തിരുവനന്തപുരം: ഒന്‍പത് വിസിമാര്‍ രാജിവയ്ക്കണമെന്ന ഗവര്‍ണറുടെ ആവശ്യത്തോട് പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ഗവര്‍ണറെ ഉപയോഗിച്ച് ആര്‍എസ്എസിന്‍റെ പിന്‍വാതില്‍ നീക്കമാണ് നടക്കുന്നതെന്ന് എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി. ആര്‍എസ്എസ് അജണ്ട ജനം പ്രതിരോധിക്കും. വിദ്യാഭ്യാസ സമ്പ്രദായത്തെ തകര്‍ക്കാനുള്ള നീക്കമാണിതെന്നും വിട്ടുകൊടുക്കുന്ന പ്രശ്നമില്ലെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു.
ഒന്‍പത് സര്‍വ്വകലാശാലകളിലെ വിസിമാരോട് നാളെതന്നെ രാജി സമര്‍പ്പിക്കാനാണ് ഗവര്‍ണര്‍ നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. യുജിസി ചട്ടം പാലിക്കാത്തതിന്‍റെ പേരില്‍ സാങ്കേതിക സര്‍വ്വകലാശാല വിസി നിയമനം റദ്ദാക്കിയ സുപ്രീംകോടതി ഉത്തരവിന്‍റെ അടിസ്ഥാനത്തിലാണ് ഗവര്‍ണറുടെ അസാധാരണ നടപടി. കേരള സര്‍വ്വകലാശാല, എംജി സര്‍വ്വകലാശാല, കൊച്ചി സര്‍വ്വകലാശാല, ഫിഷറീസ് സര്‍വ്വകലാശാല, കണ്ണൂര്‍ സര്‍വ്വകലാശാല, സാങ്കേതിക സര്‍വ്വകലാശാല, ശ്രീശങ്കരാചാര്യ സംസ്‍കൃത സര്‍വ്വകലാശാല, കാലിക്കറ്റ് സര്‍വ്വകലാശാല, മലയാളം സര്‍വ്വകലാശാല എന്നിവടങ്ങളിലെ വിസിമാരോടാണ് രാജി ആവശ്യപ്പെട്ടിരിക്കുന്നത്.
നാളെ 11.30 ന് രാജിക്കത്തു രാജ്ഭവനിൽ എത്തിക്കാനാണ് നിര്‍ദേശം. യുജിസി മാനദണ്ഡം ലംഘിച്ചുള്ള നിയമനം എന്ന നിലക്കാണ് നടപടി എന്ന് രാജ്ഭവൻ വ്യക്തമാക്കിയിരിക്കുന്നത്. അഞ്ച് വിസിമാർ ഒറ്റപേരിലുള്ള ശുപാര്‍ശയില്‍ നിയമിച്ചവരാണ്. നാല് പേരുടെ നിയമനത്തിനുള്ള സെർച്ച് കമ്മിറ്റിയിൽ അക്കാദമിക് വിദഗ്ധർ ഇല്ലെന്നും രാജ്ഭവന്‍ വിശദീകരിച്ചു.