HealthLIFE

കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പുറത്തിറക്കി

തിരുവനന്തപുരം: നവകേരളം കര്‍മ്മ പദ്ധതി ആര്‍ദ്രം രണ്ടിന്റെ ഭാഗമായുള്ള കേരള കാന്‍സര്‍ കെയര്‍ സ്യൂട്ടിന്റെ കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പുറത്തിറക്കി. ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജിന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.

കേരള കാന്‍സര്‍ നിയന്ത്രണ പരിപാടിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയാണ് കാന്‍സര്‍ കെയര്‍ പോര്‍ട്ടല്‍ രൂപകല്പന ചെയ്തത്. വാര്‍ഷിക ആരോഗ്യ പരിശോധനയുടെ ഭാഗമായി ശൈലി ആപ്പ് മുഖേന ഇതുവരെ സ്‌ക്രീന്‍ ചെയ്ത 37 ലക്ഷത്തിലധികം ആളുകളില്‍ രണ്ടു ലക്ഷത്തി നാല്‍പ്പത്തിനായിരത്തിലധികം ആളുകളെയാണ് കാന്‍സര്‍ ക്ലിനിക്കല്‍ സ്‌ക്രീനിംഗിന് വിധേയമാക്കേണ്ടത്. കുടുംബാരോഗ്യ കേന്ദ്രം, സാമൂഹികാരോഗ്യ കേന്ദ്രം എന്നിവിടങ്ങളിലാണ് ക്ലിനിക്കല്‍ സ്‌ക്രീനിംഗ് സൗകര്യം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ആഴ്ചയില്‍ ഒരു നിശ്ചിത ദിവസം ക്ലിനിക്കല്‍ ബ്രെസ്റ്റ് എക്‌സാമിനേഷന്‍, ഓറല്‍ എക്‌സാമിനേഷന്‍, പാപ് സ്മിയര്‍ പരിശോധന എന്നിവയാണ് ചെയ്യുന്നത്.

പരിശോധനക്ക് ശേഷം ബയോപ്‌സി, എഫ്എന്‍എസി, തുടങ്ങിയവ വേണ്ടവരെ താലൂക് ആശുപത്രികളിലേക്ക് റഫര്‍ ചെയ്യും. താലൂക്ക് ആശുപത്രികളില്‍ ഈ ടെസ്റ്റുകള്‍ക്ക് വേണ്ട സാമ്പിളുകള്‍ എടുക്കുന്നതിനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമ്പിളുകള്‍ ഹബ് ആന്‍ഡ് സ്‌പോക്ക് സാമ്പിള്‍ മാനേജ്‌മെന്റ് സിസ്റ്റം വഴി ജില്ലാ ലാബുകളില്‍ എത്തിച്ചായിരിക്കും പരിശോധന നടത്തുന്നത്. ലാബ്‌സിസ് പോര്‍ട്ടല്‍ വഴി പരിശോധനാ ഫലം ലഭ്യമാക്കും. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും ആവശ്യമായ പരിശീലനവും നല്‍കിയിട്ടുണ്ട്.

കാന്‍സര്‍ ചികിത്സാ കേന്ദ്രങ്ങളുടെ നേതൃത്വത്തില്‍ തയ്യാറാക്കിയ കാന്‍സര്‍ കെയര്‍ ഗ്രിഡ് രീതിയിലാവും കാന്‍സര്‍ കണ്ടെത്തുന്നവര്‍ക്ക് ചികിത്സ നല്‍കുന്നത്. ഈ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമാണ് കാന്‍സര്‍ സ്‌ക്രീനിംഗ് പോര്‍ട്ടല്‍. ഇ ഹെല്‍ത്ത് ടീം ആണ് പോര്‍ട്ടല്‍ വികസിപ്പിച്ചത്.

ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ടിങ്കു ബിസ്വാള്‍, ഇ ഹെല്‍ത്ത് പ്രോജക്ട് ഡയറക്ടര്‍ മുഹമ്മദ് വൈ സഫീറുള്ള, എന്‍.എച്ച്.എം. സ്റ്റേറ്റ് മിഷന്‍ ഡയറക്ടര്‍ ഡോ. കാര്‍ത്തികേയന്‍, ആരോഗ്യ വകുപ്പ് അഡീഷണല്‍ ഡയറക്ടര്‍ ഡോ. നന്ദകുമാര്‍ എന്നിവര്‍ പങ്കെടുത്തു.

+ posts

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: