KeralaNEWS

ചാന്‍സലര്‍ സ്ഥാനത്തുനിന്ന് മാറ്റാന്‍ സര്‍ക്കാരിന് അധികാരമില്ല, നീക്കം ചെറുക്കും; വെടി പൊട്ടിച്ച്  ഗവര്‍ണര്‍

കൊച്ചി: ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു തെറിപ്പിക്കാനുള്ള ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാര്‍ അയച്ചതിനു പിന്നാലെ പ്രതികരണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. തന്നെ ചാന്‍സലര്‍ സ്ഥാനത്തുനിന്നു മാറ്റാനുള്ള അധികാരം സംസ്ഥാന സര്‍ക്കാരിന് ഇല്ലെന്ന് ഗവര്‍ണര്‍ പറഞ്ഞു. കേരളത്തില്‍ കാലങ്ങളായി ഗവര്‍ണറാണ് സര്‍വകലാശാലകളുടെ ചാന്‍സലര്‍. നിയമവിരുദ്ധമായി തന്നെ നീക്കാനുള്ള ശ്രമങ്ങളെ ചെറുക്കുമെന്നും ചാന്‍സലര്‍ പദവി ഒഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

സര്‍വകലാശാലകളില്‍ ഒരു തരത്തിലുള്ള നിയമലംഘനവും അനുവദിക്കില്ല. യോഗ്യതയുള്ളവരാണ് ഇത്തരം സ്ഥാനങ്ങളില്‍ നിയോഗിക്കപ്പെടുന്നതെന്ന് ഉറപ്പാക്കും. മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ.രാഗേഷിന്റെ ഭാര്യ പ്രിയാ വര്‍ഗീസിന്റെ കണ്ണൂര്‍ സര്‍വകലാശാലയിലെ നിയമനത്തെ വ്യക്തിപരമായി എതിരിടാനില്ല. വ്യക്തികള്‍ക്കല്ല പ്രധാന്യം നല്‍കുന്നതെന്നും നിയമം പാലിക്കുന്നതില്‍ വിട്ടുവീഴ്ച അനുവദിക്കില്ലെന്നും ഗവര്‍ണര്‍ പറഞ്ഞു.

സാങ്കേതിക സര്‍വകലാശാലയുടെ താല്‍ക്കാലിക വൈസ് ചാന്‍സലറായി ചുമതലയേറ്റെങ്കിലും ഉദ്യോഗസ്ഥരുടെ നിസ്സഹകരണം മൂലം വിദ്യാര്‍ഥികള്‍ക്കു ബിരുദ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍പോലും കഴിയുന്നില്ലെന്ന ഡോ. സിസ തോമസിന്റെ പരാതി പരിശോധിക്കുമെന്നും മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി ഗവര്‍ണര്‍ പറഞ്ഞു. ഗവര്‍ണറെ ഒഴിവാക്കി, ബന്ധപ്പെട്ട മേഖലകളിലെ അതിപ്രഗല്ഭരെ ചാന്‍സലര്‍ സ്ഥാനത്തു കൊണ്ടുവരാനുള്ള സര്‍വകലാശാല ഭേദഗതി ഓര്‍ഡിനന്‍സ് ഇപ്പോള്‍ രാജ്ഭവന്റെ പരിഗണനയിലാണ്.

 

Back to top button
error: