KeralaNEWS

ചന്ദനമോഷ്ടാവ് ‘ഡബിൾ മോഹൻ’ മറയൂരിൽ, ‘വിലായത്ത് ബുദ്ധ’യിൽ പൃഥ്വിരാജ് ജോയിൻ്റ് ചെയ്തു

ജയൻ നമ്പ്യാർ സംവിധാനം ചെയ്യുന്ന ‘വിലായത്ത് ബുദ്ധ’യിൽ ഡബിൾ മോഹൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പൃഥ്വിരാജ് ജോയിൻ്റ് ചെയ്തു. ഒക്ടോബർ 19ന് മറയൂരിൽ ചിത്രീകരണമാരംഭിച്ചുവെങ്കിലും ഇരുപത്തിരണ്ടാം തീയതിയാണ് പൃഥ്വിരാജ് അഭിനയിച്ചു തുടങ്ങിയത്.

പൃഥ്വിരാജ്- നയൻതാരാ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന അൽഫോൻസ് പുത്രൻ സംവിധാനം ചെയ്യുന്ന ‘റോൾഡ്’ എന്ന ചിത്രത്തിൻ്റെ രണ്ടു ദിവസത്തെ ചിത്രീകരണം ദുബായിൽ പൂർത്തിയാക്കിയാണ് പൃഥ്വിരാജ് മറയൂരിൽ എത്തി അഭിനയിച്ചു തുടങ്ങിയത്.
ചന്ദന മരങ്ങളുടെ വിളനിലമായ മറയുരിലെ മലമുകളിൽ ചന്ദനമോഷ്ടാവ് ഡബിൾ മോഹൻ എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്.
വളരെ പഴക്കമുള്ള ഒരു ജീപ്പിൽ തലയെടുപ്പോടെ തീഷ്ണമായ ലഷ്യവുമായി ഇരിക്കുന്ന ഡബിൾ മോഹൻ്റെ ഒരു ഫോട്ടോ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരിക്കുന്നു.
കഥാപാത്രത്തിൻ്റെ ഏകദേശ സ്വഭാവം തന്നെ വ്യക്തമാക്കുന്നതാണ് ഈ ഫോട്ടോ.
മറയൂർ ചന്ദനക്കാടുകളെ ഇനി സംഘർഷങ്ങളുടെ മുൾമുനയിൽ നിർത്തിക്കൊണ്ടുള്ള ചിത്രീകരണമാണ് ഇവിടെ അരങ്ങേറുന്നത്.
മറയൂരിലെ മലമടക്കുകൾക്കിടയിൽ ലക്ഷണമൊത്ത ചന്ദന മരത്തെച്ചൊല്ലി ഗുരുവായ ഭാസ്ക്കരൻ മാഷും ശിഷ്യനായ ഡബിൾ മോഹനും തമ്മിൽ നടത്തുന്ന യുദ്ധം അരങ്ങു തകർക്കുമ്പോൾ അത് കാത്തു വച്ച പ്രതികാരത്തിൻ്റെ ഭാഗം കൂടിയാകുകയാണ്.
രതിയും, പ്രണയവും, പകയുമൊക്കെ കൂടിച്ചേർന്ന അന്തരീക്ഷത്തിലൂടെയാണ് കഥവികസിക്കുന്നത്.
കോട്ടയം രമേഷാണ് ഭാസ്ക്കരൻ മാഷിനെ ഭദ്രമാക്കുന്നത്.
‘അയ്യപ്പനും കോശിയി’ലെ ഡ്രൈവർ കുമാരനെ അവിസ്മരണീയമാക്കിയ കോട്ടയം രമേഷിൻ്റെ അഭിനയ ജീവിതത്തിലെ അതിശക്തമായ കഥാപാത്രമായിരിക്കും ഇത്.
മനോഹരമായ ദൃശ്യവിസ്മയങ്ങളോടെ ഒരുക്കുന്ന ഈ ചിത്രം ഉർവ്വശി തീയേറ്റേഴ്സിൻ്റെ ബാനറിൽ സന്ദീപ് സേനനാണ് നിർമ്മിക്കുന്നത്.
പ്രിയംവദാകൃഷ്ണനാണ് നായിക.
വിനു മോഹൻ, ഷമ്മി തിലകൻ, തമിഴ് നടൻ ടി.ജെ. അരുണാചലം,രാജശ്രീ നായർ എന്നിവരും നിരവധി പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നു.
ജി.ആർ ഇന്ദുഗോപൻ്റെ കഥക്ക് ഇന്ദുഗോപനും രാജേഷ് പിന്നാടനും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്.

അരവിന്ദ് കശ്യപ് ഛായാഗ്രഹണവും ശ്രീജിത്ത് ശ്രീരംഗ് എഡിറ്റിംഗും നിർവ്വഹിക്കുന്നു.
ജെയ്ക്ക് ബിജോയ്സിൻ്റേതാണ് സംഗീതം.
ഉർവ്വശി പിക്ച്ചേർസ് ഈ ചിത്രം പ്രദർശനത്തിനെത്തിക്കുന്നു.

വാർത്ത- വാഴൂർ ജോസ്.
ഫോട്ടോ- സിനറ്റ് സേവ്യർ.

സൗദി വെള്ളക്കാ’യ്ക്ക് പനോരമ എൻട്രി.

സന്ദീപ് സേനൻ നിർമ്മിച്ച് തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്കാ’ എന്ന ചിത്രത്തിന് ഇന്ത്യൻ പനോരമ എൻട്രി ലഭിച്ച വാർത്ത എത്തിയത് ‘വിലായത്ത് ബുദ്ധ’യുടെ ലൊക്കേഷനിൽ ഏറെ സന്തോഷകരമായി. സെറ്റിലുണ്ടായിരുന്ന സന്ദീപ് സേനനെ പൃഥ്വിരാജ് അടക്കമുള അഭിനേതാക്കളും അണിയറ പ്രവർത്തകരും ആശംസകൾ അർപ്പിച്ച് സന്തോഷം പങ്കിട്ടു.

Back to top button
error: