കൊല്ലം: മദ്യലഹരിയില്‍ കാറോടിച്ച് യുവാവിന്റെ പരാക്രമം. ബൈക്ക് യാത്രക്കാരനെ ഇടിച്ചു വീഴ്ത്തിയത് ചോദ്യം ചെയ്ത നഗരസഭ വനിതാ കൗണ്‍സിലര്‍ക്കും പരിക്കേറ്റിട്ടുണ്ട്.സംഭവത്തിൽ ശക്തികുളങ്ങര സ്വദേശി ബെന്‍ റൊസാരിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.
കാലിന് പരുക്കേറ്റ കൗണ്‍സിലറായ ആശയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കെയാണ്.ദേശീയ പാതയില്‍ കൊല്ലം വള്ളിക്കീഴ് ജംക്ഷന് സമീപം ഇന്ന് വൈകിട്ടാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാറില്‍ എത്തിയ ശക്തികുളങ്ങര സ്വദേശി ബെന്‍ റൊസാരിയൊയാണ് അപകടകരമായ രീതിയില്‍ വാഹനം ഓടിച്ചത്. ആലാട്ടുകാവ് ഡിവിഷന്‍ കൗണ്‍സിലര്‍ ആശയോട് അസഭ്യം പറയുകയും തര്‍ക്കിക്കുകയും ചെയ്തു. പിന്നീട് ബൈക്ക് യാത്രക്കാരനെ മര്‍ദിച്ചു.
കൗണ്‍സിലര്‍ ആശ കാര്‍ തടഞ്ഞ് പൊലീസിനെ വിളിക്കാന്‍ ശ്രമിക്കുന്നതിനിടെ ഇയാള്‍ കാര്‍ മുന്നോട്ടെടുക്കുകയും ആശയുടെ കാലിലൂടെ വാഹനം കയറ്റി ഇറക്കുകയും ചെയ്തു. യുവാവ് മദ്യ ലഹരിയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. പ്രതിയെയും കാറും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്നും കൂടുതൽ നടപടികൾ ഉണ്ടാകുമെന്നും പോലീസ് പറഞ്ഞു.