ദില്ലി: മുഖ്യമന്ത്രി സ്ഥാനം നൽകിയില്ലെങ്കിൽ സച്ചിൻ പൈലറ്റ് കോൺഗ്രസിൽ നിന്നും രാജി വച്ചേക്കുമെന്ന അഭ്യൂഹം ശക്തമാകുന്നതിനിടെ സ്ഥാനം ഒഴിയില്ലെന്ന നിലപാട് കടുപ്പിച്ച് രാജസ്ഥാന മുഖ്യമന്ത്രി അശോക് ഗലോട്ട്. തന്നെ മാറ്റുമെന്ന് ആര് പറഞ്ഞുവെന്ന് ഗെലോട്ട് ചോദിച്ചു. സച്ചിൻ പൈലറ്റ് ചതിയനാണെന്നാണ് എംഎൽഎമാർ പറയുന്നതെന്നും സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കാമെന്ന് ആരും പറഞ്ഞിട്ടില്ലെന്നും ഗലോട്ട് പറഞ്ഞു.
സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുന്നത് അടിയന്തരമായി പരിഗണിച്ചില്ലെങ്കിൽ രാഹുൽഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര സംസ്ഥാനത്ത് തടയുമെന്ന ഭീഷണി ഗുർജർ വിഭാഗം ആവർത്തിച്ചിരുന്നു. അവശേഷിക്കുന്ന ഒരു വർഷം മുഖ്യമന്ത്രി സ്ഥാനം നൽകണമെന്ന ആവശ്യമാണ് സച്ചിൻ പൈലറ്റ് ഉന്നയിക്കുന്നത്. ഹൈക്കമാൻഡ് വച്ച് നീട്ടിയ ദേശീയ അധ്യക്ഷ പദവി നിരസിച്ച ഗലോട്ട്, മുഖ്യമന്ത്രി കസേര ഒഴിയാൻ സന്നദ്ധനുമല്ല. ഡിസംബർ വരെ കാക്കാനാണ് സച്ചിൻ പൈലറ്റിൻറെ നീക്കമെന്നാണ് വിവരം. മധ്യപ്രദേശിലെത്തിയ ഭാരത് ജോഡോ യാത്രക്കൊപ്പം ചേർന്ന് തൻറെ നിലപാട് രാഹുൽ ഗാന്ധിയേയും, പ്രിയങ്ക ഗാന്ധിയേയും സച്ചിൻ പൈലറ്റ് അറിയിച്ചിട്ടുണ്ട്. യുവാക്കളുടേതടക്കം ആവശ്യം സച്ചിൻ വിഭാഗം എഐസിസിക്ക് മുൻപിലുമെത്തിച്ചിട്ടുണ്ട്.
സച്ചിൻ പൈലറ്റ് ഉൾപ്പെടുന്ന ഗുർജർ സമുദായവും മുഖ്യമന്ത്രി സ്ഥാനത്തിനായി സമ്മർദ്ദം ശക്തമാക്കിയിരിക്കുകയാണ്. മധ്യപ്രദേശ് കഴിഞ്ഞാൽ യാത്ര രാജസ്ഥാനിലേക്ക് കടക്കും. നാൽപതിലധികം സീറ്റുകളിൽ സ്വാധീനമുള്ള ഗുർജറുകൾക്ക് മേൽക്കൈയുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര കടന്നുപോകുന്നത്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കുമെന്ന പ്രതീക്ഷയിലാണ് ഗുർജറുകൾ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കോൺഗ്രസിനെ പിന്തുണച്ചത്. അതേ സമയം ഭൂരിപക്ഷ പിന്തുണയുമായി നിൽക്കുന്ന അശോക് ഗലോട്ടിനെ എങ്ങനെ അനുനയിപ്പിക്കമെന്നതിൽ നേതൃത്വത്തിന് ധാരണയില്ല. അംഗബലമില്ലാത്ത സച്ചിൻ ക്യാമ്പിൻറെ ഭീഷണിയെ ഗൗരവമായി കാണേണ്ടെന്ന സന്ദേശമാണ് ഗലോട്ട് എഐസിസി നേതൃത്വത്തിന് നൽകിയിരിക്കുന്നത്.