ഇടുക്കി: ശാന്തന്‍പാറയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കര്‍ഷകന്‍ മരിച്ച സംഭവത്തില്‍ പ്രതിഷേധം. തലകുളം സ്വദേശി സാമുവലാണ് കൊല്ലപ്പെട്ടത്. ഇദ്ദേഹത്തിന്റെ മൃതദേഹവുമായി നാട്ടുകാര്‍ റോഡ് ഉപരോധിച്ചു. ഏലത്തോട്ടത്തില്‍ ജോലിയ്ക്കിടെയാണ് സാമുവലിനെ കാട്ടാന ആക്രമിച്ചത്.
‘ചില്ലിക്കൊമ്പന്‍’ എന്ന് നാട്ടുകാര്‍ വിളിക്കുന്ന ഒറ്റയാനാണ് സാമുവലിനെ ആക്രമിച്ചത്. സംഭവസ്ഥലത്തുവെച്ചുതന്നെ സാമുവല്‍ മരിച്ചു. തുടര്‍ന്ന് മൃതദേഹവുമായി പൂപ്പാറയിലെത്തി നാട്ടുകാര്‍ റോഡ് ഉപരോധിച്ച് പ്രതിഷേധിക്കുകയായിരുന്നു. നാട്ടുകാരുമായി ഡി.എഫ്.ഒ. നടത്തിയ ചര്‍ച്ചയില്‍ പ്രതിഷേധക്കാര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന ഉറപ്പു ലഭിച്ചതിനെ തുടര്‍ന്നാണ് ഉപരോധം അവസാനിപ്പിച്ചത്. നടപടിക്രമങ്ങളുടെ ഭാഗമായി സാമുവലിന്റെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.
അഞ്ചുലക്ഷം രൂപ അടിയന്തരമായി നല്‍കണമെന്നായിരുന്നു പ്രതിഷേധക്കാരുടെ പ്രധാന ആവശ്യം. എന്നാല്‍ ഫണ്ടിന്റെ അപര്യാപ്തത കാരണം അന്‍പതിനായിരം രൂപ തിങ്കളാഴ്ച തന്നെ കൈമാറി. ബാക്കിതുക ചൊവ്വാഴ്ച നല്‍കാമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവാസാനിപ്പിച്ചത്. മേഖലയിലെ കാട്ടാനയുടെ ശല്യം നിയന്ത്രിക്കാന്‍ വൈദ്യുത വേലി ഉള്‍പ്പെടെയുള്ള സംവിധാനം ഒരുക്കാമെന്നും പ്രത്യേക സംഘത്തെ ഇവിടെ നിയോഗിക്കാമെന്നും ഡി.എഫ്.ഒ. പ്രതിഷേധക്കാര്‍ക്ക് ഉറപ്പുനല്‍കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പ്രതിഷേധം അവസാനിച്ചത്.
ശാന്തന്‍പാറയിലെ തലകുളം ഉള്‍പ്പെടെയുള്ള മേഖലകളില്‍ എല്ലാ വര്‍ഷവും ആളുകള്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെടാറുണ്ട്. കഴിഞ്ഞ പത്തുകൊല്ലത്തിനിടെ നാല്‍പ്പതുപേര്‍ക്കാണ് ഇത്തരത്തില്‍ ജീവന്‍ നഷ്ടപ്പെട്ടതെന്നാണ് വിവരം.