LocalNEWS

ശ്രീകുമാർ അറയ്ക്കലിൻ്റെ ‘ലൗ ജിഹാദും’ പിന്നെ കൂഴാവാലിയും

ജയൻ മൺറോ

അഷ്ടമുടിക്കായലിൽ മാത്രം കിട്ടുന്ന ഒരു അമൂല്യ മത്സ്യവിഭവമായിരുന്നു കൂഴാവാലി. കൊഴുത്തുരുണ്ട ചെറിയ മീൻ…!  ഈ കൂഴാവാലി കായലിലെ ധാതുലവണങ്ങൾ ഭക്ഷിക്കുന്നത് കൊണ്ടാകാം രുചിയ്ക്കുമപ്പുറം നല്ല പോഷക സമൃദ്ധവുമായ മീൻകറിക്ക് യോജിച്ചതുമാണ്. ഞങ്ങളുടെ കുട്ടിക്കാലത്ത് അമ്മ ഈ കൂഴാവാലി മുളകരച്ച് വച്ച സ്വാദ് ഇപ്പോഴും നാവിൻ തുമ്പിൽ നിന്ന് മാഞ്ഞു പോയിട്ടില്ല. കറി തീർന്ന് കഴിഞ്ഞാൽ ചട്ടിയിൽ ചോറിട്ട് ഒരു പിടിയങ്ങ് പിടിച്ചാൽ ശരിക്കും അതൊരു രുചിയമൃദേത്ത് തന്നെയാണ്. ഇന്നിപ്പോൾ കൂഴാവാലി ഒരു കിട്ടാക്കനിയായി.

സ്വന്തം തൂലിക കൊണ്ട് ജീവിതം ശാന്തമായി മുന്നോട്ട് നയിക്കുന്ന കൊല്ലം ചവറയിലെ പ്രിയപ്പെട്ട ശ്രീകുമാർ അറയ്ക്കൽ കോവിഡ് കാലം അതിജീവിക്കാൻ ഫ്രഷ് കായൽ, കടൽ മീനുകൾ വാങ്ങി വീടുകളിൽ എത്തിക്കുന്ന ‘പെർഫെക്ട് ഓക്കേ കരിമീൻസ്’ എന്നൊരു സംരംഭം തുടങ്ങി (Mob. 98473 81888). അതിങ്ങനെ വിജയകരമായി തുടങ്ങുമ്പോഴും ‘അളിയൻസി’ന് വേണ്ടി ഇരുന്നൂറിൽപ്പരം എപ്പിസോഡുകൾ എഴുതിയ ശ്രീകുമാറിന് ഈ കോവിഡ്കാലത്ത് തന്നെ സിനിമാരംഗത്തേക്കുള്ള വാതിലും തുറന്ന് കിട്ടി. സുരാജ് വെഞ്ഞാറമൂട്, സിദ്ദിഖ്, ലെന എന്നിവർ മുഖ്യവേഷത്തിൽ വരുന്ന, അടുത്ത മാസം തിയേറ്ററുകളിൽ എത്തുന്ന പൂർണ്ണമായും ദുബായിൽ വച്ച് ചിത്രീകരിച്ച ‘ലൗ ജിഹാദ്’ സിനിമയുടെ തിരക്കഥാരചനയിലൂടെ മലയാള സിനിമയിൽ ഹരിശ്രീ കുറിക്കുകയാണ് ശ്രീകുമാർ. കൈരളി ടിവിയിലെ പ്രോഗ്രാം ഹെഡ് ആയിരുന്ന പി.ഒ മോഹൻ ചേട്ടൻ ആയിരുന്നു ദൃശ്യമാധ്യമ രംഗത്തേക്ക് ശ്രീകുമാർ അറയ്ക്കലിന് വഴികാട്ടിയായത്.

വർഷങ്ങൾക്ക് ശേഷം ഇന്ന് വീണ്ടും കൂഴാവാലി കഴിയ്ക്കാനുള്ള ഒരു അപൂർവ്വ അവസരം ശ്രീകുമാറിലൂടെ കൈവന്നു.
കഴിഞ്ഞ ദിവസം ശ്രീകുമാറിന്റെ ഫെയ്സ് ബുക്ക് പോസ്റ്റിൽ കൂഴാവാലിയുടെ ഒരു ലൈവ് ചിത്രം കണ്ടു. എന്റെ ആവശ്യപ്രകാരം ശ്രീകുമാർ കൂഴാവാലി കുണ്ടറയുള്ള ചേച്ചിയുടെ വീട്ടിൽ എത്തിച്ചു തന്നു. ഏറെ നാളുകൾക്ക് ശേഷം നേരിൽ കണ്ട ശ്രീകുമാർ നിമിഷനേരം കൊണ്ട് കൊണ്ട് ഒത്തിരി വിശേഷങ്ങൾ രസകരമായി പങ്ക് വച്ചു.
‘ലൗ ജിഹാദ് ഒരു വൻ വിജയമാകട്ടെ എന്ന് ആത്മാർത്ഥമായുള്ള പ്രാർത്ഥന മാത്രമാണ് ഈയവസരത്തിൽ…

ഇന്ന് ശ്രീകുമാർ പറഞ്ഞ ഒരു വാചകം ആവർത്തിക്കട്ടെ: ‘കഷ്ടപ്പെട്ട കാശിന് ഇഷ്ടപ്പെട്ടത് വാങ്ങി കഴിക്കൂ.’

Back to top button
error: