കോഴിക്കോട്: ലോകകപ്പ് ആവേശത്തില്‍ ആരാധകര്‍ കട്ടൗട്ടുകള്‍ സ്ഥാപിച്ച പുള്ളാവൂര്‍ പുഴ ചാത്തമംഗലം പഞ്ചായത്ത് പരിധിയിലല്ലെന്നു കൊടുവള്ളി നഗരസഭാ ചെയര്മാന്. സ്ഥലം കൊടുവള്ളി നഗരസഭയുടെതെന്ന് ചെയര്മാന് അബ്ദു വെള്ളറ വ്യക്തമാക്കി. കട്ടൗട്ടുകള്‍ മാറ്റണമെന്നാവശ്യപ്പെട്ട് ചാത്തമംഗലം പഞ്ചായത്തിന് ലഭിച്ച പരാതി നിലനില്‍ക്കില്ലെന്നും നഗരസഭാ ചെയര്മാന് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് നഗരസഭയ്ക്ക് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
”പുഴയുടെ രണ്ടുഭാഗവും കൊടുവള്ളി നഗരസഭയുടേതാണ്. നഗരസഭയ്ക്ക് പരാതി ലഭിക്കാത്തതിനാല്‍ യാതൊരു നടപടികളിലേക്കും പോകേണ്ട ആവശ്യം നിലവില്‍ ഇല്ല. കട്ടൗട്ടുകള്‍ പുഴയുടെ നീരൊഴുക്കിനെ തടസ്സപ്പെടുത്തില്ലെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്. നിയമപ്രശ്നങ്ങള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ പരാതിവരുമ്പോള്‍ പരിശോധിക്കും. എന്നാല്‍, ഇപ്പോള്‍ നഗരസഭ പൂര്‍ണ്ണമായും ഫുട്ബോള്‍ ആരാധകര്‍ക്കൊപ്പമാണ്. പഞ്ചായത്ത് അധികൃതര്‍ എന്താണ് പറഞ്ഞതെന്ന് അറിയില്ല. പുഴയും പുഴയുടെ രണ്ടുഭാഗവും കൊടുവള്ളി മുന്‍സിപ്പാലിറ്റിയുടെ പരിധിയില്‍പ്പെട്ടതാണ്”- നഗരസഭാ ചെയര്മാന് പറഞ്ഞു.
അഭിഭാഷകന്റെ പരാതിയില്‍ അന്വേഷണം നടത്തുകയാണ് ഉണ്ടായതെന്നും കട്ടൗട്ടുകള്‍ മാറ്റാന്‍ രേഖാമൂലം ആവശ്യപ്പെട്ടിട്ടില്ലെന്നും ചാത്തമംഗലം പഞ്ചായത്ത് വിശദീകരണം നല്കി. ആരാധകര്ക്കൊപ്പമാണെന്ന നഗരസഭയുടെ നിലപാടില്‍ ആശ്വാസമുണ്ടെന്ന് നാട്ടുകാര്‍ പ്രതികരിച്ചു.