തമിഴകം ആകാംക്ഷയോടെ കാത്തിരിക്കുന്ന രണ്ട് ചിത്രങ്ങളാണ് അജിത്തിന്റെ ‘തുനിവും’ വിജയ്യുടെ ‘വരിശും’. രണ്ടും പൊങ്കല്‍ റിലീസായിട്ടാണ് റിലീസ് ചെയ്യുക. അതുകൊണ്ടുതന്നെ രണ്ട് താരങ്ങളുടെയും ആരാധകര്‍ ആവേശത്തിലാണ്. ഇപ്പോഴിതാ ഇരു താരങ്ങളുടെയും ആരാധകരെ സന്തോഷിപ്പിക്കുന്ന ഒരു വാര്‍ത്ത പുറത്തുവരുന്നു.
ഉദയ്നിധി സ്റ്റാലിന്റെ റെഡ് ജിയാന്റ് മൂവീസ് ‘തുനിവ്’ വിതരണം ചെയ്യുമ്പോള്‍ സെവൻ സ്ക്രീൻ സ്റ്റുഡിയോയാണ് ‘വരിശ്’ അവതരിപ്പിക്കുന്നത്. എന്തായാലും രണ്ട് ചിത്രങ്ങള്‍ക്കും തമിഴ്നാട്ടില്‍ ഒരേ സ്ക്രീൻ കൗണ്ടായിരിക്കും എന്ന് ഉദയ്നിധി സ്റ്റാലില്‍ അറിയിച്ചതാണ് ആരാധകരെ സന്തോഷത്തിലാക്കിയിരുന്നു. എന്തായാലും ഇരു താരങ്ങളുടെയും ചിത്രങ്ങള്‍ തിയറ്ററിലേക്ക് തുല്യ എണ്ണം സ്ക്രീനുകളില്‍ എത്തുമ്പോള്‍ അത് ആഘോഷമയി മാറുമെന്ന് തീര്‍ച്ച. വിജയ് നായകനാകുന്ന ചിത്രം വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുമ്പോള്‍ ‘തുനിവ്’ എച്ച് വിനോദാണ് ഒരുക്കുന്നത്.
മഹേഷ് ബാബു നായകനായ ‘മഹര്‍ഷി’ എന്ന ചിത്രത്തിലൂടെ മികച്ച ജനപ്രിയ ചിത്രത്തിനുള്ള 2019ലെ ദേശീയ അവാര്‍ഡ് നേടിയ സംവിധായകനാണ് വരിശ്’ ഒരുക്കുന്ന വംശി പൈഡിപ്പള്ളി. ശ്രീ വെങ്കടേശ്വര ക്രിയേഷന്‍സിന്റെ ബാനറില്‍ ദില്‍ രാജുവും ശിരീഷും ചേര്‍ന്നായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാണം. ഈ നിര്‍മ്മാണ കമ്പനിയുടെ ആദ്യ തമിഴ് ചിത്രമാണ് ഇത്. ഫാമിലി എന്റര്ടെയ്നര് വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ വിജയ്ക്കും രശ്മിക മന്ദാനയ്ക്കും പുറമേ ശരത് കുമാര്‍, പ്രകാശ് രാജ്, ശ്യാം, പ്രഭു, ജയസുധ, ശ്രീകാന്ത്, ഖുശ്ബു, സംഗീത കൃഷ്ണ തുടങ്ങിയവരും അഭിനയിക്കുന്നു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 26ന് പ്രഖ്യാപിച്ച പ്രോജക്റ്റ് ആണ് ഇത്. വിജയ്യുടെ അറുപത്തിയാറാം ചിത്രമാണ് ഇത്. തമിഴിലും തെലുങ്കിലുമായിട്ടാണ് ചിത്രം എത്തുക.
അജിത്ത് നായകനാകുന്ന ചിത്രത്തിന്റെ തിരക്കഥയും എഴുതുന്നത് എച്ച് വിനോദ് ആണ്. വീര, സമുദ്രക്കനി, ജോണ്‍ കൊക്കെൻ, തെലുങ്ക് നടൻ അജയ് തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ബോണി കപൂറാണ് ചിത്രം നിര്‍മിക്കുന്നത്. അജിത്തും എച്ച് വിനോദും ബോണി കപൂറും ‘വലിമൈ’ക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് ‘തുനിവ്’.