LIFEMovie

വിജയാഘോഷം തുടരാൻ ബേസിൽ, ‘കഠിന കഠോരമീ അണ്ഡകടാഹം’ ഫസ്റ്റ് ലുക്ക്

സംവിധായകൻ എന്ന നിലയിൽ കരിയറിലെ ഏറ്റവും വലിയ വിജയമാണ് മിന്നൽ മുരളിയിലൂടെ ബേസിൽ ജോസഫ് സ്വന്തമാക്കിയത്. ഇപ്പോഴിതാ അഭിനേതാവ് എന്ന നിലയിലും മലയാള സിനിമയിൽ ബേസിലിന് മൂല്യം ഏറുകയാണ്. നായകനായെത്തിയ മൂന്ന് ചിത്രങ്ങൾ തുടർച്ചയായി വിജയപ്പട്ടികയിൽ ഇടംപിടിച്ചതോടെയാണ് ഇത്. ജാനെമൻ, പാൽതു ജാൻവർ, ജയ ജയ ജയ ജയ ഹേ എന്നിവയാണ് ആ ചിത്രങ്ങൾ. ഇപ്പോഴിതാ ബേസിൽ നായകനാവുന്ന മറ്റൊരു ചിത്രം കൂടി വരികയാണ്. കഠിന കഠോരമീ അണ്ഡകടാഹം എന്നു പേരിട്ടിരിക്കുന്ന ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തെത്തി.

നൈസാം സലാം പ്രൊഡക്ഷൻസിന്റെ ബാനറിൽ മുഹാഷിൻ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. പൃഥ്വിരാജ് ആണ് സോഷ്യൽ മീഡിയയിലൂടെ പോസ്റ്റർ പുറത്തിറക്കിയത്. ഇതുവരെ കാണാത്ത വേഷപ്പകർച്ചയിലാകും ചിത്രത്തിൽ ബേസിൽ എത്തുക എന്നാണ് സിനിമയുടെ സംവിധായകൻ പറയുന്നത്. പുഴു, ഉണ്ട എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച ഹർഷദ് ആണ് ചിത്രത്തിൻറെ കഥയും തിരക്കഥയും നിർവഹിക്കുന്നത്. അർജുൻ സേതു, എസ് മുണ്ടോൾ എന്നിവർ ക്യാമറ കൈകാര്യം ചെയ്യുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് സോബിൻ സോമൻ ആണ്. ഗോവിന്ദ് വസന്ത സംഗീത സംവിധാനം നിർവഹിക്കുന്ന സിനിമയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് മു.രി, ഷറഫു എന്നിവരാണ്.

ചിത്രത്തിന്റെ എക്സിക്യൂട്ടിവ് പ്രൊഡ്യൂസർമാർ വിനീഷ് വർഗീസ്, ലൈൻ പ്രൊഡ്യൂസർ ഷിനാസ് അലി എന്നിവരാണ്. പ്രോജക്ട് ഡിസൈനർ ടെസ്സ് ബിജോയ്, കലാസംവിധാനം ബനിത് ബത്തേരി, പ്രൊഡക്ഷൻ കൺട്രോളർ ഹരി കാട്ടാക്കട, ചീഫ് അസോസിയേറ്റ് ഡയറക്ടർ അനീഷ് ജോർജ്, മേക്കപ്പ് സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം അസീം അഷ്‌റഫ്, വിശാഖ് സനൽകുമാർ, ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, സ്റ്റിൽസ് ഷിജിൻ പി രാജ് എന്നിവരാണ്. ഒരു ഇടവേളയ്ക്കു ശേഷം ബേസിലിന്റെ ഒരു ഫീൽ ഗുഡ് സിനിമയുടെ ദൃശ്യാനുഭം കാത്തിരിക്കുന്ന പ്രേക്ഷകരിലേക്ക് ജനുവരിയിൽ കഠിന കഠോരമി അണ്ഡകടാഹം തിയറ്ററുകളിലേക്കെത്തും. കേരളത്തിൽ രജപുത്രാ ഫിലിംസും ഓവർസീസ് പാർസ് ഫിലിംസും ചിത്രം വിതരണത്തിനെത്തിക്കുന്നു. പി ആർ ഓ പ്രതീഷ് ശേഖർ.

Back to top button
error: