പത്തനംതിട്ട: മകന്റെ മരണത്തിന് പിന്നിലെ യഥാര്‍ഥ കാരണം കണ്ടെത്തുന്നതിനായി ഒരു പിതാവ് നടത്തുന്ന നിയമ പോരാട്ടത്തിന് എട്ടു വര്‍ഷത്തിന് ശേഷം വിജയം.
മംഗലാപുരത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായിരുന്ന പത്തനംതിട്ട ഇലന്തൂര്‍ കുഴിക്കാല മേപ്പുറത്ത് വീട്ടില്‍ അഡ്വ. എം.എസ്.രാധാകൃഷ്ണന്റെയും ഡോ. ശ്രീദേവിയുടെയും മകന്‍ രോഹിത് രാധാകൃഷ്ണന്റെ മരണം സിബിഐ അന്വേഷിക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. അന്വേഷണം വച്ചു നീട്ടിയ കര്‍ണാടക സിബിസിഐഡി വിഭാഗത്തിന് കോടതി ഒരു ലക്ഷം രൂപ പിഴയും ചുമത്തി. ഒരു മാസത്തിനകം രോഹിതിന്റെ പിതാവ് അഡ്വ. എം.എസ്. രാധാകൃഷ്ണന് പിഴത്തുക കൈമാറാനും കോടതി നിര്‍ദേശിച്ചു.
മംഗലാപുരം കുന്തിക്കാനയിലെ എ.ജെ. മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ അവസാന വര്‍ഷ എം.ബി.ബി.എസ് വിദ്യാര്‍ത്ഥിയായിരുന്ന രോഹിതിന്റെ മൃതദേഹം 2014 മാര്‍ച്ച് 23 ന് തണ്ണീര്‍ഭാവി ബീച്ചിലേക്കുള്ള റോഡിലെ കുറ്റിക്കാടുകള്‍ക്ക് സമീപം തല വേര്‍പെട്ട നിലയിലാണ് കണ്ടെത്തിയത്. പനമ്ബൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് മൃതദേഹം കിടന്നിരുന്നത്.
അമിത വേഗതയില്‍ ബൈക്ക് ഓടിച്ച രോഹിത് വൈദ്യുതി പോസ്റ്റില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ മരിച്ചുവെന്നായിരുന്നു പൊലീസ് ഭാഷ്യം.മാത്രമല്ല,അശ്രദ്ധമായും അലക്ഷ്യമായും വാഹനമോടിച്ചതിനും മരണത്തിനും ഐപിസി 279, 304 (എ) വകുപ്പുകള്‍ പ്രകാരം പൊലീസ് കേസുമെടുത്തിരുന്നു.
പിന്നീടായിരുന്നു രാധാകൃഷ്ണൻ കര്‍ണാടക സിബിസിഐഡി വിഭാഗത്തെ സമീപിച്ചത്.