CrimeNEWS

ദോഷമകറ്റാന്‍ സ്ത്രീകളെക്കൊണ്ട് കോഴിച്ചോര കുടിപ്പിച്ചു, ഛര്‍ദ്ദിച്ച് അവശയായ യുവതി ആശുപത്രിയില്‍

കാസര്‍കോട്: പൈവളിഗെ മരിക്കയില്‍ കര്‍ണാടക സ്വദേശിനികളെ കോഴിച്ചോര കുടിപ്പിച്ച സംഭവത്തില്‍ മന്ത്രവാദിക്കെതിരേ മഞ്ചേശ്വരം പോലീസ് അന്വേഷണം തുടങ്ങി. വീട്ടിലെ ദോഷം പരിഹരിക്കാനുള്ള ക്രിയകളെന്ന് വിശ്വസിപ്പിച്ചാണ് പ്രശ്‌നപരിഹാരത്തിനെത്തിയ രണ്ടു സ്ത്രീകളെ ഇയാള്‍ കോഴിച്ചോര കുടിപ്പിച്ചത്. വീട്ടില്‍ മടങ്ങിയെത്തിയ ഇവരില്‍ ഒരാള്‍ ഛര്‍ദ്ദിച്ചതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്. ഇവരുടെ പരാതിപ്രകാരം അന്വേഷണത്തിനെത്തിയ പോലീസിനെ കണ്ടതോടെ വീടിന്റെ മതില്‍ ചാടിക്കടന്ന് മന്ത്രവാദി രക്ഷപ്പെട്ടു.

ഒരാഴ്ച മുമ്പാണ് പൈവളിഗെ കര്‍ണാടക അതിര്‍ത്തി പ്രദേശത്ത് നിന്ന് രണ്ട് സ്ത്രീകള്‍ വീട്ടില്‍ ചില പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞ് മന്ത്രവാദിയുടെ വീട്ടില്‍ എത്തിയത്. പ്രശ്‌നം ഗുരുതരമാണെന്നും ഉടന്‍ പരിഹാരം കണ്ടില്ലെങ്കില്‍ പല ദുരിതങ്ങളും അനുഭവിക്കേണ്ടിവരുമെന്നുമായിരുന്നു മന്ത്രവാദിയുടെ ഉപദേശം. മന്ത്രവാദം മാത്രമാണ് ഏക പോംവഴിയെന്നും ഇയാള്‍ സ്ത്രീകളെ വിശ്വസിപ്പിച്ചു.

Signature-ad

ഇയാളുടെ നിര്‍ദ്ദേശപ്രകാരം വെള്ളിയാഴ്ച്ച രാത്രി മന്ത്രവാദത്തിനുള്ള രണ്ട് കോഴികളുമായി രണ്ടു സ്ത്രീകളും മരിക്കെയില്‍ എത്തി. ഈ കോഴികളുടെ ചോരയാണ് സ്ത്രീകളെ കുടിപ്പിച്ചത്. തൊട്ടടുത്ത ദിവസം ഛര്‍ദ്ദി അനുഭവപ്പെട്ട സ്ത്രീയോട് ബന്ധുക്കള്‍ കാര്യം അന്വേഷിച്ചപ്പോഴാണ് മന്ത്രവാദിയുടെ ചെയ്തികള്‍ പുറംലോകമറിഞ്ഞത്. പിന്നാലെ സ്ത്രീകള്‍ മന്ത്രവാദിക്കെതിരേ മഞ്ചേശ്വരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. മരിക്കയില്‍ മന്ത്രവാദിയും അമ്മയും താമസിക്കുന്ന വീട്ടില്‍ നിന്ന് അര്‍ദ്ധരാത്രിയോടടക്കുമ്പോള്‍ ചില ദിവസങ്ങളില്‍ ആളുകളുടെ നിലവിളികള്‍ കേള്‍ക്കാമെന്ന് നാട്ടുകാരും പറയുന്നു. ചാടിപ്പോയ മന്ത്രവാദിക്കായി പോലീസ് തിരച്ചില്‍ തുടങ്ങിയിട്ടുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: