LocalNEWS

ഭക്ഷണവും വസ്ത്രവും ഉള്ളിലാക്കി വീട് ജപ്തി ചെയ്തു: ഒന്നര ലക്ഷം രൂപ വായ്പ എടുത്ത കുടുംബത്തെ പെരുവഴിയിലാക്കി തൃശ്ശൂർ അർബൻ കോപ്പറേറ്റീവ് ബാങ്ക്

തൃശ്ശൂര്‍ അര്‍ബന്‍ കോ ഓപ്പറേറ്റീവ് ബാങ്കില്‍ നിന്നും ഒന്നര ലക്ഷം രൂപ വായ്‌പ എടുത്ത കുടുംബത്തിന്‍റെ വീട് ജപ്‌തി ചെയ്‌തു. അമ്മയും മക്കളും മാത്രം അടങ്ങുന്ന കുടുംബം ഇപ്പോള്‍ പെരുവഴിയിലാണ്. പേരാമംഗലം മുണ്ടൂര്‍ സ്വദേശി ഓമന, മഹേഷ്‌, ഗിരീഷ് എന്നിവരാണ് വീടിനു പുറത്തു നില്‍ക്കുന്നത്.

ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് ഉടുതുണിയും ഭക്ഷണ സാധനങ്ങളും ഉള്ളിലാക്കി വീട്സീല്‍ ചെയ്‌ത് ബാങ്ക് അധികൃതര്‍ പോയത്.

മുന്നറിയിപ്പില്ലാതെ അമ്മയും മക്കളും അടങ്ങുന്ന പട്ടികജാതി കുടുംബത്തെ പെരുവഴിയിയിലാക്കി വീട് ജപ്തി ചെയ്ത കോണ്‍. ബാങ്ക് ഭരണസമിതി നീക്കത്തിനെതിരെ ഒടുവിൽ സര്‍ക്കാര്‍ ഇടപെട്ടു. റിസ്‌ക് ഫണ്ടില്‍ നിന്ന് പണം നല്‍കി കുടുംബത്തിന്റെ വീട് തിരിച്ചെടുത്ത് നല്‍കാന്‍ സഹകരണ വകുപ്പ് മന്ത്രി നിര്‍ദേശം നല്‍കി . സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍, കുടുംബാംഗങ്ങളെ നേരിട്ടു കണ്ട് വിവരങ്ങള്‍ തേടി.

ഓമന എന്ന ഈ അമ്മയുടെ കണ്ണീരിന് ഒരാശ്വാസമായി. കഴിഞ്ഞ രാത്രി അതിദയനീയമായിരുന്നു ഇവരുടെ അവസ്ഥ. കൂലിപ്പണിക്കായി മകനും വീട്ടുജോലിക്കായി ഓമനക്കും പോയതിന് പിന്നാലെ തൃശ്ശൂര്‍ അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കില്‍ നിന്ന് ഉദ്യോഗസ്ഥര്‍ ജപ്തി നടപടികള്‍ക്കായി വീട്ടിലെത്തുകയായിരുന്നു. സാധനങ്ങളും വസ്ത്രങ്ങളും അടക്കം എടുക്കാനാകാത്ത നിലയില്‍ താഴിട്ടുപൂട്ടുകയും ചെയ്തു. വൈകിട്ട് ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോഴാണ് വീട് ജപ്തി ചെയ്ത കാര്യം ഓമന അറിയുന്നത്. 10 വര്‍ഷം മുന്‍പ് ഓമനയുടെ ഭര്‍ത്താവിന്റെ ചികിത്സക്കായി ഒന്നര ലക്ഷം രൂപ ബാങ്കില്‍ നിന്ന് വായ്പ എടുത്തിരിരുന്നു. പിന്നീട് ഭര്‍ത്താവ് മരിച്ചതോടെ വായ്പാ തിരിച്ചടവ് പ്രതിസന്ധിയായി മാറി.

അതേ സമയം, കോണ്‍ഗ്രസ് നിയന്ത്രണത്തിലുള്ള ബാങ്ക് ഭരണസമിതി, ഔദ്യോഗിക വിശദീകരണത്തിന് ഇതുവരെ തയ്യാറായിട്ടില്ല. സ്ഥലം എം എല്‍ എ സേവ്യര്‍ ചിറ്റിലപ്പിള്ളിയും നാട്ടുകാരും അടക്കമുള്ളവര്‍ ഇന്നലെ രാത്രി മുതല്‍ തന്നെ ഈ കുടുംബത്തിന് നീതി ലഭിക്കുന്നതിനായി രംഗത്തെത്തിയിരുന്നു.

Back to top button
error: