍ ഈ നിരക്കില്‍ മാറ്റമില്ല. കേന്ദ്രം തരുന്ന തുകയില്‍ ബാക്കി കൂടി ചേര്‍ത്ത് 1600 രൂപയാണ് കേരളം പെന്‍ഷനായി നല്‍കുന്നത്. കേന്ദ്രവിഹിതത്തിന്റെ 38 ഇരട്ടിയാണ് കേരളത്തിന്റെ വിഹിതം. അരക്കോടിയിലധികം പേര്‍ക്കാണ് ഓരോ മാസവും ക്ഷേമ പെന്‍ഷന്‍ നല്‍കുന്നത്.
തുക കണ്ടെത്താനാകാതെ 2 മാസമായി പെന്‍ഷന്‍ മുടങ്ങിയിരിക്കുന്നതിനാല്‍ കേന്ദ്ര വിഹിതം വര്‍ധിപ്പിക്കുന്നത് കേരളത്തിന് ആശ്വാസമാകും. തമിഴ്‌നാട് മുന്‍ ചീഫ് സെക്രട്ടറി ഡോ. രാജീവ് രഞ്ജന്‍ സഹഅധ്യക്ഷനായ കമ്മിഷനാണ് കേന്ദ്രത്തിനു റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേസമയം, പെന്‍ഷന്‍ തുക വര്‍ധിപ്പിക്കണമെന്നു 10 വര്‍ഷമായി പല സംസ്ഥാനങ്ങളും ആവശ്യപ്പെടുന്നുണ്ട്. ഇതു പരിശോധിക്കാന്‍ നിയോഗിക്കപ്പെട്ട കേന്ദ്ര മന്ത്രിതല സമിതി തുക വര്‍ധിപ്പിക്കേണ്ടെന്നാണ് ഈ വര്‍ഷമാദ്യം റിപ്പോര്‍ട്ട് നല്‍കിയത്. സംസ്ഥാനങ്ങള്‍ ഇതിന്റെ നേട്ടം സ്വന്തമാക്കുന്നുവെന്നായിരുന്നു വിലയിരുത്തല്‍.