Breaking NewsNEWS

തൃശൂരിലും പിന്‍വാതില്‍ നിയമനം? കോര്‍പ്പറേഷനില്‍ പ്രതിഷേധം, കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ അറസ്റ്റ് ചെയ്തു

തൃശ്ശൂര്‍: കോര്‍പ്പറേഷനിലെ ശുചീകരണ തൊഴിലാളികളുടെ സ്ഥിരം നിയമനത്തിലെ ക്രമക്കേടില്‍ പ്രതിഷേധവുമായി പ്രതിപക്ഷം. തൃശ്ശൂര്‍ കോര്‍പ്പറേഷനിലേക്ക് കോണ്‍ഗ്രസ് കൗണ്‍സിലര്‍മാര്‍ പ്രതിഷേധമാര്‍ച്ച് നടത്തി. മേയറുടെ ചേംബറിലേക്ക് തള്ളിക്കയറാന്‍ ശ്രമിച്ച കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. ഡി.സി.സി. പ്രസിഡന്റ് ജോസ് വള്ളൂര്‍ അടക്കമുള്ളവര്‍ പ്രതിഷേധനത്തിന് നേതൃത്വം നല്‍കി.

സി.പി.എമ്മുമായി അടുത്ത ബന്ധമുള്ള 76 പേരെ സ്ഥിരപ്പെടുത്താന്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. ഇത് പിന്‍വാതില്‍ നിയമനമാണെന്ന് ഹൈക്കോടതിയും കണ്ടെത്തിയിരുന്നു. 2021 ജൂലൈയില്‍ അഭിമുഖം നടത്തിയാണ് ഉദ്യോഗാര്‍ഥികളെ കണ്ടെത്തിയത്. 15 മുതല്‍ 20 വര്‍ഷം വരെ ജോലിചെയ്തതിന്റെ കൃത്യമായ രേഖകളുള്ള ജീവനക്കാരെ സ്ഥിരപ്പെടുത്താന്‍ ഹൈക്കോടതി വിധിയുള്ളപ്പോഴാണ് അനധികൃത നിയമനമെന്നാണ് ആരോപണം.

എംപ്ലോയ്മെന്റ് എക്സചേഞ്ച് വഴി ആദ്യം കുറച്ചുപേരുടെ പട്ടിക തയ്യാറാക്കി. അതില്‍ 22 പേരെ അനധികൃതമായി ചേര്‍ത്ത് അന്തിമപട്ടിക തയ്യാറാക്കുകയായിരുന്നു. നിയമന നടപടികള്‍ അന്തിമഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് ഹൈക്കോടതി വിഷയത്തില്‍ ഇടപെട്ടത്. 76 പേരുടെ നിയമനം പിന്‍വാതില്‍ വഴിയാണെന്ന് ബോധ്യപ്പെട്ട കോടതി, നിയമനം സ്റ്റേ ചെയ്യുകയായിരുന്നു.

എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് വഴി നിയമിക്കപ്പെടുന്നവരില്‍ ഭൂരിപക്ഷവും സി.പി.എം. പ്രവര്‍ത്തകരോ പോഷകസംഘടനയില്‍ ഉള്ളവരോ ആണെന്ന് ഉദ്യോഗാര്‍ഥികള്‍ ആരോപിച്ചു. 50 വയസ്സില്‍ താഴെയുള്ള 310 പേരുടെ പട്ടിക കോര്‍പ്പറേഷന്‍ തന്നെ തയ്യാറാക്കിയിരുന്നു. ഇതില്‍ നിന്ന് നിയമനം നടത്താതെയാണ് അനധികൃതനിയമനത്തിന് ശ്രമിച്ചത്. 76 പേര്‍ക്ക് നിയമനം നല്‍കാന്‍ കൗണ്‍സില്‍ യോഗത്തില്‍ അജണ്ട തയ്യാറാക്കി, പ്രതിപക്ഷം പോലും അറിയാതെ പാസാക്കിയെടുത്തുവെന്നാണ് ആരോപണം.

”പ്രവൃത്തിപരിചയമുള്ള 310 പേരുടെ ലിസ്റ്റില്‍ നിന്ന് നിയമനം പൂര്‍ത്തിയായ ശേഷം മാത്രമേ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് നിയമനം നടത്താന്‍ പാടുള്ളൂ എന്നാണ് ഹൈക്കോടതി വിധി. എംപ്ലോയ്മെന്റിലെ സീനിയോറിറ്റി ലിസ്റ്റ് പ്രകാരമുള്ള ഒരു നിയമനവും ഇവിടെ നടന്നിട്ടില്ല. പാര്‍ട്ടിക്കാരും അവരുടെ താത്പര്യമുള്ളവരേയും മാത്രം പലരുടേയും കത്തോടുകൂടിയാണ് നിയമനം നടന്നിട്ടുള്ളത്”, ശുചീകരണത്തൊഴിലാളിയായ കെ.ടി. സെബാസ്റ്റ്യന്‍ പറഞ്ഞു.

 

 

Back to top button
error: