ചിക്കനോ കുറച്ച് ബീഫോ ഇല്ലാതെ ഭക്ഷണം കഴിക്കാൻ പ്രയാസമാണ് പലർക്കും. പ്രത്യേകിച്ച് യുവാക്കൾക്ക്. അത്തരക്കാർ ഇക്കാര്യങ്ങൾ മനസിലാക്കിയാൽ നന്ന്. സ്ഥിരമായി മാംസാഹാരം കഴിക്കുന്നത് ശരീരത്തിന് ഒട്ടും നല്ലതല്ല.
കോഴിയിറച്ചി ഉള്‍പ്പെടെയുള്ള വൈറ്റ് മീറ്റ് കൊളസ്ട്രോള്‍ കൂട്ടുമെന്നാണ് പഠനം തെളിയിക്കുന്നത്. റെഡ്മീറ്റിലെ ഉയര്‍ന്ന പൂരിത കൊഴുപ്പ് ഹൃദയസംബന്ധമായ രോഗങ്ങള്‍ ഉണ്ടാക്കാന്‍ കാരണമാകുമെന്നും പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഭക്ഷണത്തില്‍ നിന്നും ലഭിക്കുന്ന പോഷകങ്ങളാണ് അന്നജം, മാംസ്യം, കൊഴുപ്പ്, ധാതു ലവണങ്ങള്‍, വിറ്റാമിന്‍ എന്നിവ. ഇതില്‍ അന്നജം എന്നത് മാംസാഹാരത്തില്‍ തീരെയില്ല. വിറ്റാമിന്‍ വളരെ ചെറിയ അളവില്‍ ചുരുക്കം ചില മാംസ്യഭക്ഷണത്തില്‍ കാണാം.
മാംസാഹാരം സ്ഥിരമായി കഴിക്കുന്നവരില്‍ ചീത്ത കൊളസ്‌ട്രോള്‍ കൂടുന്നതായാണ് പഠനങ്ങള്‍ വ്യക്തമാക്കുന്നത്. മാംസം സംസ്‌ക്കരിച്ച് പാക്കറ്റിലാക്കിയും മറ്റു ഭക്ഷണത്തിനൊപ്പവും കഴിക്കുന്നത് ക്യാന്‍സറിന് കാരണമാകും. അതുകൊണ്ടുതന്നെ, ശീതീകരിച്ച് സൂക്ഷിക്കുന്ന പാക്കറ്റിലുള്ള സംസ്‌ക്കരിച്ച മാംസവും, ഇറച്ചിയുള്ള പഫ്‌സ്, ബര്‍ഗര്‍, സാന്‍ഡ്വിച്ച് എന്നിവ ഒഴിവാക്കുകയും ചെയ്യുന്നത് നല്ലതാണ്. ബീഫ്, മട്ടന്‍ എന്നീ ചുവന്ന മാംസങ്ങൾ ദിവസവും കഴിക്കുന്നവര്‍ക്ക് ക്യാന്‍സര്‍ പിടിപെടാനുള്ള സാധ്യത മറ്റുള്ളവരെ അപേക്ഷിച്ച് 17 ശതമാനം അധികമായിരിക്കുമെന്ന് ലോകാരോഗ്യ സംഘടനയുടെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഇപ്പോള്‍ മാംസാഹാരം കനലില്‍ ചുട്ടെടുക്കുന്നത് വളരെ വ്യാപകമാണ്. ഇത്തരത്തില്‍ കനലില്‍ ചുട്ടെടുക്കുന്ന മാംസാഹാരം അമിതമായി കഴിക്കുന്നത്, ക്യാന്‍സറിന് കാരണമാകും.
മാറി മാറി വരുന്ന ജീവിത സാഹചര്യവും ഭക്ഷണ രീതിയുമാണ് പല രോഗങ്ങള്‍ക്കും കാരണമാകുന്നത്. പ്രത്യേകിച്ച് ജങ്ക് ഫുഡ് കഴിക്കുന്നത് ഒരു പരിധിവരെ ക്യാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്ക് കാരണമാകുമെന്ന് ആധുനിക വൈദ്യശാസ്ത്രം തെളിയിച്ചു കഴിഞ്ഞതാണ്.