ആയിരത്തിലേറെ വോട്ടുകള്‍ നേടിയതോടെ തരൂര്‍ എഐസിസി പ്രവര്‍ത്തകസമിതിയില്‍ ഉള്‍പെടാനുള്ള സാധ്യതയുണ്ട്. കേരളത്തില്‍ എല്ലാ ഗ്രൂപ്പും ഒന്നിച്ചുനിന്നിട്ടും പകുതിയിലേറെ വോട്ട് തരൂര്‍ നേടിയത് നേതാക്കളെ പരിഭ്രാന്തിയിലാക്കിയിട്ടുണ്ട്. അത് തടയാനാണ് നീക്കം. തരൂര്‍ വ്യാഴാഴ്ച സോണിയയെ സന്ദര്‍ശിച്ചതിനു പിന്നാലെ അദ്ദേഹത്തിന് അര്‍ഹമായ സ്ഥാനം നല്‍കുമെന്ന് അഭിപ്രായപ്പെട്ടുവെന്ന വിവരവും പുറത്തുവന്നു. ഫലം പുറത്തുവന്നതുമുതല്‍ തരൂരിനെതിരെ തുടങ്ങിയ യുദ്ധത്തിന് ഇതോടെ ശക്തികൂടി.
കെ മുരളീധരനെകൊണ്ടാണ് കേരളത്തില്‍ ആദ്യവെടി പൊട്ടിച്ചത്. പിന്നാലെ തെരഞ്ഞെടുപ്പ് അതോറിറ്റി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി ഡല്‍ഹിയിലും രംഗത്തുവന്നു. തരൂര്‍ കള്ളംപറയുന്ന ആളാണെന്നു സ്ഥാപിക്കാനാണ് മിസ്ത്രി ശ്രമിച്ചത്. അസാധാരണമായ മറുപടിക്കു പിന്നില്‍ ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ ആണെന്ന് തരൂര്‍ പക്ഷക്കാര്‍ സംശയിക്കുന്നു.
അധ്യക്ഷസ്ഥാനത്തേക്ക് മത്സരിച്ചതുകൊണ്ട് തരൂരിന് ഏതെങ്കിലും ഭാരവാഹി സ്ഥാനത്തേക്ക് സംവരണമുണ്ടാകില്ലെന്ന് മുരളീധരന്‍ പറഞ്ഞത് കരുതിക്കൂട്ടിയാണ്. രാഹുല്‍ഗാന്ധി മത്സരിച്ചിരുന്നെങ്കില്‍ തരൂരിന് നൂറ് വോട്ടുപോലും കിട്ടില്ലെന്ന താരതമ്യവും തരൂരിനെ ചെറുതാക്കാനാണ്.
ആയിരം വോട്ട് പിടിച്ചത് വലിയ സംഭവം അല്ലെന്നും തരൂര്‍ മത്സരിക്കാന്‍ പാടില്ലായിരുന്നെന്നും കഴിഞ്ഞ ദിവസം കൊടിക്കുന്നില്‍ സുരേഷ് പറഞ്ഞിരുന്നു. ക്രമക്കേട് നടന്നെന്ന് തെളിയിക്കാന്‍ രാജ്മോഹന്‍ ഉണ്ണിത്താന്‍ തരൂരിനെ വെല്ലുവിളിച്ചു. ഇവരാരും സ്വമേധയാ പറയുന്നതല്ലെന്നാണ് തരൂര്‍ പക്ഷക്കാരുടെ വാദം.
എ ഗ്രൂപ്പുകാര്‍ക്കു മാത്രമാണ് തരൂരിനോട് ചെറിയൊരു അനുഭാവമുള്ളത്. ഉമ്മന്‍ചാണ്ടി തരൂരിനെ സ്വീകരിച്ചതും വീണ്ടും തിരുവനന്തപുരത്ത് മത്സരിപ്പിക്കുമെന്ന് എ കെ ആന്റണി സൂചന നല്‍കിയതും യാദൃച്ഛികമല്ല. ഈ അനുകൂല നീക്കങ്ങള്‍ തടയലാണ് മറ്റുള്ളവരുടെ ലക്ഷ്യം.