KeralaNEWS

നിരത്തുകളിൽ പിടഞ്ഞു മരിക്കുന്ന കൗമാരങ്ങൾ, വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ പയ്യന്നൂരിലെ അർജുനും മുണ്ടക്കയത്തെ പ്രിജിലും തിരൂരിലെ ഹസീബും കൗമാരം കടക്കാത്ത കുട്ടികൾ

ടാങ്കർ ലോറിയും ബുള്ളറ്റുംകൂട്ടിയിടിച്ച് പയ്യന്നൂരിൽ ബിടെക് വിദ്യാർഥിക്ക് ദാരുണാന്ത്യം. അപകടത്തിൽ ഇരുചക്രവാഹനം ലോറിയിൽ കുടുങ്ങി. ദേശീയ പാതയിൽ ഗ്യാസ് ടാങ്കർ ലോറിയും ബുള്ളറ്റും കൂട്ടിയിടിച്ചാണ് ബിടെക് വിദ്യാർഥിയായ അർജുൻ മരണമടഞ്ഞത്. തൃക്കരിപ്പൂർ എടാട്ടുമ്മൽ സ്വദേശിയും പ്രവാസിയുമായ ഗണേശൻ- സരിത ദമ്പതികളുടെ മകനും മംഗ്ലൂര് കോളജിൽ എൻജിനീയറിങ് വിദ്യാർത്ഥിയുമാണ് 18 കാരനായ അർജുൻ. വെള്ളൂർ ആർ.ടി. ഓഫീസിൽ മുന്നിൽ പുലർച്ചെ മൂന്നുമണിക്കാണ് അപകടം നടന്നത്. ക്ഷേത്രത്തിൽ ഒറ്റക്കോല മഹോത്സവത്തിന് പോയ ശേഷം പയ്യന്നൂർ ഏഴിലോട്ടയിലെ മാതാവിൻ്റെ വീട്ടിലേയ്ക്കു പോകുമ്പോഴാണ് അർജുൻ സഞ്ചരിച്ച ബൈക്ക് എതിർ ദിശയിൽ നിന്നും വരികയായിരുന്ന ടാങ്കർ ലോറിയുമായി കൂട്ടിയിടിച്ചത്. ഇടിയുടെ ആഘാതത്തിൽ ലോറിയുടെ മുൻ ടയറുകൾക്കിടയിലേക്ക് ഇടിച്ചുകയറിയ നിലയിലായിരുന്നു ബുള്ളറ്റ്. ഫയർഫോഴ്സ് ഏറെ പണിപ്പെട്ടാണ് അർജുനെ പുറത്തെടുത്തത്. ഒരാഴ്ച മുമ്പാണ് അർജുൻ ബാംഗ്ലൂർ കോളജിൽനിന്ന് ബിടെക് കോഴ്സിന് ചേർന്നത്. പെരിയാരത്ത് പുതുതായി പെട്രോൾ പമ്പ് തുടങ്ങുന്നതിന് ജോലിക്കാരെ വിളിക്കാൻ പോവുകയായിരുന്നു പിതാവ് ഗണേശൻ ഏഴിലോട്ട് ഭാര്യയുടെ വീടിനടുത്ത് ആളുകളെ കണ്ടപ്പോഴാണ് പുലർച്ചെ നടന്ന അപകട വിവരം അറിഞ്ഞത്. അർജുനെ പലതവണ പിതാവ് ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കിട്ടിയിരുന്നില്ല. മരിച്ച അർജുന ഒരു സഹോദരനും ഉണ്ട്

മൃതദേഹം പെരിയാരം മെഡിക്കൽ കോളജിൽ സൂക്ഷിച്ചിരിക്കുകയാണ്.

എംസി റോഡിലെ തിരുവല്ല ബൈപ്പാസ് വീണ്ടും മരണക്കെണിയായി. മഴുവങ്ങാട് ചിറ പാലത്തില്‍ പാര്‍സല്‍ ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ 18കാരന് ദാരുണാന്ത്യം. മുണ്ടക്കയം സ്വദേശി തോമസിന്റെ മകന്‍ പ്രിജില്‍ ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു അപകടം.

തിരുവല്ലയില്‍ നിന്നും ചെങ്ങന്നൂര്‍ ഭാഗത്തേക്ക് പോവുകയായിരുന്ന പ്രിജില്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ എതിര്‍ ദിശയില്‍ നിന്ന് വന്ന ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു.

ലോറിയില്‍ ഇടിച്ച്‌ നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് ലോറിക്ക് പിന്നാലെ വന്ന ഓട്ടോറിക്ഷയിലും ഇടിച്ച ശേഷം വലതുഭാഗത്തേക്ക് തെറിച്ചു വീണു. അപകടത്തില്‍ തലയ്ക്ക് ഗുരുതര പരിക്കേറ്റ പ്രിജിലിനെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. ലോറി ഡ്രൈവറെ തിരുവല്ല പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.

മലപ്പുറം തിരൂർക്കാട് വാഹനാപകടത്തിൽ വിദ്യാർത്ഥി മരിച്ചു. തിരൂർക്കാട് തടത്തിൽ വളവ് കിണറ്റിങ്ങതൊടി ഹംസയുടെ മകൻ ഹസീബ് ആണ്‌ മരിച്ചത് . തിരൂർക്കാട് നസ്റ കോളജ് വിദ്യാർത്ഥിയാണ്. ഇന്നലെ നടന്ന കോളജ് തെരഞ്ഞെടുപ്പിൽ ഫൈൻ ആർട്സ് ക്ലബ് സെക്രട്ടറിയായി വിജയിച്ചിരുന്നു. തിരൂർക്കാട് ചവറോഡിൽ വൈകിട്ട് ബൈക്ക് മറ്റൊരു ബൈക്കുമായി കൂടി ഇടിച്ചാണ് അപകടമുണ്ടായത്.

കുഞ്ഞിനെ പാലൂട്ടാൻ സ്കൂളിൽ നിന്ന് വീട്ടിലേക്ക് സ്കൂട്ടറിൽ പോയ അധ്യാപിക വാഹനാപകടത്തില്‍ മരിച്ചു. മുരിങ്ങോടി മനോജ് റോഡിലെ കരിപ്പാക്കണ്ടി സജീറിന്‍റെ ഭാര്യ റഷീദ (30) ആണ് മരിച്ചത്. പേരാവൂരിലെ സ്വകാര്യ കംപ്യൂട്ടർ വിദ്യാഭ്യാസ സ്ഥാപനത്തിലെ അധ്യാപികയായ റഷീദ ഉച്ച ഭക്ഷണം കഴിക്കുന്നതിനും ഒന്നര വയസ്സ് പ്രായമുള്ള ഇളയ കുഞ്ഞിനെ പാലൂട്ടുന്നതിനും വീട്ടിലേക്ക് പോകവേയാണ് അപകടമുണ്ടായത്. റഷീദ ഓടിച്ചിരുന്ന സ്കൂട്ടറിന് പിന്നിൽ മിനി ലോറി ഇടിച്ചാണ് അപകടം ഉണ്ടായത്. പേരാവൂർ ഇരിട്ടി റോഡിലുടെ പോകുമ്പോൾ സ്കൂട്ടറിന് പിന്നിൽ അമിത വേഗതയിൽ എത്തിയ മിനി ലോറി ഇടിക്കുകയായിരുന്നു. ഉടൻ പേരാവൂരിലെ സൈറസ് ആസ്പത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭർത്താവ് സജീർ തൊണ്ടിയിൽ ടൗണിലെ പലചരക്ക് വ്യാപാരിയാണ്.

ഹരിപ്പാട്: സ്കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് അധ്യാപിക മരിച്ചു. മണ്ണാറശാല യു.പി സ്കൂൾ അധ്യാപിക ഹരിപ്പാട് കാരിയ്ക്കാ മഠത്തിൽ സന്തോഷ് കുമാറിന്റെ ഭാര്യ മായ. പി കെ (49)ആണ് മരിച്ചത്. ഇന്നലെ വൈകുന്നേരം 6.30ന് ഹരിപ്പാട് വിയപുരം റോഡിൽ കോമളത്ത്കുളങ്ങര ജംഗ്ഷന് സമീപം വെച്ച് സ്കൂട്ടറും ബൈക്കും തമ്മിൽ കൂട്ടിയിടിച്ചായിരുന്നു അപകടം.

മകനോടൊപ്പം സ്കൂട്ടറിൽ യാത്ര ചെയ്യുകയായിരുന്ന മായ അപകടത്തെ തുടർന്ന് റോഡിൽ തെറിച്ചു വീഴുകയായിരുന്നു. ഉടൻ തന്നെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലുമരിച്ചു. മകൻ: വിഷ്ണു ശർമ.

ഓണക്കാലത്തെ അഞ്ച് ദിവസം, 29 അപകട മരണങ്ങൾ

ഓണത്തോടനുബന്ധിച്ച ആഘോഷത്തിന്റെ അഞ്ച് ദിവസങ്ങളില്‍ മാത്രം സംസ്ഥാനത്ത് വാഹനാപകടത്തില്‍ മരിച്ചത് 29 പേര്‍. സെപ്റ്റംബർ 07 മുതല്‍ 11 വരെ സംഭവിച്ച വാഹനാപകടത്തിന്റെ കണക്കുകള്‍ കേരള പൊലീസ് ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് പുറത്തുവിട്ടത്. ഈ ദിവസങ്ങളിലുണ്ടായ വാഹനാപകടങ്ങളില്‍ മരണമടഞ്ഞ പതിനൊന്ന് ഇരുചക്രവാഹന യാത്രക്കാര്‍ ഹെല്‍മെറ്റ് ധരിച്ചിരുന്നില്ലെന്നും പൊലീസ് ചൂണ്ടിക്കാട്ടി.
ഓണാഘോഷം പൊലിമയുള്ളതായിരുന്നെങ്കിലും കണക്കുകള്‍ വേദനിപ്പിക്കുന്നതാണെന്ന് ആമുഖമായി സൂചിപ്പിച്ചുകൊണ്ടാണ് കേരള പൊലീസ് കണക്കുകള്‍ പുറത്തുവിട്ടത്. റോഡുകളില്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ഗതാഗത നിയമങ്ങള്‍ പാലിക്കണമെന്നും കേരള പൊലീസ് ഓര്‍മിപ്പിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: