IndiaNEWS

ശിശുദിനത്തിന്റെ ചരിത്രവും പ്രാധാന്യവും അറിയുക, 1964-ന് ശേഷം അതിന്റെ തീയതി മാറിയത് എന്തുകൊണ്ട്…?

ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവഹർലാൽ നെഹ്‌റുവിനുള്ള ആദരസൂചകമായി എല്ലാ വർഷവും നവംബർ 14 ന് ഇൻഡ്യയിൽ ശിശുദിനം ആഘോഷിക്കുന്നു. കുട്ടികളുടെ അവകാശങ്ങൾ, സംരക്ഷണം, വിദ്യാഭ്യാസം എന്നിവയെക്കുറിച്ച് അവബോധം വളർത്തുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്. ശിശുദിനം രാജ്യത്തുടനീളമുള്ള കുട്ടികൾക്ക് വേണ്ടി നിരവധി വിദ്യാഭ്യാസ പ്രചോദന പരിപാടികൾ സംഘടിപ്പിക്കുന്നു. ജവഹർലാൽ നെഹ്‌റുവിനെ ‘ചാച്ചാ നെഹ്‌റു’ എന്നാണ് സ്നേഹപൂർവ്വം വിളിച്ചിരുന്നത്. കുട്ടികളോടും റോസാപ്പൂക്കളോടും അദ്ദേഹത്തിന് വളരെ ഇഷ്ടമായിരുന്നു. കുട്ടികളെ രാജ്യത്തിന്റെ ഭാവിയായും നാളത്തെ നായകരായും അദ്ദേഹം കണക്കാക്കി.

1889 നവംബർ 14നാണ് പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റു ജനിച്ചത്. ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് ടെക്‌നോളജി, ഓൾ ഇൻഡ്യ ഇൻസ്റ്റിറ്റ്യൂട് ഓഫ് മെഡികൽ സയൻസസ്, ഇൻഡ്യൻ ഇൻസ്റ്റിറ്റ്യൂട് ഓഫ് മാനജ്‌മെന്റ് തുടങ്ങി നിരവധി വിദ്യാഭ്യാസ സ്ഥാപനങ്ങൾ അദ്ദേഹം സ്ഥാപിച്ചു. സൗജന്യ പ്രാഥമിക വിദ്യാഭ്യാസം, സ്കൂളുകളിൽ സൗജന്യ ഭക്ഷണം എന്നിവയും അദ്ദേഹം ഊന്നിപ്പറഞ്ഞു.

ശിശുദിനം

ജവഹർലാൽ നെഹ്‌റുവിന്റെ മരണത്തിന് മുമ്പ് നവംബർ 20 നാണ് ഇൻഡ്യയിൽ ശിശുദിനം ആഘോഷിച്ചിരുന്നത്. ഈ ദിവസം ഐക്യരാഷ്ട്രസഭയും ശിശുദിനമായി ആചരിക്കുന്നുണ്ട്. 1959-ലാണ് സ്വാതന്ത്ര്യത്തിന് ശേഷം ഇൻഡ്യയിൽ ആദ്യമായി ശിശുദിനം ആചരിച്ചത്. എന്നാൽ 1964-ൽ, പണ്ഡിറ്റ് ജവഹർലാൽ നെഹ്‌റുവിന്റെ മരണശേഷം ശിശുദിനാഘോഷങ്ങളുടെ തീയതി നവംബർ 20-ൽ നിന്ന് നെഹ്‌റുവിന്റെ ജന്മദിനമായ നവംബർ 14-ലേക്ക് മാറ്റി.

ശിശുദിനത്തിന്റെ പ്രാധാന്യം

ഒരു രാജ്യത്തിന്റെ ഭാവി ആ രാജ്യത്തെ കുട്ടികളുടെ കൈകളിലാണ്. രാജ്യത്തിന്റെ ഭാവി കെട്ടിപ്പടുക്കുന്നതിന്, കുട്ടികൾക്ക് ശാരീരികമായും മാനസികമായും വിദ്യാഭ്യാസപരമായും ധാർമികമായും ശരിയായ മാർഗനിർദേശം ലഭിക്കേണ്ടത് ആവശ്യമാണ്. ഈ അവബോധം കുട്ടികളിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് ശിശുദിനം ആഘോഷിക്കുന്നത്. നമ്മുടെ ചുറ്റുമുള്ള കുട്ടികൾക്ക് നല്ല വിദ്യാഭ്യാസമോ നല്ല അന്തരീക്ഷമോ നൽകിയാൽ, അത് രാജ്യത്തിന്റെ ഭാവിയെയും സന്തോഷകരമായ ഒരു നാടിനെ സൃഷ്ടിക്കാനും കഴിയും.

Back to top button
error: