NEWS

മദ്യപനായ മകനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ മാതാപിതാക്കൾ ഉൾപ്പടെ നാല് പേര്‍ അറസ്റ്റിൽ

ഹൈദരാബാദ്:മദ്യപനായ മകനെ കൊലപ്പെടുത്താന്‍ ക്വട്ടേഷന്‍ കൊടുത്ത സംഭവത്തില്‍ മാതാപിതാക്കൾ ഉൾപ്പടെ നാല് പേര്‍ അറസ്റ്റിൽ.
തെലങ്കാനയിലെ സൂര്യപേട്ടിലാണ് സംഭവം.ഹുസുര്‍നഗര്‍ സ്വദേശി സായിനാഥ് (26) ആണ് കൊല്ലപ്പെട്ടത്.
സംഭവത്തിൽ ഇയാളുടെ മാതാപിതാക്കള്‍, ബന്ധു, ഓട്ടോ ഡ്രൈവര്‍ എന്നിവരാണ് അറസ്റ്റിലായത്. ഒക്‌ടോബര്‍ 19നാണ് ശൂന്യം പഹാഡിന് സമീപം മൂസി നദിയില്‍ സായിനാഥിന്‍റെ മൃതദേഹം കണ്ടെത്തിയത്.

ഖമ്മം സ്വദേശികളായ ക്ഷത്രിയ രാം സിങ്ങും റാണിബായിയുമാണ് സായിനാഥിന്‍റെ മാതാപിതാക്കള്‍. മദ്യപാനത്തിന് അടിമയായ സായിനാഥ് കഴിഞ്ഞ നാല് വര്‍ഷമായി പണത്തിന് വേണ്ടി ശല്യം ചെയ്യുന്നത് പതിവായിരുന്നു. മകന്‍റെ ഉപദ്രവം സഹിക്കവയ്യാതെയാണ് രാം സിങ്ങും റാണിബായിയും കൊലപാതകമെന്ന തീരുമാനത്തിലേക്ക് എത്തിയതെന്ന് ഹുസുര്‍നഗര്‍ സിഐ രാമലിംഗ റെഡ്ഡി അറിയിച്ചു.

തുടര്‍ന്ന് ഇരുവരും ചേര്‍ന്ന് സായിനാഥിന്‍റെ അമ്മാവനായ സത്യനാരായണ സിങ്ങിനെ വിവരമറിയിച്ചു. തുടര്‍ന്ന് ഒക്‌ടോബര്‍ 18ന് സത്യനാരായണ സിങ്ങും ഓട്ടോ ഡ്രൈവറായ രമാവത് രവിയും ചേര്‍ന്ന് സായിനാഥിനെ നല്‍ഗൊണ്ട ജില്ലയിലെ മൈസമ്മ ക്ഷേത്രത്തിലേക്ക് കൂട്ടിക്കൊണ്ടുപോയി. ക്ഷേത്രത്തില്‍ വച്ച്‌ ഇരുവരും ചേര്‍ന്ന് സായിനാഥിനെ മദ്യം നല്‍കി മയക്കിയ ശേഷം ശ്വാസം മുട്ടിച്ച്‌ കൊലപ്പെടുത്തി മൃതദേഹം പുഴയിൽ ഉപേക്ഷിക്കുകയായിരുന്നു.

Signature-ad

 

 

മൂസി നദിയില്‍ എറിഞ്ഞ മൃതദേഹം അടുത്ത ദിവസമാണ് കണ്ടെത്തുന്നത്. സംഭവത്തെ തുടര്‍ന്ന് സിസിടിവി കേന്ദ്രീകരിച്ച്‌ നടത്തിയ അന്വേഷണത്തില്‍ ക്ഷേത്രത്തിലെത്താന്‍ പ്രതികള്‍ ഉപയോഗിച്ച കാര്‍ പൊലീസ് കണ്ടെത്തി. തുടര്‍ന്ന് നടത്തിയ അന്വേഷണമാണ് സായിനാഥിന്‍റെ മാതാപിതാക്കളിലേക്ക് എത്തിയത്. ചോദ്യം ചെയ്യലില്‍ പ്രതികള്‍ കുറ്റം സമ്മതിച്ചതായി സിഐ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: