LocalNEWS

കടുവയെ പിടിക്കാന്‍ കുങ്കി; വയനാട്ടിലിറങ്ങിയ കടുവയെ പിടിക്കാന്‍ ആനകളുമായി വനംവകുപ്പ്

വയനാട്: ചീരാല്‍ പ്രദേശത്ത് ഒരുമാസമായി ഭീതിപടര്‍ത്തുന്ന കടുവയെ പിടികൂടാന്‍ കുങ്കിയാനകളടക്കമുള്ള സര്‍വസന്നാഹങ്ങളുമായി വനംവകുപ്പ്. തിരച്ചിലിനായി മുത്തങ്ങ ആനപ്പന്തിയില്‍നിന്ന് വിക്രം, ഭരത് എന്നീ കുങ്കിയാനകളെ ചൊവ്വാഴ്ച ഉച്ചയോടെ ഈ മേഖലയിലെത്തിച്ചു.

തിങ്കളാഴ്ച രാത്രി മൂന്നു പശുക്കളാണ് കടുവയുടെ ആക്രമണത്തിനിരയായത്. ഇതില്‍ ഒരു പശുവിനെ കൊന്നശേഷം, പാതിഭക്ഷിച്ചനിലയിലാണുള്ളത്. മറ്റു രണ്ടു പശുക്കള്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. പഴൂരിലെ ഫോറസ്റ്റ് സ്റ്റേഷന്‍ ഓഫീസിന് ഏതാനും മീറ്ററുകള്‍മാത്രമകലെയുള്ള തൊഴുത്തില്‍വെച്ചാണ് പശുവിനെ കടുവ കൊന്നുതിന്നത്. ഇതോടെ കടുവയെ പിടികൂടുകയോ തുരത്തുകയോ ചെയ്യണമെന്ന ആദ്യനിലപാട് മാറ്റി, ജനജീവിതത്തിനു ഭീഷണിയായ കടുവയെ വെടിവെച്ചുകൊല്ലണമെന്നാണ് ഇപ്പോള്‍ ജനകീയസമരസമിതിയടക്കമുള്ളവര്‍ ആവശ്യപ്പെടുന്നത്.

Signature-ad

കടുവ ജനവാസമേഖലയിലേക്ക് കടക്കുന്നുണ്ടോയെന്ന് നിരീക്ഷിക്കുന്നതിനായി പാട്ടവയല്‍-പഴൂര്‍ റോഡിന്റെ വിവിധയിടങ്ങളിലായി അഞ്ച് ക്യാമറകള്‍ സ്ഥാപിച്ച് തത്സമയദൃശ്യങ്ങള്‍ പരിശോധിക്കുന്നതിനും ശ്രമം തുടങ്ങിയിട്ടുണ്ട്. ഇതിനുപുറമേ, പറമ്പികുളത്തുനിന്നെത്തിച്ച 30 നിരീക്ഷണക്യാമറകള്‍ വനമേഖലകളില്‍ സ്ഥാപിച്ചിട്ടുണ്ട്.

ജനവാസകേന്ദ്രങ്ങളിലും വനാതിര്‍ത്തികളിലുമായി 28 നിരീക്ഷണക്യാമറകള്‍ നേരത്തേ സ്ഥാപിച്ചിരുന്നതാണ്. കടുവയെ മയക്കുവെടിവെച്ച് പിടികൂടുന്നതിനായി ചൊവ്വാഴ്ച പകല്‍ 20 അംഗ വനപാലകര്‍ നാലുസംഘങ്ങളായി തിരിഞ്ഞ് തിരച്ചില്‍ നടത്തിയിരുന്നെങ്കിലും കടുവയെ കണ്ടെത്താനായില്ല.

 

Back to top button
error: