
കണ്ണൂരിലെ അഴീക്കല്‍ തുറമുഖത്തെ റീജിയനല്‍ പോര്‍ട്ടായി ഉയര്‍ത്തുന്നതിന് തീരുമാനിച്ചതായി മാരിടൈം ബോര്‍ഡ് ചെയര്‍മാനായി ചുമതലയേറ്റ എന്‍.എസ് പിള്ള പറഞ്ഞു. ഇതിനായി കാസര്‍കോട്, കണ്ണൂര്‍, തലശ്ശേരി തുടങ്ങിയ ചെറു തുറമുഖങ്ങളെ കൂട്ടി ചേര്‍ത്ത് പുതിയ പോർട്ട് ഓഫീസര്‍ തസ്തികയും അനുബന്ധ സൗകര്യങ്ങളും ഒരുക്കും. അന്തിമ തീരുമാനത്തിന് ബോര്‍ഡില്‍ നയപരമായ തീരുമാനമെടുത്ത് സര്‍ക്കാര്‍ അംഗീകാരം ലഭിക്കണം.
വളരെ കാലത്തോളം കപ്പല്‍ ഗതാഗതം നടത്തി പാരമ്പര്യമുള്ള അഴീക്കലിന്റെ പ്രൗഢി വീണ്ടെടുക്കാനും തുറമുഖ വികസനത്തിനുമായി കേരള മാരിടൈം ബോര്‍ഡും വ്യവസായികളുമായി നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.
വടക്കന്‍ മലബാറിന്റെ വികസനത്തിനും കപ്പല്‍ ഗതാഗതത്തിനും ഏറെ സാധ്യതയുള്ള തുറമുഖമാണ് അഴീക്കല്‍. ഇവിടെ കപ്പല്‍ ഗതാഗതം പുന:സ്ഥാപിക്കാനുള്ള നടപടികള്‍ സ്വീകരിക്കും. കണ്ണൂരില്‍നിന്ന് തിരിച്ച് ചരക്ക് കുറവാണെന്ന കാരണത്താലാണ് കപ്പലുകള്‍ അഴീക്കലിലേക്ക് വരാന്‍ വിമുഖത കാട്ടുന്നത്. ഇതിന് പരിഹാരമായി കേരള മാരിടൈം ബോര്‍ഡ് സ്വന്തമായി രണ്ട് കപ്പലുകള്‍ വാങ്ങി ഗതാഗതം പുന:സ്ഥാപിക്കും.
2023 – 2024 സാമ്പത്തിക വര്‍ഷത്തെ ബഡ്ജറ്റില്‍ ഇതിനുള്ള തുക വകയിരുത്താന്‍ 30 കോടി രൂപയുടെ പ്രൊപോസല്‍ നല്‍കും. ലഭിക്കാന്‍ സാധ്യതയുള്ള ചരക്കുകളെ കുറിച്ച് സെന്റര്‍ ഫോര്‍ മാനേജ്‌മെന്റ് ആന്‍ഡ് ഡെവലപ്‌മെന്റ് മുഖേന പഠനം നടത്തും.
അഴീക്കലില്‍ കപ്പല്‍ചാലിന് നിലവില്‍ മൂന്ന് മീറ്ററാണ് ആഴം. ഇത് നാല് മീറ്ററായി വര്‍ധിപ്പിക്കാനും ചരക്ക് കണ്ടെയ്‌നറുകള്‍ സൂക്ഷിക്കുന്നതിന് ആവശ്യമായ വെയര്‍ഹൗസ് നിര്‍മിക്കാനുമുള്ള നടപടിക്രമങ്ങള്‍ വേഗത്തിലാക്കും. പദ്ധതി നടപ്പാക്കാന്‍ വൈകിയതിനാല്‍ അഴീക്കല്‍ തുറമുഖത്ത് കുടിവെള്ളം ലഭ്യമാക്കുന്ന പദ്ധതിക്ക് അനുവദിച്ച തുക തിരിച്ചെടുത്തിരുന്നു. ഈ തുക തിരികെ ലഭിക്കുന്നതിനും പദ്ധതി നടപ്പാക്കുന്നതിനുമുള്ള നടപടികളും സ്വീകരിക്കുമെന്ന് മാരി ടൈം ബോര്‍ഡ് ചെയര്‍മാന്‍ അറിയിച്ചു.
യോഗത്തില്‍ നിയമസഭാ സ്പീകര്‍ എ.എന്‍ ഷംസീര്‍, കെ.വി സുമേഷ് എംഎല്‍എ, ജില്ലാ കലക്ടര്‍ എസ് ചന്ദ്രശേഖര്‍, അഴീക്കോട് ഗ്രാമപഞ്ചായത് പ്രസിഡന്റ് കെ അജീഷ്, കേരള മാരിടൈം ബോര്‍ഡ് സി.ഇ.ഒ സലിംകുമാര്‍, കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ അശ്വിനി പ്രതാപ്, അഴീക്കല്‍ പോര്‍ട്ട് ഓഫീസര്‍ ക്യാപ്റ്റന്‍ പ്രതീഷ് നായര്‍, വിവിധ വ്യവസായികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.