ദോഹ : സ്വന്തം ടീം മത്സരിക്കാന്‍ പോലും ഇറങ്ങാത്ത ഖത്തര്‍ ലോകക്കപ്പിലെ ഉദ്ഘാടന മത്സരത്തില്‍ താരമായത് ജപ്പാന്‍ ആരാധകര്‍. ഖത്തറും ഇക്വഡോറും തമ്മിലുള്ള ഫിഫ ലോകകപ്പിന്റെ ഉദ്ഘാടന മത്സരത്തിന് ശേഷം അല്‍ ബൈത്ത് സ്റ്റേഡിയത്തിലെ മാലിന്യങ്ങള്‍ നീക്കം ചെയ്താണ് ജപ്പാന്‍ പൗരന്‍മാര്‍ ഫുട്ബോള്‍ ആരാധകരെ അമ്പരപ്പിച്ചത്. ശുചിത്വത്തിന് പ്രഥമ നല്‍കുന്നവരാണ് ജപ്പാന്‍കാര്‍. കോവിഡ് കാലത്തിന് മുന്‍പേ പൊതു ഇടങ്ങളില്‍ സഞ്ചരിക്കുമ്പോള്‍ മാസ്‌ക് അണിയുന്ന ജപ്പാന്‍കാര്‍ നിരത്തുകളെ ശുചിയാക്കി വയ്ക്കുന്നതിലും അതീവ ശ്രദ്ധാലുക്കളാണ്.
ലോകകപ്പിന്റെ ഉദ്ഘാടന വേദിയിലെ പ്ലാസ്റ്റിക് കുപ്പികളും പേപ്പര്‍ കപ്പുകളും ഭക്ഷണം പൊതിഞ്ഞ പേപ്പറുകളും എടുത്ത് മാറ്റിയാണ് ജപ്പാന്‍കാര്‍ മാതൃകയായത്. ജപ്പാനെ പ്രതിനിധീകരിക്കുന്ന ചിഹ്നങ്ങളുള്ള വസ്ത്രമാണ് ഇവര്‍ അണിഞ്ഞിരുന്നത്. ഈ പ്രവൃത്തിയുടെ വീഡിയോ നിരവധി പേരാണ് ഫോണില്‍ പകര്‍ത്തി സമൂഹമാദ്ധ്യമങ്ങളില്‍ പങ്കു വച്ചത്.
ബഹ്റൈന്‍ സ്വദേശിയായ ഒമര്‍ അല്‍ഫാറൂഖ് ഇന്‍സ്റ്റയില്‍ പങ്കുവച്ച വീഡിയോയില്‍ ”ഞങ്ങള്‍ ജാപ്പനീസ് ആണ്, ഞങ്ങള്‍ ചപ്പുചവറുകള്‍ ഉപേക്ഷിക്കുന്നില്ല, ഞങ്ങള്‍ പരിസരശുചിത്വത്തെ ബഹുമാനിക്കുന്നു.” എന്നാണ് മാലിന്യങ്ങള്‍ നീക്കം ചെയ്ത ജപ്പാന്‍ സ്വദേശി പ്രതികരിച്ചത്. മത്സരശേഷം സ്റ്റേഡിയത്തില്‍ ഉപേക്ഷിച്ച ഖത്തര്‍, ഇക്വഡോര്‍ ടീമുകളുടെ പതാകകള്‍ പോലും ജപ്പാന്‍കാരാണ് നീക്കം ചെയ്തത്.
ലോകകപ്പ് വേദിയില്‍ ജപ്പാന്‍ ഇത്തരത്തില്‍ വിസ്മയം തീര്‍ക്കുന്നത് ആദ്യമല്ല. 2018 ഫിഫ ലോകകപ്പില്‍ ബെല്‍ജിയത്തോട് തോറ്റ് ജപ്പാന്‍ പുറത്തായ മത്സരത്തില്‍ പോലും സ്റ്റേഡിയത്തില്‍ നിന്നും ചപ്പുചവറുകള്‍ നീക്കം ചെയ്തുകൊണ്ടാണ് ജപ്പാന്‍ ആരാധകര്‍ ലോക ഫുട്ബാള്‍ പ്രേമികളുടെ മനം കവര്‍ന്നത്.