കൈക്കൂലി വാങ്ങുന്നതിനിടെ സംസ്ഥാനത്ത് രണ്ട് ജില്ലകളിലായി രണ്ട് ഉദ്യോഗസ്ഥര്‍ പിടിയില്‍. വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത് ക്ലാര്‍ക്ക് രഘുവും തിരുവനന്തപുരം കുളത്തൂര്‍ ഗ്രാമപഞ്ചായത് സെക്രട്ടറി സന്തോഷ് കുമാറുമാണ് കൈക്കൂലി വാങ്ങുന്നതിനിടയില്‍ മണിക്കുറുകളുടെ വ്യത്യാസത്തില്‍ വിജിലന്‍സ് പിടിയിലായത്.
വയനാട് മുട്ടില്‍ ഗ്രാമപഞ്ചായത് ക്ലാര്‍ക്ക് രഘു കെട്ടിട നമ്പരിനായി 10,000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ശനിയാഴ്ച ഉച്ചയ്ക്ക് ഒരു മണിക്കും തിരുവനന്തപുരം ജില്ല കുളത്തൂര്‍ ഗ്രാമപഞ്ചായത് സെക്രട്ടറി ജി.സന്തോഷ് കുമാര്‍ കരാറുകാരനില്‍ നിന്നും 5000 രൂപ കൈക്കൂലി വാങ്ങുന്നതിനിടയില്‍ ഉച്ചയ്ക്ക് മൂന്ന് മണിയോടെയുമാണ് വിജിലന്‍സ് പിടിയിലായത്.
വിജിലൻസ് ഡിവൈഎസ്‌പി ശ്യാംകുമാറും സംഘവുമാണ് സന്തോഷ് കുമാറിനെ പിടികൂടിയത്. പഞ്ചായത്തിലെ ജലനിധി പദ്ധതിയുടെ കരാറുകാരനായ കോട്ടയം ഉഴവൂര്‍ സ്വദേശി പീറ്റർ സിറിയക്കില്‍ നിന്ന് ബിൽ മാറി നല്‍കുന്നതിനായി എഴുപത്തയ്യായിരം രൂപയാണ് സന്തോഷ് കുമാർ കൈക്കൂലിയായി ആവശ്യപ്പെട്ടത്. എന്നാല്‍ ഈ തുക നല്‍കാനാവില്ലെന്ന് കരാറുകാരന്‍ പറഞ്ഞു. തുടര്‍ന്ന് കരാറുകാരന് നല്‍കേണ്ട അഞ്ച് ലക്ഷം രൂപയുടെ ബിൽ മാറി നല്‍കാന്‍ സെക്രട്ടറി തയ്യാറായില്ല. നിരവധി തവണ നേരില്‍ കണ്ട് ആവശ്യപ്പെട്ടെങ്കിലും കൈക്കൂലി നല്‍കിയാല്‍ മാത്രം ബിൽ മാറി നല്‍കൂവെന്നായിരുന്നു സെക്രട്ടറിയുടെ നിലപാട്. തുടര്‍ന്നാണ് കരാറുകാരന്‍ വിജിലന്‍സുമായി ബന്ധപ്പെട്ടത്. കൈക്കൂലി ആവശ്യപ്പെടുന്നതിന്റെ വീഡിയോയും റെക്കോഡ് ചെയ്ത ഫോണ്‍ കോളുകളും സഹിതമാണ് വിജിലന്‍സിനെ സമീപിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത വിജിലന്‍സ് സംഘം പ്രത്യേകം അടയാളപ്പെടുത്തിയ 5000 രൂപ പഞ്ചായത്ത് സെക്രട്ടറിക്ക് കൈമാറുന്നതിനായി കൊടുത്തയച്ചു.
തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ സെക്രട്ടറിയുടെ കൈയിൽനിന്ന് കണക്കില്‍പ്പെടാത്ത ഇരുപത്തിഅയ്യായിരം രൂപയും വിജിലന്‍സ് കണ്ടെത്തി. നേരെസന്തോഷ് കുമാറിനെതിരെ മുമ്പും നിരവധി പരാതികൾ ഉയർന്നിരുന്നു.