LocalNEWS

മോഷണം പോയ ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി, പൊലീസ് കൈമലർത്തിയപ്പോൾ കോട്ടയം കാരായ 5 കൂട്ടുകാർ നടത്തിയ ഓപ്പറേഷൻ സ്മാർട്ട് ഫോൺ

    മൊബൈൽഫോൺ മോഷണം പോകുന്നതോ കളഞ്ഞുപോകുന്നതോ പുതുമയുള്ള കാര്യമല്ല. കാണാതായി നിമിഷങ്ങൾക്കുള്ളിൽ തന്നെ ഫോൺ സ്വിച്ച് ഓഫാക്കുന്നത് മൂലം കണ്ടെത്താനും ബുദ്ധിമുട്ടാണ്. അതിനാൽ പലസന്ദർഭങ്ങളിലും പൊലീസും നിസ്സഹായരാണ്. ഇപ്പോഴിത പൊലീസ് കൈമലർത്തിയതോടെ നഷ്ടപ്പെട്ട ഫോൺ മണിക്കൂറുകൾക്കുള്ളിൽ കണ്ടെത്തി പൊലീസിന്റെ പോലും കൈയടി നേടിയിരിക്കുകയാണ് അഞ്ച് ചെറുപ്പക്കാർ.

മുപ്പതിനായിരം രൂപയുടെ ഫോൺ ആണ് മോഷണം പോയത്. കോട്ടയം നാഗമ്പടം സ്വദേശികളായ പി. ഗോവിന്ദ്, അതുൽ രാജേഷ്, അമൽ സാം വർഗീസ്, നെവിൻ ടി. സക്കറിയ, അഖിൽ ജോർജ് എന്നിവർ ചേർന്ന് നടത്തിയ ഈ ഓപ്പറേഷൻ സ്മാർട്ട് ഫോൺ സംഭവബഹുലം.
ആ കഥ ഇങ്ങനെ:

പനയക്കഴിപ്പ് തലവന്നാട്ട് ഇല്ലത്തുനിന്നാണ് വ്യാഴാഴ്ച ഫോൺ മോഷണംപോയത്. ഭിക്ഷക്കാരനെന്ന് തോന്നിക്കുന്ന യുവാവ് വെള്ളം ചോദിച്ചെത്തുകയും വീട്ടുകാരനായ പരമേശ്വരൻ നമ്പൂതിരിയുടെ കണ്ണുവെട്ടിച്ച് ഉമ്മറത്തിരുന്ന ഫോണുമായി മുങ്ങുകയുമായിരുന്നു. മരുമക്കളായ സൂര്യലത, വിജയകുമാർ, ചെറുമകൻ ഗോവിന്ദ് എന്നിവർ ചേർന്ന് സൈബർ സെല്ലിലും കോട്ടയം വെസ്റ്റ് പൊലീസ് സ്റ്റേഷനിലും പരാതിനൽകിയെങ്കിലും പൊലീസ് ഴെിഞ്ഞു മാറി.

പൊലീസ് സഹായം ലഭ്യമാകില്ലെന്ന് മനസ്സിലാക്കിയതോടെ യുവാക്കൾ സ്വന്തം നിലയിൽ ഫോൺ‌ അന്വേഷണം ഏറ്റെടുത്തു. നഷ്ടപ്പെട്ട ഫോണിലേക്കു ഗോവിന്ദ് തുടർച്ചയായി വിളിച്ചു. വൈകുന്നേരത്തോടെ മോഷ്ടാവ് ഫോൺ ഓൺ ചെയ്തതായി മനസ്സിലായി. തുടർന്ന് ഗൂഗിളിന്റെ ഫൈൻഡ് മൈ ഡിവൈസ് ഉപയോഗിച്ച് ഫോണിന്റെ ലോക്കേഷൻ കണ്ടെത്തി. കുറിച്ചിയിൽ ഫോൺ ഉണ്ടെന്ന് മനസ്സിലായതോടെ സൈബർ സെല്ലിനെ വിവരം അറിയിച്ചു. എന്നാൽ നിങ്ങൾ തന്നെ അന്വേഷിക്കൂ എന്നായിരുന്നു യുവാക്കൾക്ക് ലഭിച്ച പ്രതികരണം. തുടർന്ന് ഗോവിന്ദും സുഹൃത്തുക്കളും കൂടി കുറിച്ചിയിൽ ഫോൺ ഇരിക്കുന്ന സ്ഥലത്തെത്തി. പ്രദേശം കഞ്ചാവടിക്കാരുടെ താവളമാണെന്ന് നാട്ടുകാർ പറഞ്ഞു. ഇതിനിടെ പരിചയക്കാരനും പ്രദേശവാസിയുമായ റിട്ട. എസ്‌.ഐ കെ.കെ. റെജി സഹായിക്കാനെത്തി. എല്ലാവരും ചേർന്ന് കഞ്ചാവ് സംഘത്തിന്റെ താവളത്തിലെത്തി.
ഫൈൻഡ് മൈ ഡിവൈസിൽ പ്ലേ സൗണ്ട് എന്ന ഓപ്ഷനിലൂടെ ഫോണിലെ അലാറം അടിപ്പിച്ചു. ഗോഡൗണുകൾക്കു സമീപം കാട്ടിനുള്ളിൽ പൊട്ടിപ്പൊളിഞ്ഞ കെട്ടിടത്തിലാണ് മോഷ്ടാവ് ഫോൺ വച്ചിരിക്കുന്നതെന്ന് മനസിലായി. ചിങ്ങവനം പോലീസിനെ ഉടൻ വിവരമറിയിച്ചു. എത്താമെന്ന് അറിയിച്ചെങ്കിലും കൃത്യസമയത്ത് പോലീസ് എത്തിയില്ല. ഒടുവിൽ രണ്ടും കല്പിച്ച് തിരഞ്ഞപ്പോൾ കിട്ടിയത് നഷ്ടപ്പെട്ട തങ്ങളുടെ ഫോണടക്കം ഏഴ് ഫോണുകൾ…! രാത്രി പത്തുമണിയോടെ ചിങ്ങവനം സ്റ്റേഷനിൽനിന്ന് പട്രോളിങ് വണ്ടിയെത്തി. ഫോണുകൾ അവർക്ക് കൈമാറി. എസ്‌.ഐ യുടെ മുന്നിൽവെച്ച് ഫോൺ വാങ്ങണമെന്ന ചട്ടമുള്ളതിനാൽ കൈയിൽ കിട്ടാൻ ഒരുദിവസംകൂടി കാത്തിരിക്കേണ്ടിവന്നു.

ഫോണിൽ സ്വിച്ച് ഓഫ് ബട്ടൺ അമർത്തുമ്പോൾ സാംസങ്ങിന്റെ അസിസ്റ്റന്റ് ആപ്പ് ആയ ബിക്സ്ബി തുറക്കാനുള്ള ഓപ്ഷൻ ഓൺ ആയതാണ് ഇവിടെ അനുഗ്രഹമായത്.
ഇതുകാരണം കള്ളൻ ഓഫ് ബട്ടൺ ഞെക്കി ഫോൺ ഒളിപ്പിച്ചെങ്കിലും ഓഫ് ആയിരുന്നില്ല. ഗൂഗിളിൽ സെർച്ച് ചെയ്താൽ ലഭിക്കുന്ന ഫൈൻഡ് മൈ ഡിവൈസ് സേവനത്തിൽ കയറി, കാണാതായ ഫോണിന്റെ ഗൂഗിൾ അക്കൗണ്ടിൽ ലോഗിൻ ചെയ്തു. അതിലൂടെയാണ് വിവരങ്ങൾ അറിയാനും നിയന്ത്രിക്കാനും സാധിച്ചത്.

ഫോണുമായി തിരിച്ചു പോകുന്നതിനു മുൻപ് ഗോവിന്ദിന്റെയും കൂട്ടുകാരുടെയും നമ്പർ വാങ്ങാൻ പൊലീസുകാർ മറന്നില്ല. ”ആരുടെയെങ്കിലും ഫോൺ പോയാൽ വിളിക്കാം, കണ്ടുപിടിക്കാൻ സഹായിക്കുമല്ലോ…?”
എന്നാണ് ആ മിടുക്കന്മാരോട് പൊലീസ് തന്നെ ചോദിച്ചത്.

Back to top button
error: