KeralaNEWS

അണികള്‍ അഴിഞ്ഞാടുന്നു, ആഭ്യന്തരമന്ത്രി കസേരയില്‍ ഇരിക്കാന്‍ പിണറായിക്ക് ലജ്ജയില്ലേ? സതീശന്‍

കൊച്ചി: സര്‍ക്കാര്‍ സര്‍വീസിലും പെന്‍ഷന്‍ പ്രായം ഉയര്‍ത്താനുള്ള തീരുമാനത്തിന്റെ തുടക്കമായാണ് പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. തൊഴിലില്ലായ്മ രൂക്ഷമായിരിക്കുമ്പോള്‍, പ്രതിപക്ഷത്തോടോ യുവജനസംഘടനകളോടെ ആലോചിക്കാതെ പെന്‍ഷന്‍ പ്രായം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചത് യുവാക്കളോടുള്ള വഞ്ചനയും ചതിയുമാണെന്നും അദ്ദേഹം പറഞ്ഞു.

പെന്‍ഷന്‍ പ്രായം വര്‍ധനയ്ക്കെതിരെ ശക്തമായ നിലപാടെടുത്തിരുന്ന സി.പി.എമ്മും എല്‍.ഡി.എഫിലെ ഘടകകക്ഷികളും തുടര്‍ഭരണം കിട്ടിയപ്പോള്‍ വഞ്ചനാപരമായ തീരുമാനമാണ് സ്വീകരിച്ചിരിക്കുന്നത്. ഇക്കാര്യത്തില്‍ ഡി.വൈ.എഫ്.ഐ ഉള്‍പ്പെടെയുള്ള സംഘടനകള്‍ക്ക് എന്താണ് പറയാനുള്ളത്? കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് പെന്‍ഷന്‍ പ്രായം 55 ല്‍ നിന്നും 56 ആക്കാന്‍ തീരുമാനിച്ചപ്പോള്‍ അതിനെതിരെ തെരുവില്‍ സമരം നടത്തിയവരാണ് ഇപ്പോള്‍ ഒറ്റയടിക്ക് അറുപതാക്കിയിരിക്കുന്നത്. ചെറുപ്പക്കാരുടെ ഭാവയില്‍ കരിനിഴല്‍ വീഴ്ത്തുന്ന തീരുമാനം എടുക്കാന്‍ പ്രേരിപ്പിച്ചതെന്താണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം. കേരളത്തിലെ ചെറുപ്പക്കാരെ നിരാശരാക്കുന്ന ഈ തീരുമാനത്തെ യു.ഡി.എഫ് ശക്തമായി എതിര്‍ക്കും. യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള യു.ഡി.എഫ് യുവജനസംഘടനകള്‍ സര്‍ക്കാര്‍ തീരുമാനത്തിനെതിരെ സമരരംഗത്തുണ്ടാകുമെന്നും സതീശന്‍ പറഞ്ഞു.

Signature-ad

സി.പി.എം അവരുടെ യുവജന വിദ്യാര്‍ഥി സംഘടനകളിലെ അണികളെ അഴിഞ്ഞാടാന്‍ വിട്ടിരിക്കുകയാണ്. തൃശൂരിലെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി ഒരു പ്രിന്‍സിപ്പലിന്റെ മുട്ടുകാല് തല്ലിയൊടിക്കുമെന്ന് പോലീസിന്റെ സാന്നിധ്യത്തിലാണ് ഭീഷണിപ്പെടുത്തിയത്. എസ്.ഐയുടെയും പൊലീസുകാരന്റെയും മുന്നില്‍ ഭീഷണി മുഴക്കിയ നേതാവിനെതിരെ നടപടിയെടുക്കാന്‍ പോലീസിന് കഴിയില്ലെങ്കില്‍ പിണറായി വിജയന്‍ എന്തിനാണ് ആഭ്യന്തരമന്ത്രി കസേരയില്‍ ഇരിക്കുന്നത്? കോഴിക്കോട് ഡി.വൈ.എഫ്.ഐ നേതാവ് വിമുക്തഭടന്റെ വാരിയെല്ല് ചവിട്ടിയൊടിച്ചു. എറണാകുളത്ത് എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി സെക്യൂരിറ്റി ജീവനക്കാരന്റെ കൈയ്യൊടിച്ചു. ഇപ്പോഴൊരാള്‍ മുട്ട്കാല് തല്ലിയൊടിക്കാന്‍ നടക്കുകയാണ്. ഇവരൊക്കെ എല്ല് സ്‌പെഷലിസ്റ്റുകളാണോ? അധ്യാപകര്‍ക്കും സാധാരണക്കാര്‍ക്കും മേല്‍ പാര്‍ട്ടി അണികള്‍ കുതിര കയറുമ്പോള്‍ നടപടി എടുക്കാതെ ആഭ്യന്ത്രമന്ത്രി സ്ഥാനത്ത് ഇരിക്കാന്‍ പിണറായി വിജയന് ലജ്ജയില്ലേ? സതീശന്‍ ചോദിച്ചു.

 

 

Back to top button
error: