NEWSPravasi

കാസർകോട്കാരൻ സുരേന്ദ്രൻ കെ പട്ടേൽ അമേരികയിൽ ജഡ്‌ജ്‌, വധശിക്ഷ പോലും വിധിക്കാന്‍ അധികാരമുള്ള കോടതിയിലേക്കാണ് നിയമനം

കാസര്‍കോട്കാരന്‍ സുരേന്ദ്രന്‍ കെ പട്ടേല്‍ അമേരികയില്‍ ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ടു. വോടെടുപ്പിലൂടെയാണ് അദ്ദേഹം ടെക്സാസിലെ 240-ാമത് ജുഡീഷ്യല്‍ ഡിസ്ട്രിക്ട് കോടതി ജഡ്ജായി തെരഞ്ഞെടുക്കപ്പെട്ടത്. വധശിക്ഷ വരെ വിധിക്കാന്‍ അധികാരമുള്ള കോടതിയിലേക്കാണ് നിയമനം. വോടെടുപ്പില്‍ രണ്ടാമത്തെ ശ്രമത്തിലാണ് 194 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയം നേടിയത്. ഡെമോക്രാറ്റിക് സ്ഥാനാര്‍ഥിയായ സുരേന്ദ്രന്‍ സിറ്റിംഗ് ജഡ്ജിനെയാണ് 50 ശതമാനത്തിലധികം വോട്ടുകള്‍ക്ക് തോല്‍പിച്ചത്.

കാസര്‍കോട്ടെ മലയോര മേഖലയായ ബളാലിലെ പരേതനായ കോരന്‍- ജാനകി ദമ്പതികളുടെ മകനാണ്. ഹൂസ്റ്റണില്‍ സിവില്‍, ക്രിമിനല്‍, ലേബര്‍, വ്യവസായ മേഖലയില്‍ അഭിഭാഷകനായി കഴിവ് തെളിയിച്ച അദ്ദേഹം അറ്റോര്‍ണിയായി പ്രവര്‍ത്തിച്ച് വരികയായിരുന്നു. ബ്ലാല്‍ ഗവ. ഹൈസ്‌കൂളിലായിരുന്നു സെക്കന്‍ഡറി വിദ്യാഭ്യാസം. പിന്നീട് എളേരിത്തട്ട് ഗവ. കോളജ്, പയ്യന്നൂര്‍ കോളജ് എന്നിവിടങ്ങളില്‍ പഠിച്ചു. 1995 ല്‍ കോഴിക്കോട് ലോ കോളജില്‍ നിന്ന് നിയമബിരുദവുമെടുത്ത ശേഷം 10 വര്‍ഷക്കാലം ഹൊസ്ദുര്‍ഗ് ബാറിലെ അഭിഭാഷകനായിരുന്നു.

Signature-ad

ചിറ്റാരിക്കല്‍ പാലാവയല്‍ സ്വദേശിനിയും ഡെല്‍ഹിയില്‍ നഴ്സുമായ ശുഭയെ വിവാഹം കഴിച്ചതോടെ പ്രാക്ടീസ് ഡെല്‍ഹിയിലേക്ക് മാറ്റി. സുപ്രീം കോടതിയില്‍ 35 ലധികം കേസുകള്‍ വാദിച്ചിരുന്നു. 2007 ലാണ് ഭാര്യയോടൊപ്പം അമേരികയിലെത്തിയത്. ബെയ്‌ലര്‍ സെന്റ് ലൂക് ആശുപത്രിയിലാണ് നഴ്സ് ആണ് ശുഭ. മക്കള്‍: അനഘ ( 11-ാം ക്ലാസ് വിദ്യാര്‍ഥിനി), സാന്ദ്ര (9-ാം ക്ലാസ് വിദ്യാര്‍ഥിനി).

ശക്തമായ മത്സരമാണ് തെരഞ്ഞെടുപ്പില്‍ നടന്നതെന്ന് സുരേന്ദ്രന്‍ കെ പട്ടേല്‍ പറയുന്നു. ജുഡീഷ്യറി ഏറ്റവും ഉന്നത നിലവാരവും നിഷ്പക്ഷതയും പുലര്‍ത്തണമെന്ന് വിശ്വസിക്കുന്ന ആളാണ് താന്‍. ആര്‍ക്കെങ്കിലും വഴങ്ങുന്നത് തന്റെ സ്വഭാവമല്ല. ഒരു ജഡ്ജിയും അങ്ങനെ ആവാന്‍ പാടില്ല. ജഡ്ജി സ്വതന്ത്രനായിരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രണ്ടര ലക്ഷം ഡോളര്‍ വരെയുള്ള കേസുകളും മറ്റ് പ്രമാദമായ കേസുകളും കൈകാര്യം ചെയ്യുന്ന കോടതിയിലെ ജഡ്ജായാണ് സുരേന്ദ്രന്‍ സ്ഥാനമേല്‍ക്കുക. കൊലപാതകം ഉള്‍പ്പെടെ ഡിസ്ട്രിക്ട് കോടതിയുടെ പരിഗണനയില്‍ വരുന്ന കേസുകളില്‍ കുറ്റക്കാരനാണോ എന്ന് ജൂറി തീരുമാനിക്കുമ്പോള്‍ ശിക്ഷ വിധിക്കുന്നത് ജഡ്ജാണ്.

അമേരികയില്‍ എത്തിയ ശേഷം അവിടത്തെ നിയമ സ്‌കൂളിലെ പരീക്ഷയില്‍ ആദ്യ തവണ തന്നെ വിജയിച്ചിരുന്നു. പിന്നീട് യൂണിവേഴ്‌സിറ്റി ഓഫ് ഹൂസ്റ്റണ്‍ ലോ സെന്ററില്‍ നിന്ന് എല്‍എല്‍എം ബിരുദമെടുത്തു. നിയമ സംബന്ധമായ പ്രബന്ധങ്ങളും വോയിസ് ഓഫ് ഏഷ്യ പത്രത്തില്‍ വിവിധ വിഷയങ്ങളെപ്പറ്റി ഇംഗ്ലീഷ് ലേഖനങ്ങളും എഴുതിയിട്ടുണ്ട്. 2020-ലാണ് ജഡ്ജ് നിയമനത്തിനുള്ള ആദ്യ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്, പക്ഷേ പരാജയമാണ് നേരിട്ടത്. പാഠങ്ങള്‍ ഉള്‍ക്കൊണ്ട് രണ്ടാംവട്ട തെരഞ്ഞെടുപ്പിൽ വിജയം നേടി. അമേരികയിലെത്തി 15 വര്‍ഷം പിന്നിടുമ്പോഴാണ് സുരേന്ദ്രൻ കെ പട്ടേൽ ഇത്ര ഉന്നത സ്ഥാനത്ത് എത്തിയത്.

Back to top button
error: