FeatureLIFE

കരുണതോന്നണേ…. കനിവ് കാത്ത് മാന്നാറിൽ ഒരു കുടുംബം; സഹോദരിമാരുടെ മാരക രോഗത്തിന് ചികിത്സയ്ക്കായി പണം കണ്ടെത്താനാവാതെ രക്ഷിതാക്കൾ

മാന്നാർ: നിർധന കുടുംബത്തിലെ സഹോദരിമാർ മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കാരുണ്യം തേടുന്നു. മാന്നാർ കുട്ടമ്പേരൂർ കരിയിൽ കിഴക്കേതിൽ ഗോപികുട്ടൻ – സരസ്വതി ദമ്പതിമാരുടെ മക്കളായ അഞ്ജന ഗോപി(19), ആർദ്ര ജി(15 )എന്നിവരാണ് അടിയന്തര മജ്ജ മാറ്റി വെക്കൽ ശസ്ത്രക്രിയയ്ക്കായി സഹായം തേടുന്നത്. ഇരുവർക്കുമായി 92 ലക്ഷം രൂപയോളം ആണ് ചികിത്സ ചെലവ് വേണ്ടുന്നത്. 2016 ൽ ഒരു പനിയോടെ ആയിരുന്നു അഞ്ജനക്ക് രോഗത്തിൻറെ തുടക്കം. കോട്ടയം മെഡിക്കൽ കോളേജിൽ നടത്തിയ പരിശോധനയിൽ മാരകമായ അസുഖം പിടിപെട്ടതായി കണ്ടെത്തി. മജ്ജ മാറ്റിവെക്കൽ ആണ് ഇതിന് പരിഹാരമെന്നും ഡോക്ടർമാർ വിശദമാക്കി.

2020 ആയപ്പോഴേക്കും രോഗം വഷളായി. 2019 വരെ വെല്ലൂർ സിഎംസിയിൽ ആയിരുന്നു ചികിത്സ. യാത്രയുടെ ബുദ്ധിമുട്ടുകളും സാമ്പത്തിക ഞെരുക്കവും കാരണം രണ്ടുവർഷമായി തിരുവല്ല ബിലീവേഴ്സ് ചർച്ച് മെഡിക്കൽ കോളേജ് ആശുപത്രിയിലാണ് ചികിത്സ നടക്കുന്നത്. അഞ്ജനയുടെ ശസ്ത്രക്രിയയുടെ ഭാഗമായി ആർദ്രയുടെ രക്ത പരിശോധന നടത്തിയപ്പോൾ ഇവർക്കും ഇതേ അസുഖം തന്നെ എന്ന് കണ്ടെത്തുകയായിരുന്നു. നിലവിൽ അഞ്ജനയുടെ രോഗം ക്യാൻസർ അവസ്ഥയിലേക്ക് മാറിയിട്ടുണ്ട്. ഇരുവർക്കും ചികിത്സക്കായി പ്രതിമാസം 10,000 രൂപയിലേറെ വേണം.

എന്നാൽ കൂലിപ്പണിക്കാരനായ ഗോപിക്ക് ഈ ചെലവ് താങ്ങാൻ ആകുന്നില്ല. 5 സെ​ന്റ് സ്ഥലത്ത് ലൈഫ് പദ്ധതിയിൽ കിട്ടിയ ഒരു വീട് മാത്രമാണ് ഇവർക്ക് ഉള്ളത്. മാന്നാർ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇവരുടെ ചികിത്സയ്ക്ക് ധനശേഖരണം നടത്തിയെങ്കിലും 16 ലക്ഷം രൂപ മാത്രമാണ് സമാഹരിക്കാനായി സാധിച്ചത്. ബാക്കി 76 ലക്ഷം രൂപ ഇനിയും കണ്ടെത്തേണ്ടിയിരിക്കുകയാണ്.

സുമനസ്സുകളുടെ സഹായഹസ്തം ഇവർക്ക് നേരെ നീട്ടിയെങ്കിൽ മാത്രമേ ഈ പെൺകുട്ടികളുടെ ജീവൻ രക്ഷപ്പെടുത്താനാവൂ. ഫെഡറൽ ബാങ്ക് മാന്നാർ ശാഖയിൽ അമ്മ പി. ഡി. സരസ്വതിയുടെ പേരിൽ എസ്.ബി അക്കൗണ്ട് തുറന്നിട്ടുണ്ട്. അക്കൗണ്ട് നമ്പർ 10240100466929, ഐ.എഫ്.എസ്. കോഡ്. FDRL0001024

Back to top button
error: