CrimeNEWS

പൊലീസ് ജീപ്പ് കാറിലിടിച്ചത് ചോദ്യം ചെയ്തു; ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി സഹോദരങ്ങളെ പൊലീസ് മര്‍ദ്ദിച്ചതായി പരാതി

പാലക്കാട്: വാളയാറിൽ ഹൃദ്രോഗിയായ അമ്മയെ ആശുപത്രിയിൽ കൊണ്ടുപോകും വഴി മക്കളെ പൊലീസ് മർദ്ദിച്ചതായി പരാതി. പൊലീസ് ജീപ്പ് ഇവരുടെ കാറിൽ ഇടിച്ചത് ചോദ്യം ചെയ്തതാണ് പ്രകോപന കാരണമെന്ന് ഉപ്പുകുഴി സ്വദേശികളായ സഹോദരങ്ങൾ വ്യക്തമാക്കി. എന്നാൽ ആരോപണം വാളയാർ പൊലീസ് നിഷേധിച്ചു. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം.

ഹൃദ്രോഗിയായ അമ്മയുടെ ആരോഗ്യനില മോശമായതോടെ പാലക്കാട് ജില്ല ആശുപത്രിയിലേക്ക് കൊണ്ടു പോവുകയായിരുന്നു സഹോദരങ്ങളായ ഹൃദയ സ്വാമിയും ജോൺ ആൽബർട്ടും. ഇടയ്ക്ക് വെച്ച് കാർ നിർത്തിയപ്പോൾ അതുവഴി എത്തിയ വാളയാർ പൊലീസ് വിവരമന്വേഷിച്ചു. ശേഷം പൊലീസ് ജീപ്പ് മുന്നോട്ടെടുത്തപ്പോൾ കാറിൽ ഇടിച്ചു. ഇതു ചോദ്യം ചെയ്ത ഹൃദയസ്വാമിയെ അസഭ്യം പറയുകയും മർദ്ദിക്കുകയുമായിരുന്നെനാണ് പരാതി.

Signature-ad

കാറിൽനിന്ന് ഇറങ്ങി തടയാൻ ശ്രമിച്ച ജോൺ ആൽബർട്ടിനെയും ഉദ്യോഗസ്ഥര്‍ മർദ്ദിച്ചതായി പരാതിയുണ്ട്. മൊബൈൽ ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ പൊലീസ് ബലം പ്രയോഗിച്ച് ഡിലീറ്റ് ചെയ്തെന്നും ഇവർ പറയുന്നു. പരുക്ക് വകവെക്കാതെ പിന്നീട് ഇരുവരും അമ്മയെ ആശുപത്രിയിലേക്ക് കൊണ്ടുപോയി. തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. സംഭവത്തെ കുറിച്ച് പാലക്കാട് എസ്.പിയ്ക്ക് പരാതി നൽകിയിട്ടുണ്ട്. എന്നാൽ സഹോദരങ്ങളുടെ കാർ പൊലീസ് ജീപ്പിലാണ് ഇടിച്ചതെന്നാണ് പൊലീസിൻ്റെ വിശദീകരണം.

Back to top button
error: