KeralaNEWS

മാധ്യമങ്ങൾ ഇനിയും ചോദ്യങ്ങൾ ചോദിച്ച് കൊണ്ടേയിരിക്കും

“കടക്ക് പുറത്ത്”. കുറച്ച് നാളുകൾക്ക് മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ മാധ്യമങ്ങൾക്ക് നേരെ ആക്രോശിച്ചത് ഇതും പറഞ്ഞാണ്. അതേ സമീപനം തന്നെയാണ് ഇന്ന് സംസ്ഥാനത്തെ ഭരണഘടന തലവനായ ഗവ‍ർണറിൽ നിന്നും കണ്ടത്. മുൻകൂട്ടി കിട്ടിയ ക്ഷണപ്രകാരമെത്തിയ കൈരളിയോടും മീഡിയ വണ്ണിനോടുമാണ് ഗവർണർ പുറത്ത് പോകാൻ പറഞ്ഞത്. അവർ വാ‍ർത്താസമ്മേളനത്തിൽ ഉണ്ടെങ്കിൽ താൻ ഇറങ്ങി പോകുമെന്ന് പറഞ്ഞും ഗവർണർ കടുപ്പിച്ചു. ഗവർണർക്കെതിരെ വാർത്ത നൽകിയതാണ് ഈ രണ്ട് മാധ്യമങ്ങളോടുമുള്ള ഗവർണറുടെ വിലക്കിന് ആധാരം.

രണ്ട് മാധ്യമങ്ങളെ പുറത്താക്കിയതിന് പിന്നാലെ ഗവർണറോട് മറുചോദ്യം ചോദിക്കാൻ മറ്റുള്ളവർ മറന്നില്ല. രാജ്ഭവൻ അറിയിപ്പ് നൽകിയത് കൊണ്ടാണ് അവരും ഇവിടെ എത്തിയതെന്നായിരുന്നു മറ്റുള്ളവരുടെ പ്രതികരണം. എന്നാൽ ഈ ചോദ്യങ്ങൾക്കെല്ലാം ഗവർണർ കയർത്തുകൊണ്ടിരിക്കുകയായിരുന്നു. ഇതിനിടയിൽ ഇന്ന് കേരളം മുഴുവൻ ഉയർന്ന് കേട്ടത് ഏഷ്യാനെറ്റ് ന്യൂസിന്‍റെ വാക്കുകളാണ്. ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ അനൂപ് ബാലചന്ദ്രന്‍റെ വാക്കുകളാണ്. നേരെ നിന്ന് ധൈര്യമായി ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ ഗവർണറോട് ചോദ്യം ചോദിച്ചു. വിളിച്ച് വരുത്തിയതിന് ശേഷം രണ്ട് മാധ്യമങ്ങളോട് മാത്രം ഗവർണർ കാണിക്കുന്നത് അസഹിഷ്ണുതയല്ലേ എന്നായി അനൂപ് ബാലചന്ദ്രൻ. പല തവണ ഗവർണർ കാണിച്ചത് ശരിയല്ലെന്ന് ഗവർണറുടെ മുഖത്ത് നോക്കി ചോദിക്കാൻ  ഏഷ്യാനെറ്റ് ന്യൂസ് ലേഖകൻ തയ്യാറായി. എന്നാൽ ചോദ്യങ്ങൾക്കൊന്നും വ്യക്തമായി മറുപടി നൽകാൻ ഗവർണർക്കായില്ല.
സഹപ്രവർത്തകന് നേരെ ഒരു കാരണവുമില്ലാതെ ഒരാൾ ആക്രോശിക്കുമ്പോൾ ഇത് തന്നെയാണ് ചെയ്യേണ്ടത്. അത് ഏത് ഉയർന്ന സ്ഥനത്തിരിക്കുന്ന ആളായാലും. ഗവർണറുടെ വിലക്കിന് ശേഷം അനൂപ് ബാലചന്ദ്രൻ ഏഷ്യാനെറ്റ് ന്യൂസിൽ വാർത്ത റിപ്പോർട്ട് ചെയ്യുമ്പോൾ പറഞ്ഞതാണ് ശരി, ചോദ്യങ്ങൾ ഇനിയും ചോദിച്ച് കൊണ്ടേയിരിക്കും. അതെ ചോദ്യങ്ങൾ ചോദിക്കണം. അതിന് ആരെയും പേടിക്കേണ്ട കാര്യമില്ല…..

Back to top button
error: