KeralaNEWS

സ്വര്‍ണക്കടത്ത് കേസ്: ഓരോ സിറ്റിങ്ങിനും കപില്‍ സിബലിന് ഫീസ് 15.5 ലക്ഷം

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസില്‍ സംസ്ഥാനത്തിനുവേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബലിനു ഒരു തവണ കോടതിയില്‍ ഹാജരാകാന്‍ സര്‍ക്കാര്‍ നല്‍കുന്ന ഫീസ് 15.5 ലക്ഷം രൂപ. ഇതു സംബന്ധിച്ച ഉത്തരവ് നിയമ സെക്രട്ടറി പുറത്തിറക്കി. കേസിന്റെ വിചാരണ ബൈംഗളൂരുവിലേക്കു മാറ്റണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി സമര്‍പ്പിച്ച ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിനുവേണ്ടി ഹാജരാകാനാണ് ഫീസ്. ഇ.ഡിയുടെ ഹര്‍ജി നവംബര്‍ മൂന്നിനു സുപ്രീംകോടതി വീണ്ടും പരിഗണിക്കും.

മറുപടി സത്യവാങ്മൂലത്തിന് ഇ.ഡി കൂടുതല്‍ സമയം ചോദിച്ച സാഹചര്യത്തിലാണ് തീരുമാനം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്. നയതന്ത്ര ബാഗേജിലൂടെ സ്വര്‍ണം കടത്തിയ കേസ് ബംഗളൂരുവിലേക്കു മാറ്റണമെന്ന ഇ.ഡിയുടെ ഹര്‍ജിക്കെതിരെ ആഭ്യന്തര വകുപ്പ് അഡി.ചീഫ് സെക്രട്ടറി ഡോ. വി.വേണു ആണ് കോടതിയെ സമീപിച്ചത്. വിചാരണ ബംഗളൂരുവിലേക്കു മാറ്റണമെന്ന് ജൂലൈയിലാണ് ഇ.ഡി ആവശ്യപ്പെട്ടത്. ഇ.ഡി ഫയല്‍ ചെയ്ത ട്രാന്‍സ്ഫര്‍ പെറ്റീഷനില്‍ സരിത്, സന്ദീപ്, സ്വപ്ന എന്നിവരാണ് എതിര്‍ കക്ഷികള്‍.

Signature-ad

സംസ്ഥാന സര്‍ക്കാരിനെതിരേ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചതിനെ തുടര്‍ന്നാണ് കേസില്‍ കക്ഷി ചേരാന്‍ സര്‍ക്കാര്‍ അപേക്ഷ നല്‍കിയത്. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റാന്‍ തക്കതായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടാന്‍ ഇ.ഡിക്കു കഴിഞ്ഞിട്ടില്ലെന്നു പെറ്റീഷനില്‍ സംസ്ഥാനം ചൂണ്ടിക്കാട്ടി. വിചാരണ കേരളത്തിനു പുറത്തേക്കു മാറ്റിയാല്‍ അത് സംസ്ഥാനത്തെ ഭരണ നിര്‍വഹണത്തെ ബാധിക്കും. ജുഡീഷ്യറിയുടെ വിശ്വാസ്യതയെ ബാധിക്കുമെന്നും കേരളം ചൂണ്ടിക്കാട്ടി.

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസ് അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതായി ഇ.ഡി സുപ്രീംകോടതിയില്‍ ഫയല്‍ ചെയ്ത പെറ്റീഷനില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ അംഗീകരിച്ചാല്‍തന്നെ വിചാരണ ബംഗളൂരുവിലേക്കു മാറ്റാന്‍ തക്കതായ കാരണമല്ലെന്നു കേരളം സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പെറ്റീഷനില്‍ വ്യക്തമാക്കി.

 

Back to top button
error: