CrimeNEWS

കൊച്ചി കൂട്ടബലാത്സംഗക്കേസ്: ഡിംപിളിനും വ്യക്തമായ പങ്കെന്ന് പോലീസ്; നടന്നത് കൃത്യമായ ഗൂഢാലോചന

കൊച്ചി: കാറിൽ 19കാരിയായ മോഡലിനെ കൂട്ടബലാത്സംഗം ചെയ്ത കേസിൽ കൂടുതൽ തെളിവെടുപ്പ് വ്യാഴാഴ്ചയും നടക്കും. കേസിൽ പ്രതിയായ രാജസ്ഥാൻ സ്വദേശിനി ഡിംപിൾ ലാമ്പയുടെ ഫോൺ കസ്റ്റഡിയിൽ എടുത്ത് പരിശോധിച്ചപ്പോൾ, പ്രതികൾ പലതവണ തമ്മിൽ ആശയവിനിമയം നടത്തിയതായി കണ്ടെത്തി. ഡിംപിളടക്കം എല്ലാപ്രതികൾക്കും കേസിൽ കൃത്യമായ പങ്കാളിത്തമുണ്ടെന്നും അന്വേഷണസംഘം കണ്ടെത്തി. അറസ്റ്റിലായ പ്രതികളെ കഴിഞ്ഞ ദിവസമാണ് കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടത്.

ഡിംപിൾ ലാമ്പ, വിവേക് സുധാകരൻ, നിധിൻ മേഘനാഥൻ, ടി.ആർ. സുദീപ് എന്നിവരാണ് പോലീസ് കസ്റ്റഡിയിലുള്ളത്. സൗത്ത് പോലീസ് ഇവരെ എറണാകുളത്തെ ബാറിൽ എത്തിച്ച് തെളിവെടുത്തു. പീഡനത്തിനിരയായ പെൺകുട്ടി ഡിംപിളിനൊപ്പം എത്തിയത് ഈ ബാറിലായിരുന്നു. മദ്യപാനത്തെ തുടർന്ന് അബോധാവസ്ഥയിലായ പെൺകുട്ടിയെ കാക്കനാട്ടുള്ള താമസ സ്ഥലത്ത് എത്തിക്കാമെന്നു പറഞ്ഞാണ് പ്രതികൾ കാറിൽ കയറ്റിയത്. കടവന്ത്ര, പാലാരിവട്ടം, വൈറ്റില എന്നിവിടങ്ങളിലെല്ലാം തെളിവെടുപ്പ് നടത്തേണ്ടതുണ്ടെന്ന് പോലീസ് പറയുന്നു. ചോദ്യം ചെയ്യുന്നതിനും തെളിവെടുപ്പിനുമായി അഞ്ചു ദിവസത്തെ കസ്റ്റഡിയാണ് കോടതി അനുവദിച്ചിരിക്കുന്നത്.

കേസിലുൾപ്പെട്ട കൊടുങ്ങല്ലൂർ സ്വദേശികൾക്കെതിരേ മറ്റു കേസുകൾ നിലവിലുണ്ടെന്നും പോലീസ് വ്യക്തമാക്കിയിരുന്നു. ലഹരികച്ചവടക്കാരുമായുള്ള ബന്ധമടക്കം പോലീസ് അന്വേഷിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം ബാറിൽ തെളിവെടുപ്പ് നടത്തിയിരുന്നു. ബാറിനോട് ചേർന്നുള്ള പാർക്കിങ് ഉൾപ്പെടെയുള്ള സ്ഥലങ്ങളിൽ ബുധനാഴ്ച പരിശോധന നടത്തും. മോഡലുമായി വാഹനം സഞ്ചരിച്ച വഴികളിലും തെളിവെടുപ്പ് നടത്തിയേക്കും. സംഭവത്തിന് പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നാണ് പോലീസ് കണ്ടെത്തൽ.

Back to top button
error: