LocalNEWS

വയനാട് വീണ്ടും കടുവാപ്പേടിയില്‍; കൂട്ടില്‍ കെട്ടിയിട്ട ഏഴ് ആടുകളെ കൊന്നു

വയനാട്: മീനങ്ങാടി പഞ്ചായത്തില്‍ കടുവശല്യം തുടരുന്നു. ഇന്നലെ രാത്രി 7 ആടുകളെക്കൂടി കടുവ കൊന്നു. കൊളഗപ്പാറ ചൂരിമലക്കുന്ന് തുരുത്തുമ്മേല്‍ മേഴ്സിയുടെ നാലും ആവയല്‍ പുത്തന്‍പുര സുരേന്ദ്രന്റെ മൂന്നും ആടുകളെയാണ് കടുവ പിടിച്ചത്.

വനപാലകര്‍ രണ്ടിടങ്ങളിലും പരിശോധന നടത്തി. കടുവശല്യത്തിനു പരിഹാരം ആവശ്യപ്പെട്ട് ബീനാച്ചി-പനമരം റോഡ് ഉപരോധം അടക്കം സമരത്തിനു ഒരുങ്ങുകയാണ് ചൂരിമലക്കുന്ന്, ആവയല്‍ നിവാസികള്‍. കഴിഞ്ഞ ഒരു മാസത്തിനിടെ മീനങ്ങാടി പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുപ്പതോളം ആടുകളെയാണ് കടുവ പിടിച്ചത്.

Signature-ad

വയനാട്ടിലെ മറ്റു പ്രദേശങ്ങളിലും വന്യമൃഗങ്ങളുടെ ആക്രമണം പരിഭ്രാന്തി പരത്തി. മണിയന്‍കുന്ന് വട്ടക്കുനി ഹൗസില്‍ ജോണ്‍സന്റെ രണ്ടര വയസ്സ് പ്രായമുള്ള ഗര്‍ഭിണിയായ ആടിനെയാണ് കടിച്ചു കൊണ്ടുപോയത്. പ്രാഥമിക പരിശോധനയില്‍ മണിയന്‍കുന്നിലെ ആടിനെ കൊണ്ടുപോയത് പുലിയാണെന്നു വ്യക്തമായതായി വനപാലകര്‍ പറഞ്ഞു.

കഴിഞ്ഞ ദിവസം പൂതാടി പഞ്ചായത്തിലെ മണല്‍വയല്‍, കല്ലോണിക്കുന്ന് ഗ്രാമങ്ങളിലും കടുവസാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ ഈ പ്രദേശത്ത് കടുവയെ കണ്ടവരുണ്ട്. കല്ലോണിക്കുന്ന് കുളമാലയില്‍ ബിജുവിന്റെ തോട്ടത്തില്‍ കടുവ ഭക്ഷിച്ച ശേഷം ഉപേക്ഷിച്ച കാട്ടുപന്നിയുടെ ജഡാവശിഷ്ടങ്ങള്‍ കണ്ടെത്തി.

 

 

 

 

 

 

 

Back to top button
error: