NEWSWorld

ചര്‍ച്ച മാധ്യമങ്ങളില്‍ വന്നു; കനേഡിയന്‍ പ്രധാനമന്ത്രിയോട് ക്ഷോഭിച്ച് ഷി, ജി20ല്‍ നാടകീയ രംഗങ്ങള്‍

ജക്കാര്‍ത്ത: ഇന്തോനീഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെ കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയോട് ക്ഷോഭിച്ച് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിങ്. ഇരു നേതാക്കളും തമ്മില്‍ കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചയുടെ വിവരങ്ങള്‍ മാധ്യമങ്ങളില്‍ വന്നതിനെ വിമര്‍ശിച്ചായിരുന്നു ഷിയുടെ രോഷപ്രകടനം. കനേഡിയന്‍ പ്രധാനമന്ത്രിയോട് അസ്വസ്ഥത പ്രകടിപ്പിച്ച് സംസാരിക്കുന്ന ഷിയുടെയും തിരിച്ച് മറുപടി പറയുന്ന ട്രൂഡോയുടെയും വീഡിയോ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവന്നു.

”നമ്മള്‍ തമ്മില്‍ സംസാരിച്ചതെല്ലാം മാധ്യമങ്ങളില്‍ വന്നു. അത് ഉചിതമല്ല. അങ്ങനെയായിരുന്നില്ല ചര്‍ച്ച നടത്തേണ്ടിയിരുന്നത്”- ഷി പറഞ്ഞതായി വീഡിയോ പങ്കുവച്ചുകൊണ്ട് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

”കാനഡയില്‍ സ്വതന്ത്രവും തുറന്നതുമായ സംഭാഷണങ്ങളിലാണ് വിശ്വസിക്കുന്നത്. അത് തുടര്‍ന്നും ഉണ്ടാകും”- ജസ്റ്റിന്‍ ട്രൂഡോ മറുപടി നല്‍കി. ട്രൂഡോയുടെ മറുപടിക്ക് പിന്നാലെ ചിരിച്ചുകൊണ്ട് കൈകൊടുത്ത് ഇരു നേതാക്കളും പിരിഞ്ഞു പോകുന്നതും വീഡിയോയിലുണ്ട്.

സ്ഥലത്തുണ്ടായിരുന്ന ക്യാമറ ക്രൂവിലെ അംഗം പകര്‍ത്തിയ ദൃശ്യമാണ് പുറത്തുവന്നത്. ചൊവ്വാഴ്ചയാണ് ഇരു നേതാക്കളും തമ്മില്‍ ചര്‍ച്ച നടന്നത്. കനേഡിയല്‍ തെരഞ്ഞെടുപ്പില്‍ ചൈനീസ് ഇടപെടല്‍ ഉണ്ടാകുന്നതിനെ കുറിച്ച് ട്രൂഡോ ഷിയോട് ആശങ്ക പങ്കുവച്ചതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

 

Back to top button
error: