
തിരുവനന്തപുരം: ട്രെയിനില്‍ അശ്ലീലപ്രദര്‍ശനം നടത്തിയ പ്രതി പിടിയില്‍. കരുനാഗപ്പള്ളി സ്വദേശി ജയകുമാറിനെയാണ് റെയില്‍വേ പോലീസ് കസ്റ്റഡിയില്‍ എടുത്തത്. മാധ്യമ വാര്‍ത്തയുടെ അടിസ്ഥാനത്തില്‍ റെയില്‍വേ പോലീസ് സ്വമേധയാ കേസെടുത്തിരുന്നു.
കഴിഞ്ഞ ദിവസമായിരുന്നു സംഭവം. നാഗര്‍കോവില്‍-കോട്ടയം എക്‌സ്പ്രസില്‍ തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്ക് യാത്രചെയ്ത സഹോദരിമാര്‍ക്കാണ് ദുരനുഭവമുണ്ടായത്. തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറിയ ആളാണ് പെണ്‍കുട്ടികള്‍ക്ക് നേരേ ലൈംഗികചേഷ്ടകള്‍ കാണിച്ചത്. ഇയാളുടെ ദൃശ്യങ്ങള്‍ പെണ്‍കുട്ടികള്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയിരുന്നു. റെയില്‍വേ സ്റ്റേഷന്റെ പരിസരത്തുള്ള സി.സി. ടിവി ദൃശ്യങ്ങളടക്കം പരിശോധിച്ചതിന് പിന്നാലെയാണ് അറസ്റ്റ്.
”ശൗചാലയത്തിന് സമീപം നില്‍ക്കുകയായിരുന്ന ഇയാള്‍ സഹോദരിയെ നോക്കിയാണ് ആദ്യം അശ്ലീലപ്രദര്‍ശനം നടത്തിയത്. ഇതോടെ അവള്‍ മൊബൈലില്‍ വീഡിയോ പകര്‍ത്തി. തുടര്‍ന്ന് ഫോണ്‍ എനിക്ക് കൈമാറിയതോടെയാണ് ഞാന്‍ സംഭവം ശ്രദ്ധിക്കുന്നത്. ഞങ്ങള്‍ വീഡിയോ പകര്‍ത്തിയെന്ന് മനസിലാക്കിയ അയാള്‍ കഴക്കൂട്ടം സ്റ്റേഷനില്‍ ഇറങ്ങി മറ്റൊരു ബോഗിയില്‍ കയറി. പിന്നീട് വര്‍ക്കല സ്റ്റേഷനില്‍ ഇറങ്ങി ഇയാള്‍ പുറത്തേക്ക് പോകുന്നതാണ് കണ്ടത്”- പെണ്‍കുട്ടി പറഞ്ഞു.






