KeralaNEWS

അധികാര പരിധിക്കപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും ആ പരിപ്പൊന്നും ഇവിടെ വിലപ്പോകില്ലെന്നും മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്, ഗവർണർക്കെതിരെ ഇന്ന് മുതല്‍ ഇടതുമുന്നണിയുടെ സംസ്ഥാന വ്യാപക പ്രതിഷേധം

രാജ്ഭവനും സെക്രട്ടറിയേറ്റും കടന്ന് പ്രതിഷേധങ്ങൾ തെരുവിലേയ്ക്ക്. ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ്റെ ഏക പക്ഷീയവും സ്വഛാധിപത്യപരവുമായ നിലപാടുകക്കെതിരെ പ്രത്യക്ഷ സമരത്തിന് ഇടതുമുന്നണി. ഇന്നും നാളെയും സംസ്ഥാന വ്യാപകമായി പ്രതിഷേധ പ്രകടനങ്ങൾ നടത്താനാണ് ഇടതുമുന്നണിയുടെ തീരുമാനം. ഗവര്‍ണര്‍ക്കെതിരെ ഇനി തെരുവിൽ പ്രതിഷേധം എന്ന നിലപാടിലാണ് ഇടതുമുന്നണി.

സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം ജില്ലയിൽ പ്രതിഷേധ കൂട്ടായ്മ നടത്തും. വൈകിട്ട് അഞ്ച് മണിക്ക് പാളയം രക്തസാക്ഷി മണ്ഡപത്തിന് സമീപം പ്രതിഷേധ പൊതുയോ​​ഗം സംഘടിപ്പിച്ചിട്ടുണ്ട്.

നവംബര്‍ 15ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധം

നവംബര്‍ 15ന് രാജ്ഭവന് മുന്നിൽ മുഖ്യമന്ത്രി നയിക്കുന്ന ജനകീയ പ്രതിഷേധം ഇടതുമുന്നണി നേരത്തെ പ്രഖ്യാപിച്ചിരുന്നു. വൈസ് ചാന്‍സിലര്‍മാര്‍ക്കെതിരെ കര്‍ക്കശ നിലപാട് ഗവര്‍ണര്‍ സ്വീകരിക്കുമ്പോൾ ​ഗവര്‍ണറുടെ ഹിന്ദുത്വ രാഷ്ട്രീയം ഉയര്‍ത്തി പ്രതിരോധിക്കാനാണ് എല്‍ഡിഎഫ് ശ്രമം. സര്‍വകലാശാലകളില്‍ ആര്‍എസ്എസ് അജണ്ട നടപ്പാക്കാനാണ് ഗവര്‍ണറുടെ ശ്രമം എന്ന വാദമാണ് സി.പി.എം ഉയർത്തുന്നത്.

ഇന്നലെ മുഖ്യമന്ത്രി പിണറായി വിജയൻ ഗവർണർക്കെതിരെ ശക്തമായി ആഞ്ഞടിച്ചു.. ഗവർണർ ഗവർണറായി പെരുമാറിക്കൊള്ളണമെന്നും അതിനപ്പുറത്തേക്ക് ഒരിഞ്ച് പോലും കടക്കാമെന്ന് വിചാരിക്കേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ആ പരിപ്പൊന്നും ഇവിടെ വിലപ്പോകില്ലെന്ന് മുഖ്യമന്ത്രി പൊതുവേദിയിൽ വച്ച് തുറന്നടിച്ചു.

അധികാരപരിധിക്ക് അപ്പുറം കടക്കാന്‍ ഗവര്‍ണര്‍ നോക്കേണ്ട. നിയമങ്ങളും ചട്ടങ്ങളും അനുസരിച്ചേ ഗവര്‍ണര്‍ക്കും പ്രവര്‍ത്തിക്കാനാവൂ. ഗവർണർ എന്ന സ്ഥാനത്തിരിക്കുന്നതിന്റെ ഭാഗമായി നിങ്ങൾക്ക് ഭരണഘടന നൽകിയിട്ടുള്ള അധികാരങ്ങളുണ്ട്. സംസ്ഥാന സർക്കാർ എന്താണ് ഉപദേശിക്കുന്നത് അതനുസരിച്ച് കാര്യങ്ങൾ ചെയ്യുക എന്നതാണത്. നിങ്ങൾക്ക് വ്യക്തിപരമായി ഒരു കാര്യവും ചെയ്യാനാവില്ല. അത്തരത്തിൽ ഒന്നുമായി പുറപ്പെടുകയും വേണ്ട. അങ്ങനെ ഒരു പുറപ്പെടലും സമ്മതിക്കുന്ന നാടല്ല കേരളം എന്ന് മനസ്സിലാക്കിക്കൊള്ളണമെന്നും മുഖ്യമന്ത്രി ഗവർണർക്ക് താക്കീത് നൽകി.

Back to top button
error: