ന്യൂഡൽഹി : കേരളത്തിലെ വിജയസാധ്യതയുള്ള സീറ്റുകളില്‍ സ്ഥാനാര്‍ഥിത്വം ലക്ഷ്യമിട്ട് ആരും മനഃപായസം ഉണ്ണേണ്ടെന്നും കാര്യങ്ങള്‍ തങ്ങള്‍ തീരുമാനിച്ചോളാമെന്നും ബി.ജെ.പി ദേശീയ നേതൃത്വം.
മുന്‍കാലങ്ങളില്‍നിന്ന് വ്യത്യസ്തമായി അടുത്ത ലോക്സഭ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് വിജയസാധ്യതയുണ്ടെന്ന് കണക്കാക്കുന്ന ആറു മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളാകാനാണ് ചരടുവലി തുടങ്ങിയത്. ചില മണ്ഡലങ്ങളില്‍ സ്ഥിരമായി ചിലര്‍ സ്ഥാനാര്‍ഥിയാകുന്നത് ഇനി നടക്കില്ലെന്ന മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്.
സംസ്ഥാന നേതൃത്വംപോലും അറിയാതെ സുരേഷ് ഗോപി ബി.ജെ.പി സംസ്ഥാന കോര്‍ കമ്മിറ്റിയിലെത്തിയത് അതിന്‍റെ ഭാഗമാണ്. സംസ്ഥാന ബി.ജെ.പിക്കുള്ളില്‍ ഈ വിഷയത്തില്‍ അതൃപ്തിയുണ്ട്.
ബി.ജെ.പിക്ക് വിജയപ്രതീക്ഷയുള്ള തിരുവനന്തപുരം, തൃശൂര്‍, പാലക്കാട് ലോക്സഭ മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളുടെ കാര്യം ദേശീയ നേതൃത്വം നേരിട്ട് തീരുമാനിക്കും. തിരുവനന്തപുരം മണ്ഡലം പ്രതീക്ഷിച്ചിരുന്ന മുതിര്‍ന്ന നേതാവിന്‍റെ ഓഫിസ് ഇക്കാര്യം ചൂണ്ടിക്കാട്ടി പൂട്ടിച്ചതായാണ് വിവരം. തെരഞ്ഞെടുപ്പിനു മുമ്ബ് സംസ്ഥാന നേതൃത്വത്തില്‍ ചിലരെ പുതുതായി ഉള്‍ക്കൊള്ളിക്കാനും കോര്‍കമ്മിറ്റിയിലെ അംഗങ്ങളുടെ എണ്ണം കുറക്കാനും നീക്കമുണ്ട്.
ലോക്സഭ തെരഞ്ഞെടുപ്പില്‍ തുടര്‍ഭരണം പ്രതീക്ഷിക്കുന്ന ബി.ജെ.പി ദക്ഷിണേന്ത്യയില്‍ വേരോട്ടം ശക്തമാക്കാനുള്ള ശ്രമത്തിലാണ്. സംസ്ഥാനത്ത് വിമതനീക്കങ്ങള്‍ അംഗീകരിക്കില്ലെന്ന കടുത്ത നിലപാടിലാണ് ദേശീയ നേതൃത്വം. നേതൃതലത്തില്‍ വരുത്തേണ്ട മാറ്റങ്ങള്‍ സംബന്ധിച്ച് ദേശീയ അധ്യക്ഷന്‍ ജെ.പി. നഡ്ഡ വിശദാംശങ്ങള്‍ ശേഖരിച്ചിട്ടുണ്ട്.