കൊല്ലം: കുണ്ടറയിൽ സ്വകാര്യ ബസ് ജീവനക്കാർ തമ്മിലുണ്ടായ സംഘര്‍ഷത്തിനൊടുവിൽ ഒരു ബസിലേക്ക് മറ്റൊരു ബസ് ഇടിച്ചുകയറ്റി. സമയക്രമത്തെ ചൊല്ലിയുണ്ടായ തര്‍ക്കത്തെ തുടർന്നാണ് സംഭവം. ഇടിയുടെ ആഘാതത്തിൽ ബസിന്റെ ചില്ലുകൾ തകർന്നു. പ്രയർ, അന്നൂർ എന്നീ ബസുകളിലെ ജീവനക്കാർ തമ്മിലായിരുന്നു സംഘർഷം. സംഭവത്തിൽ രണ്ടു ബസിലേയും ജീവനക്കാരെ കുണ്ടറ പൊലീസ് കസ്റ്റഡിയിലെടുത്തു.
അതേസമയം, നെയ്യാറ്റിൻകരയിൽ കോടതി പരിസരത്ത് റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിച്ച യുവാവ് പിടിയിലായി. നെയ്യാറ്റിൻകര കോടതി പരിസരത്ത് റിമാൻഡ് പ്രതികൾക്ക് കഞ്ചാവ് വിൽക്കാൻ ശ്രമിക്കുന്നതിനിടയിലാണ് പാറശാല മുര്യങ്കര കോടവിളാകം പാലുകുഴി പുത്തൻ വീട്ടിൽ ബിബിനെ (24) നെയ്യാറ്റിൻകര പൊലീസ് പിടികൂടിയത്. ഇയാളിൽ നിന്ന് 33.82 ഗ്രാം കഞ്ചാവും പൊലീസ് പിടിച്ചെടുത്തു. സംസ്ഥാനത്തെ ജയിലുകളിലേക്ക് പുറത്ത് നിന്ന് ലഹരി എത്തുന്നുവെന്ന ഏഷ്യനെറ്റ് ന്യൂസ് റോവിങ് റിപോർട്ടർ കണ്ടെത്തൽ ശരിവെയ്ക്കുന്നതായിരുന്നു അറസ്റ്റ്. ഇക്കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ കോടതി പരിസരത്ത് സംശയകരമായ രീതിയിൽ കണ്ടെത്തിയ ബിബിനെ പിടികൂടി പരിശോധന നടത്തിയപ്പോഴാണ് പൊലീസിന് കഞ്ചാവ് ലഭിക്കുന്നത്. റിമാൻഡ് പ്രതികൾക്ക് നൽകാൻ ചെറിയ പൊതികളിലാക്കി സൂക്ഷിച്ച നിലയിലായിരുന്നു ഇവ.
അന്വേഷണത്തിൽ സ്കൂൾ പരിസരത്ത് കറങ്ങി നടന്ന് കഞ്ചാവ് വിൽക്കുന്ന ആളാണ് ഇയാളെന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. പൊഴിയൂർ, പാറശാല പൊലീസ് സ്റ്റേഷനുകളിൽ ഇയാളുടെ പേരിൽ അടിപിടി കേസുകളും റജിസ്റ്റർ ചെയ്തിട്ടുണ്ട്. നെയ്യാറ്റിൻകര സിഐ: കെ ആർ ബിജുവിന്‍റെ നേതൃത്വത്തിൽ എസ് ഐ ആർ സജീവ്, സൈലസ്, ജയരാജ്, സീനിയർ സി പി ഒ ഷിബു, പ്രവീൺ, എ കെ രതീഷ്, പ്രശാന്ത് എന്നിവർ അടങ്ങിയ സംഘമാണ് ഇയാളെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി.